കൽപറ്റ: വേനൽ മഴയിൽ കുറവുണ്ടായതോടെ ജില്ലയിൽ ചൂട് അസഹനീയമായിത്തുടങ്ങി. തിങ്കളാഴ്ച 33. 2 ഡിഗ്രി സെൽഷ്യസ് ചൂടാണ് ജില്ലയിൽ രേഖപ്പെടുത്തിയത്.
മറ്റ് ജില്ലകളെ അപേക്ഷിച്ച് അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ അളവ് വയനാട്ടിൽ കൂടുതലായതിനാൽ ചൂടിന്റെ കാഠിന്യം വർധിക്കുന്നത് മൂലം 38 ഡിഗ്രി സെൽഷ്യസ് വരെ ചൂട് അനുഭവപ്പെടുന്നുണ്ട്. രാത്രിസമയങ്ങളിൽ പോലും അസഹനീയമായ ചൂടാണ് അനുഭവപ്പെടുന്നത്.
വേനൽ മഴ ചൂട് കുറയാൻ കാരണമാകും. എന്നാൽ, മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ചുരുക്കം ഇടങ്ങളിൽ മാത്രമാണ് മഴ പെയ്തത്. ഇനിയുള്ള ഒരാഴ്ച കാര്യമായ മഴ ലഭിക്കില്ലെന്നാണ് കാലാവസ്ഥ മുന്നറിയിപ്പുള്ളത്. ഇതു കാരണം താപനില ഉയരാനാണ് സാധ്യത.
ജലസ്രോതസ്സുകളും കൃഷിയിടങ്ങളും വരണ്ടുണങ്ങിയതോടെ ജില്ലയിൽ ശുദ്ധജലക്ഷാമവും രൂക്ഷമാണ്. മാർച്ചിൽ പുഴകളിലും തോടുകളിലും നീരൊഴുക്ക് കുറഞ്ഞിരുന്നു. കാർഷികാവശ്യത്തിനുള്ള വെള്ളവും ലഭ്യമല്ല. പുൽപള്ളി, മുള്ളൻ കൊല്ലി പഞ്ചായത്തുകളിലെ കാർഷിക വിളകളെയാണ് ഇത് കൂടുതലായി ബാധിച്ചത്. ഇവിടത്തെ ജലക്ഷാമം പരിഹരിക്കുന്നതിന് കഴിഞ്ഞ ദിവസം കാരാപ്പുഴ ഡാമിൽ നിന്ന് കബനി നദിയിലേക്ക് വെള്ളം ഒഴുക്കി എത്തിക്കുകയായിരുന്നു.
മൂന്ന് ദിവസത്തിലേറെ എടുത്ത് 60 കിലോമീറ്റർ പിന്നിട്ടാണ് കാരാപ്പുഴ ഡാമിൽ നിന്ന് കബനിയിലേക്ക് വെള്ളമെത്തിച്ചത്. ജില്ലയെ വരൾച്ച ബാധിത പ്രദേശമായി പ്രഖ്യാപിക്കണമെന്ന് കൃഷി വകുപ്പ് അടക്കം റിപോർട്ട് നൽകിയിട്ടും തുടർനടപടികളുണ്ടായില്ല. ആയിരക്കണക്കിന് വാഴകൾ മാത്രം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ കരിഞ്ഞുണങ്ങിയിട്ടുണ്ട്.
കഴിഞ്ഞ ആഴ്ച ജില്ലയിൽ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെട്ടത് 28 നാണ്. 32.4 ഡിഗ്രി സെൽഷ്യസ് ആണ് അന്നത്തെ ദിവസം രേഖപ്പെടുത്തിയത്. 25ന് 30. 6 ഡിഗ്രി സെൽഷ്യസ് ആണ് രേഖപ്പെടുത്തിയത്. ശക്തമായ വേനൽ മഴ അടുത്ത ദിവസങ്ങളിൽ ലഭിച്ചില്ലെങ്കിൽ കനത്ത ചൂടിനെ എങ്ങനെ മറികടക്കുമെന്ന ആശങ്കയിലാണ് വയനാട്ടുകാർ.
പുൽപള്ളി: ഉഷ്ണതരംഗം പുൽപള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിൽ കാർഷികമേഖലയിൽ പ്രതിസന്ധി രൂക്ഷമാകുന്നു. വേനൽചൂട് അനുദിനം വർധിക്കുമ്പോൾ കാർഷിക വിളകൾ നശിക്കുകയാണ്. ജനുവരി ആദ്യം മുതൽ തന്നെ ജലക്ഷാമം അനുഭവപ്പെട്ടു തുടങ്ങി.
ഫെബ്രുവരിയിൽ മിക്കവാറും കിണറുകളും വറ്റി. കബനി നദി ഉൾപ്പെടെ വറ്റിവരണ്ടു. രണ്ടാഴ്ച മുമ്പ് കബനിയിൽ നിന്ന് പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിലേക്കുള്ള ജലവിതരണവും നിലച്ചിരുന്നു. ഇതേതുടർന്നാണ് കാരാപ്പുഴ അണക്കെട്ടിലെ വെള്ളം കബനിയിലേക്ക് തുറന്നുവിട്ടത്. തുടർന്ന് ഏതാനും ദിവസം മഴ ലഭിച്ചു. എന്നാൽ വീണ്ടും വരൾച്ചയുടെ തീവ്രത അനുഭവപ്പെടുകയാണ്.
മഴ ലഭിച്ചില്ലെങ്കിൽ കാർഷികമേഖലയിൽ വൻതിരിച്ചടികളുണ്ടാകും. പാടശേഖരങ്ങൾ മിക്കതും വിണ്ടുകീറിയിരിക്കുകയാണ്. ജലേസ്രാതസ്സുകളിൽ നല്ലൊരു പങ്കിലും വെള്ളമില്ലാത്തതിനാൽ പണം കൊടുത്താണ് മിക്കവരും വെള്ളം ഉപയോഗിക്കുന്നത്.
പകൽ പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയിലാണ് ചൂട്. മുൻ വർഷങ്ങളിലെല്ലാം വിഷുവിന് ശേഷം വേനൽ മഴ ലഭിച്ചിരുന്നു. ഇത്തവണ അതുണ്ടായിട്ടില്ല. ജില്ലയിൽ ഏറ്റവും കുറവ് മഴ ലഭിക്കുന്ന പ്രദേശമായി മാറിയിരിക്കുകയാണ് പുൽപള്ളി മേഖല. ഇത്തവണ ഫെബ്രുവരി മുതൽ ഏപ്രിൽ അവസാനം വരെ കവുങ്ങ്, കാപ്പി, കുരുമുളക് തുടങ്ങിയ കൃഷികൾ വൻതോതിൽ കരിഞ്ഞുണങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.