കൽപറ്റ: ജില്ലയില്‍ മഴക്കാല മുന്നൊരുക്കത്തിന്റെയും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെയും ഭാഗമായി ദുരന്തസാധ്യത പ്രദേശങ്ങള്‍ കണ്ടെത്തി ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ കമ്മിറ്റി രൂപവത്കരിച്ച് ദുരന്തനിവാരണ അതോറിറ്റി ചെയര്പേഴ്സൻ കൂടിയായ കലക്ടര്‍ ഡോ. രേണുരാജ് ഉത്തരവിട്ടു. തദ്ദേശ സ്ഥാപനാടിസ്ഥാനത്തില്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ അതത് തദ്ദേശ സ്ഥാപന പ്രസിഡന്റ് ചെയര്‍മാനും സെക്രട്ടറി കണ്‍വീനറും വില്ലേജ് ഓഫിസര്‍ അംഗമായും കമ്മിറ്റി രൂപവത്കരിച്ചിരുന്നു. എന്നാല്‍, പെരുമാറ്റചട്ടം നിലവിലുള്ള സാഹചര്യത്തില്‍ തദ്ദേശ സ്ഥാപന സെക്രട്ടറി, വില്ലേജ് ഓഫിസര്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് നിലവിൽ കമ്മിറ്റി രൂപവത്കരിച്ച് ഉത്തരവായത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം അവസാനിക്കുന്ന മുറക്ക് ബന്ധപ്പെട്ട ജനപ്രതിനിധികളെയും കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തും.
ജില്ലയില്‍ കാലവര്‍ഷം കനക്കുന്ന സാഹചര്യത്തില്‍ മഴക്കെടുതിയില്‍ ദുരന്തസാധ്യത മേഖലകളില്‍ താമസിക്കുന്ന കുടുംബങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനും അവശ്യഘട്ടങ്ങളില്‍ കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കുന്നതിനും ക്യാമ്പുകളായി ഉപയോഗിക്കുന്നതിന് അനുയോജ്യമായ സ്ഥാപനങ്ങളുടെ വിവരങ്ങള്‍ ശേഖരിച്ച് അറിയിക്കുന്നതിനും 2005ലെ ദുരന്തനിവാരണ നിയമ പ്രകാരം കമ്മിറ്റിക്ക് നിർദേശം നല്കി. വിവരശേഖരണത്തില്‍ മുന്‍വര്‍ഷങ്ങളില്‍ ദുരന്തങ്ങളുണ്ടായ പ്രദേശങ്ങള്‍, മലഞ്ചെരിവുകളിലെ ദുരന്തസാധ്യത മേഖലയിലുള്ളവര്‍, പുഴ, തോട് കരകവിഞ്ഞൊഴുകി അപകടമുണ്ടായ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്ന് കലക്ടര്‍ അറിയിച്ചു.
കാലവര്‍ഷം ആരംഭിക്കുന്നതിനു മുമ്പായി വിവരശേഖരണ പട്ടിക, ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന സ്ഥാപനങ്ങളുടെ പട്ടിക എന്നിവ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ക്കും ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്കും നല്‍കണം.
വൈത്തിരി: ഗ്രാമ പഞ്ചായത്ത് പരിധിയിലെ സ്വകാര്യ സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവരുടെ ഭൂമിയിൽ അപകടകരമായ രീതിയിലുള്ള മരങ്ങൾ, ചില്ലകൾ അതത് വ്യക്തികളുടെ, സ്ഥാപനങ്ങളുടെ ഉത്തരവാദിത്വത്തില്‍ മുറിച്ചുമാറ്റണമെന്ന് സെക്രട്ടറി അറിയിച്ചു. അല്ലാത്തപക്ഷം മരം, മരച്ചില്ലകള്‍ വീണുണ്ടാകുന്ന അപകടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള ബാധ്യത പ്രസ്തുത വ്യക്തി, സ്ഥാപനത്തിന് ആയിരിക്കും. സര്‍ക്കാരിലേക്ക് റിസർവ് ചെയ്ത തേക്ക്, വീട്ടി തുടങ്ങിയ സംരക്ഷിത മരങ്ങള്‍ മുറിച്ച് നീക്കുന്നതിന് നിലവിലെ ചട്ടങ്ങള്‍, ഉത്തരവുകള്‍ പ്രകാരമുള്ള നടപടിക്രമങ്ങള്‍ പാലിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.