കൽപറ്റ: പൊലീസ് സ്റ്റേഷന്റെ ഭിത്തിയിൽ തല സ്വയം ഇടിച്ച് പരിക്കേൽപിച്ച ശേഷമാണ് കാഞ്ഞിരങ്ങാട് സ്വദേശി പൊലീസിനെതിരെ ആത്മഹത്യ പ്രേരണകുറ്റം ചുമത്തി മനുഷ്യാവകാശ കമീഷനിൽ പരാതി നൽകിയതെന്ന് ജില്ല പൊലീസ് മേധാവി. മനുഷ്യാവകാശ കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥിനാണ് പൊലീസ് മേധാവി റിപ്പോർട്ട് സമർപ്പിച്ചത്.
തലപ്പുഴ എസ്.ഐ 2020 ജൂൺ 24ന് സ്റ്റേഷനിൽ വിളിച്ചുവരുത്തി ശാരീരികമായി ഉപദ്രവിച്ചെന്നാണ് കാഞ്ഞിരങ്ങാട് സ്വദേശി അനീഷ് ബേബി മനുഷ്യാവകാശ കമീഷനിൽ പരാതി സമർപ്പിച്ചത്. ഇതേക്കുറിച്ച് കമീഷൻ വിശദീകരണം തേടിയിരുന്നു. ഇതേതുടർന്നാണ്, തല സ്വയം ഇടിച്ച് പരിക്കേൽപിച്ചതാണെന്ന് പൊലീസ് വിശദീകരണം സമർപ്പിച്ചത്. വാളാട് കാംപെട്ടി സ്വദേശിയായ പ്രസാദിൽനിന്ന് പരാതിക്കാരനായ അനീഷ് പണം നൽകാതെ കാർ വിലക്കു വാങ്ങിയെന്ന് പൊലീസ് പറയുന്നു. പ്രസാദ് പൊലീസിൽ പരാതി നൽകിയതനുസരിച്ചാണ് അനീഷിനെ വിളിച്ചു വരുത്തിയത്.
വാഹനം വാങ്ങിയ വകയിൽ ആർക്കും പണം നൽകാനില്ലെന്നായിരുന്നു പൊലീസിനോട് അനീഷ് പറഞ്ഞത്. ആർ.സി ബുക്ക് എത്രയും വേഗം മാറിനൽകണമെന്ന് ആവശ്യപ്പെട്ടപ്പോൾ 'നിങ്ങൾക്ക് കാണിച്ചു തരാം' എന്നു പറഞ്ഞ് പൊലീസ് സ്റ്റേഷൻ ഭിത്തിയിൽ അനീഷ് തന്റെ തല ഇടിച്ച് സ്വയം പരിക്കേൽപിച്ചതായാണ് പൊലീസ് മേധാവി നൽകിയ മറുപടിയിലുള്ളത്.
ഇയാൾക്ക് ചികിത്സ ഉറപ്പാക്കി. കേസും എടുത്തിട്ടുണ്ട്. പൊലീസ് വാദത്തിന് പരാതിക്കാരൻ മറുപടി സമർപ്പിക്കാത്തതിനെ തുടർന്ന് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസ് തീർപ്പാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.