കൽപറ്റ: ജില്ലയിലെ ചില ബൂത്തുകളിൽ രാവിലെ പോളിങ് തടസ്സപ്പെട്ടു. ഇ.വി.എം മെഷീൻ തകരാറിലായതിനെ തുടർന്നാണ് വോട്ടിങ് തടസ്സപ്പെട്ടത്. കൽപറ്റ എച്ച്.ഐ.എം യു.പി, കോട്ടത്തറ 23ാം നമ്പർ ബൂത്തായ ചീരകത്ത് മഹിള സമാജം ഹാൾ എന്നിവിടങ്ങളിൽ മെഷീൻ തകരാറിലായി.
സുൽത്താൻ ബത്തേരി മാതമംഗലം സ്കൂളിലെ 90ാം നമ്പർ ബൂത്ത്, കല്ലൂർ 91 ാം നമ്പർ ബൂത്ത് എന്നിവിടങ്ങളിലും പോളിങ് അൽപസമയം മുടങ്ങി. മെഷീന് മാറ്റി സ്ഥാപിച്ച് തടസ്സം പരിഹരിച്ചു. നീർവാരം ഗവ. എച്ച്.എസ്.എസ്, കെല്ലൂർ ഗവ. എൽ.പി സ്കൂൾ, കണിയാരം സ്കൂൾ എന്നിവിടങ്ങളിൽ വോട്ടു മെഷീൻ തകരാർ മൂലം വോട്ടിങ് ആരംഭിക്കാൻ വൈകി.
പൊഴുതന പഞ്ചായത്ത് ഗവൺമെന്റ് എൽ.പി വലിയപാറ സ്കൂൾ പോളിങ് ബൂത്തിൽ ഇ.വി.എം തകരാറിലായി. ബാറ്ററി തകരാറാണെന്ന് കരുതി ബാറ്ററി മാറ്റിയിട്ടെങ്കിലും വോട്ടിങ് പുനരാരംഭിക്കാൻ സാധിച്ചില്ല. 50 വോട്ടുകൾ രേഖപ്പെടുത്തിയ ശേഷമാണ് ഇ.വി.എം പണിമുടക്കിയത്. പിന്നീട് മെഷീൻ നന്നാക്കിയതിനുശേഷം വോട്ടിങ് പുനരാരംഭിച്ചു. തരുവണയിലെ 139 ാം നമ്പര്‍ ബൂത്തിൽ രാവിലെ അര മണിക്കൂർ വോട്ടിങ് തടസ്സപ്പെട്ടു.
ഉച്ചകഴിഞ്ഞപ്പോൾ ഇവിടെ വീണ്ടും പോളിങ് തടസ്സപ്പെട്ടു. ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ഇ.വി.എം മെഷീൻ പ്രവർത്തിക്കാത്തതിനെ തുടർന്നായിരുന്നു വോട്ടിങ് തടസ്സപ്പെട്ടത്. കെല്ലൂർ 140ാം നമ്പർ ബൂത്തിലും അൽപ സമയം വോട്ടുമുടങ്ങി. മെഷീൻ തകരാറിനെ തുടർന്ന് കാക്കവയാൽ 76ാം നമ്പർ ബൂത്തിൽ 50 മിനുട്ടോളം വോട്ടെടുപ്പ് നിർത്തിവെച്ചു.
വൈത്തിരി: വോട്ടിങ് മെഷീൻ തുടർച്ചയായി പണിമുടക്കിയതോടെ വോട്ടിങ് സമയം കഴിഞ്ഞിട്ടും ക്യൂവിൽ മുന്നൂറിലധികം പേർ. രാത്രി ഒമ്പതു മണിയോടെയാണ് ഇവിടെ വോട്ടിങ് അവസാനിച്ചത്. പൊഴുതന പഞ്ചായത്തിലെ 119ാം ആം ബൂത്തായ വലിയപാറ സ്കൂളിലാണ് വോട്ടിങ് സമയം കഴിഞ്ഞിട്ടും മണിക്കൂറുകൾ വോട്ടു ചെയ്യാനായി വോട്ടർമാർ ക്യൂ നിൽക്കേണ്ടിവന്നത്.
രാവിലെ മുതൽ നിരവധി തവണയാണ് മെഷീൻ കേടുവന്നത്. വയോധികരും സ്ത്രീകളുമടക്കം നിരവധി പേരാണ് വോട്ടുചെയ്യാൻ വൈകിട്ടും വരിനിൽക്കേണ്ടിവന്നത്. ആറുമണിക്ക് വോട്ടർമാർക്ക് ടോക്കൺ കൊടുത്താണ് വോട്ടു ചെയ്യിച്ചത്. അതേസമയം നിരവധി പേർ വോട്ടു ചെയ്യാതെ മടങ്ങിപ്പോയി.
വെള്ളമുണ്ട: വോട്ടിങ് യന്ത്രം മൂന്ന് തവണ പണിമുടക്കിയതിനെ തുടർന്ന് വോട്ടര്‍മാര്‍ വലഞ്ഞു. യന്ത്രത്തില്‍ വോട്ട് ചെയ്ത് ബീപ് ശബ്ദം വരാന്‍ വൈകിയത് കാരണം തരുവണയിലും വെള്ളമുണ്ട ഹൈസ്കൂളിലെ 129ാം ബൂത്തിലും വോട്ടർമാർ രാത്രി വൈകി വോട്ട് ചെയ്യേണ്ടി വന്നു.
തരുവണ ഹൈസ്കൂള്‍ പോളിങ് ബൂത്തില്‍ വോട്ടു യന്ത്രം തകരാറിലായത് കാരണം വൈകീട്ട് ആറ് മണിക്ക് വോട്ട് ചെയ്യാനാവാതെ നിരവധി പേര് ക്യൂവില്‍ അവശേഷിച്ചു.184 പേര്‍ക്ക് ടോക്കണ്‍ നല്‍കിയെങ്കിലും വോട്ടിങ് താമസിക്കുന്നത് കാരണം പലരും വോട്ട് ചെയ്യാതെ മടങ്ങിയതായി നാട്ടുകാർ പറഞ്ഞു. 129ാം ബൂത്തിൽ ആറ് മണിക്ക് ശേഷം 87 പേർക്ക് ടോക്കൺ നൽകി. തരുവണയിൽ രാവിലെ 10.30 നാണ് വോട്ടിങ് യന്ത്രം ആദ്യം പണിമുടക്കിയത്.
11.15 ഓടെ പുതിയ യന്ത്രമെത്തിച്ചെങ്കിലും ഉച്ചക്ക് രണ്ടു മണിക്ക് വീണ്ടും യന്ത്രം തകരാറിലായി. മുക്കാല്‍ മണിക്കൂറിന് ശേഷം പുതിയതെത്തി. എന്നാല്‍, വീണ്ടും സമയമെടുത്താണ് വോട്ടിങ് ആരംഭിച്ചത്. മൂന്ന് മണിക്ക് മുമ്പ് ക്യൂവിലിടം പിടിച്ച സ്ത്രീകളുള്‍പ്പെടെയുള്ളവരാണ് ആറ് മണിയായിട്ടും വോട്ട് ചെയ്യാന്‍ കഴിയാതെ വന്നത്. രാത്രിയാണ് ഇവിടെ വോട്ടിങ് നടപടി പൂര്‍ത്തിയായത്.
വോട്ടിങ്ങിനായി ടോക്കണ്‍ ലഭിച്ചവരില്‍ ചിലർ തിരക്കാണെന്നറിഞ്ഞതിനാല് സമ്മതിദാനാവകാശം വിനിയോഗിക്കാതെ തിരിച്ചു പോയി. വോട്ടിങ് യന്ത്രത്തില്‍ വോട്ട് ചെയ്ത് ബീപ് ശബ്ദം വരാന്‍ വൈകുന്നതാണ് വോട്ടു പ്രക്രിയ വൈകിച്ചതെന്നാണ് വോട്ടര്‍മാര്‍ പരാതിപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.