കൽപറ്റ: പ്ലസ് വൺ ഏക ജാലക അപേക്ഷ സമർപ്പിക്കേണ്ട അവസാന ദിവസവും കഴിഞ്ഞപ്പോൾ ജില്ലയിൽ അപേക്ഷിച്ചത് 12,025 വിദ്യാർഥികൾ. ഇതിൽ 10,889 പേർ എസ്.എസ്.എൽ.സിയും 449 പേർ സി.ബി.എസ്.ഇയും 73 പേർ ഐ.സി.എസ്.ഇയും വിജയിച്ചവരാണ്. മറ്റു സ്കീമുകളിലെ പരീക്ഷ പാസായ 614 പേർ അപേക്ഷിച്ചിട്ടുണ്ട്. മറ്റു ജില്ലകളിൽ നിന്ന് 136 പേരും സ്പോർട്സ് ക്വാട്ടയിൽ 123 പേരും അപേക്ഷിച്ചു.
ആനുപാതിക വർധനയുള്ള സീറ്റുകളടക്കം കൂട്ടിയിട്ടും ജില്ലയിൽ 10,210 പ്ലസ് വൺ സീറ്റുകൾ മാത്രമാണ് ഉള്ളത്. ജില്ലയിൽ എസ്.എസ്.എൽ.സി വിജയിച്ചവരുടെ എണ്ണം 11,600 ആണ്. ഉപരിപഠനത്തിന് അർഹത നേടിയവരുടെയും അനുവദിച്ച സീറ്റുകളുടെ എണ്ണത്തിലും വലിയ വ്യത്യാസമുണ്ട്.
ഇതിനു പുറമെ മറ്റു സ്കീമുകളിലെ അപേക്ഷകരും കൂടി വരുമ്പോൾ സീറ്റ് ലഭിക്കാതെ നിരവധി കുട്ടികൾ പുറത്തു നിൽക്കേണ്ടി വരും. ജില്ലയിൽ പുതിയ പ്ലസ് വൺ ബാച്ചുകൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ പ്രതിഷേധ സമരങ്ങൾ സംഘടിപ്പിച്ചിരുന്നു. ജില്ലയിൽ കൂടുതൽ ഹ്യുമാനിറ്റീസ്, കോമേഴ്സ് ബാച്ച് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എൽ.ഡി.എഫ് ജില്ല കൺവീനർ സി.കെ. ശശീന്ദ്രൻ വിദ്യാഭ്യാസ, പട്ടികവർഗ വകുപ്പ് മന്ത്രിമാർക്ക് നിവേദനം നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.