കൽപറ്റ: വയനാട് ലോക്സഭ മണ്ഡലത്തിന്റെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പൂര്‍ത്തിയായതായി ജില്ല കലക്ടർ ഡോ. രേണുരാജ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. മണ്ഡലത്തില്‍ ആദിവാസികള്‍, വയോജനങ്ങള്‍, വനഗ്രാമങ്ങള് തുടങ്ങി എല്ലാ മേഖലകളിലും വോട്ടെടുപ്പ് സുഗമമായി നടത്തുന്നതിന് പോളിങ് ബൂത്തുകളും സജ്ജമാകും.
തെരഞ്ഞെടുപ്പ് ജോലിക്കായുള്ള ജീവനക്കാരുടെ വിന്യാസം, സുരക്ഷാ സംവിധാനങ്ങള്‍ എന്നിങ്ങനെ കാര്യക്ഷമമായ തെരഞ്ഞെടുപ്പ് നിർവഹണത്തിന് വയനാടും വിപുലമായ സന്നാഹങ്ങളുമായി മുന്നോട്ടുപോവുകയാണ്.
പൊതുജനങ്ങളില്‍ സമ്മതിദാനാവകാശം നിര്‍വഹിക്കുന്നതിനുള്ള ബോധവത്കരണത്തിന് സ്വീറ്റി എന്ന മാസ്ക്കോട്ടും വയനാടിന്റെ പ്രത്യേകതയായി. എ.ഡി.എം.കെ. ദേവകി, ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ എൻ.എം. മെഹ്റലി, ജില്ല ഇൻഫർമേഷൻ ഓഫിസർ പി. റഷീദ് ബാബു എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വയനാട് ലോക്സഭ മണ്ഡലത്തില്‍ 14,64,472 സമ്മതിദായകരാണുള്ളത്. ജില്ലയിലെ മൂന്നു നിയോജക മണ്ഡലങ്ങളിലായി 3,11274 പുരുഷ വോട്ടര്‍മാരും 3,24651 സ്ത്രീ വോട്ടര്‍മാരും അഞ്ചു ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാര്‍ ഉള്‍പ്പെടെ 6,35930 പേരാണ് ഇത്തവണ അന്തിമ വോട്ടര്‍ പട്ടികയിലുള്ളത്.
വയനാട് ലോക്സഭ മണ്ഡലത്തിന്റെ ഭാഗമായുള്ള മലപ്പുറം ജില്ലയിലെ നിയോജക മണ്ഡലങ്ങളായ വണ്ടൂര്‍-2,32839, നിലമ്പൂര്‍-2,26008, ഏറനാട് -1,84363 വോട്ടര്‍മാരും കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയിലെ -1,83283 വോട്ടര്‍മാര്‍ ഉള്‍പ്പെടെയാണ് വയനാട് ലോക്സഭ മണ്ഡലത്തില്‍ അന്തിമ വോട്ടര്‍ പട്ടികയില്‍ 14,64,472 വോട്ടര്‍മാരുള്ളത്.
ഏഴു നിയോജകമണ്ഡലങ്ങളിലായി 1,327 പോളിങ് സ്റ്റേഷനുകളാണ് ഒരുക്കിയിരിക്കുന്നത്. കല്പറ്റ 187, മാനന്തവാടി 173, സുല്‍ത്താന്‍ ബത്തേരി 216, വണ്ടൂര്‍ 205, നിലമ്പൂര്‍ 202, ഏറനാട് 163, തിരുവമ്പാടി 178 എന്നിങ്ങനെയാണ് പോളിങ് സ്റ്റേഷനുകളുടെ എണ്ണം. ഏറനാട് രണ്ട്, വണ്ടൂര്‍ ഒന്ന് ഓക്സിലറി ബൂത്തുകളും സജ്ജീകരിച്ചിട്ടുണ്ട്.
ലോക്സഭ തെരഞ്ഞെടുപ്പില്‍ പോളിങ് സാമഗ്രികളുടെ വിതരണത്തിനും വോട്ടെണ്ണലിനുമായി ജില്ലയില്‍ വിതരണ-സ്വീകരണ കേന്ദ്രങ്ങള്‍ സജ്ജീകരിച്ചു. മാനന്തവാടിയില്‍ സെന്റ് പാട്രിക്സ് ഹയര്‍ സെക്കൻഡറി സ്കൂള്‍, ബത്തേരിയില്‍ സെന്റ് മേരീസ് കോളജ്, കല്പറ്റയില് മുട്ടില്‍ ഡബ്ല്യു.എം.ഒ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് എന്നിവയാണ് വിതരണ-സ്വീകരണ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുക.
തിരുവമ്പാടി മണ്ഡലത്തില്‍ അല്‍ഫോണ്‍സ സീനിയര്‍ ഹയര്‍സെക്കൻഡറി സ്കൂള്‍, ഏറനാട് ജി.യു.പി.എസ് ചുള്ളക്കാട് മഞ്ചേരി, നിലമ്പൂര്‍ മാര്‍ത്തോമ കോളജ് ചുങ്കത്തറ, വണ്ടൂര്‍ മാര്‍ത്തോമ ഹയര്‍ സെക്കൻഡറി സ്കൂള്‍ ചുങ്കത്തറയുമാണ് പോളിങ് സാമഗ്രികളുടെ വിതരണ-സ്വീകരണ കേന്ദ്രങ്ങള്‍. നിലമ്പൂര്‍ വണ്ടൂര്‍ ഏറനാട് നിയമസഭ മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ ചുങ്കത്തറ മാര്‍ത്തോമ കോളജിലാണ് നടക്കുക. തിരുവമ്പാടി മണ്ഡലത്തില്‍ അല്‍ഫോണ്‍സ സീനിയര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലാണ് വോട്ടെണ്ണല്‍ നടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.