കൽപറ്റ: തിരുവോണത്തെ വരവേൽക്കാൻ അത്തത്തിന് തുടക്കം. ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതലാണ് ഓണാഘോഷം. തിരുവോണം നാളിൽ വളരെ പ്രാധാന്യത്തോടെ ആഘോഷിക്കുകയും ചതയം നാൾ വരെ നീണ്ടു നിൽക്കുകയും ചെയ്യും. പൂവിളികളുമായി ഓരോ വീടിനും മുന്നിൽ ഇനി പത്തുനാൾ അത്തപ്പൂക്കളമൊരുക്കും. നാട്ടിൻപുറങ്ങളിലടക്കം നാടൻ പൂക്കൾ കുറഞ്ഞതോടെ കടകളിൽനിന്ന് വാങ്ങിയാണ് ഭൂരിഭാഗം ആളുകളും പൂക്കളമൊരുക്കുന്നത്.
ചെണ്ടുമല്ലി, വാടാർമല്ലി, വിവിധ നിറങ്ങളിലുള്ള ജമന്തി എന്നിവയാണ് വിൽപനക്കായി എത്തിയിരിക്കുന്നത്. ഗുണ്ടൽപേട്ടിൽനിന്നാണ് വയനാട്ടിൽ കൂടുതലും പൂക്കൾ എത്തുന്നത്. ജില്ലയിൽ തന്നെ പല ഭാഗത്തും ഓണത്തിനുവേണ്ടി ചെണ്ടുമല്ലി കൃഷി ചെയ്തിട്ടുണ്ട്. പല തരത്തിലുള്ള ഇലകൾ ശേഖരിച്ച് ചെറുതായി അരിഞ്ഞിട്ടും അല്ലാതെയും ഉപയോഗിക്കും.
ജില്ലയിൽ പൊതുവെ തുളസിയടക്കമുള്ള ഇലകളുടെ വിൽപന കുറവാണ്. എന്നാൽ, ടൗൺ ഏരിയകളിൽ ഇതും വിൽപനക്കെത്തുന്നുണ്ട്. സ്കൂളുകൾ, കോളജ്, ക്ലബുകൾ, കുടുംബശ്രീ അയൽക്കൂട്ടങ്ങൾ, സ്വകാര്യ-സർക്കാർ ഓഫിസുകൾ, വിവിധ സംഘടനകൾ എല്ലായിടത്തും ഓണാഘോഷ പരിപാടികളും ഓണപ്പൂക്കള മത്സരവും സദ്യയുമടക്കം വിവിധ പരിപാടികൾ ഒരുക്കാനുള്ള തിരക്കിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.