കൽപറ്റ: 2024-25 വർഷത്തെ പ്ലസ് വൺ പ്രവേശനത്തിന് മീനങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഒന്നാം ഘട്ട അലോട്ട്മെന്റ് സമയത്ത് കുട്ടികളുടെ രക്ഷിതാക്കളിൽ നിന്ന് വൻതുക പി.ടി.എ ഫണ്ട് എന്ന പേരിൽ വാങ്ങിയെന്നും ഇത് സർക്കാർ നിർദേശങ്ങൾക്ക് വിരുദ്ധമായതിനാൽ തിരിച്ചുനൽകണമെന്നും യൂത്ത് കോൺഗ്രസ് മീനങ്ങാടി മണ്ഡലം ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
3000 രൂപയാണ് പി.ടി.എ അധികൃതർ വാങ്ങിയത്. സ്കൂളിൽ പ്രവേശന സമയത്ത് വന്നപ്പോൾ മാത്രമാണ് ഈ തുകയെ പറ്റി രക്ഷിതാക്കൾ അറിയുന്നത്. സർക്കാർ നിശ്ചയിച്ച ഫീസിന് പുറമേ പ്രവേശന സമയത്ത് അടക്കേണ്ട തുകയാണ് ഇതെന്ന് കരുതിയാണ് രക്ഷിതാക്കൾ പണം നൽകിയത്. എന്നാൽ സർക്കാർ നിർദേശ പ്രകാരമുള്ള പി.ടി.എ ഫണ്ട് 500 രൂപയുടെ രസീത് നൽകി. അധികമായി വാങ്ങിയ തുകക്ക് സ്കൂൾ വികസന സംഭാവന എന്ന പേരിലാണ് രസീത് നൽകിയത്.
മിക്ക രക്ഷിതാക്കളും സ്കൂൾ തുറക്കുന്ന സമയത്ത് ഏറെ സാമ്പത്തിക പ്രതിസന്ധിയിലായിരിക്കും. പിന്നാക്ക വിഭാഗക്കാരായ വിദ്യാർഥികളിൽ നിന്നുപോലും ഈ തുക വാങ്ങിയിട്ടുണ്ട്. മുമ്പും ഇത്തരത്തിൽ തുക വാങ്ങിയത് പ്രതിഷേധമുയർന്നപ്പോൾ തിരിച്ചുനൽകുകയാണ് ചെയ്തത്. ചട്ടം ലംഘിച്ചുള്ള പണം വാങ്ങൽ അന്വേഷിക്കണം. അനധികൃതമായി വാങ്ങിയ 3000 രൂപ തിരികെ നൽകണമെന്നും സെക്രട്ടറി എം.ജെ. അനീഷ്, വൈസ് പ്രസിഡന്റ് കെ. നിത, ജിബിൻ നൈനാൻ എന്നിവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.