കൽപറ്റ: ഉരുൾ ദുരന്തബാധിതരെ അവഗണിച്ചെന്നാരോപിച്ച് കേന്ദ്ര സംസ്ഥാന സർക്കാറുകൾക്കെതിരെ യൂത്ത് കോൺഗ്രസ് ജില്ല കമ്മിറ്റി നടത്തിയ പ്രതിഷേധമാർച്ച് സംഘർഷത്തിൽ കലാശിച്ചത് കലക്ടറേറ്റ് പരിസരം മണിക്കൂറുകളോളം മുൾമുനയിലാക്കി. ചൂരല്‍മല-മുണ്ടക്കൈ ഉരുൾപൊട്ടല്‍ ദുരന്തബാധിതരുടെ ആവശ്യങ്ങള്‍ക്കായി പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തി വീശിയതോടെ സംഘർഷം വ്യാപിച്ചു. നേതാക്കളുള്‍പ്പെടെ അമ്പതോളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കാണ് ലാത്തിയടിയിൽ പരിക്കേറ്റത്. പല നേതാക്കളെയും പൊലീസ് വളഞ്ഞിട്ട് തല്ലി. മാര്‍ച്ചിന്റെ ഉദ്ഘാടനം കഴിഞ്ഞ ശേഷമായിരുന്നു സംഘർഷം ആരംഭിച്ചത്.
ജില്ലപഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, യൂത്ത്കോണ്‍ഗ്രസ് ജില്ല പ്രസിഡന്റും ജില്ല പഞ്ചായത്തംഗവുമായ അമല്‍ജോയി, സംസ്ഥാന ജന.സെക്രട്ടറിയും ബ്ലോക്ക് പഞ്ചായത്തംഗവുമായ അരുണ്‍ദേവ്, സംസ്ഥാന സെക്രട്ടറിയും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ജഷീര്‍ പള്ളിവയല്‍, യൂത്ത് കോണ്‍ഗ്രസ് കല്പറ്റ നിയോജകമണ്ഡലം പ്രസിഡന്റ് ഹര്‍ഷല്‍ കോന്നാടന്‍, ജിനു ജോസഫ്, ഹാരിസ് കല്ലുവയല്‍, ജിബിന്‍ മാമ്പള്ളി, ആഷിഖ് മന്‍സൂര്‍, വിഷ്ണു, ലയണല്‍ മാത്യു, ബിന്‍ഷാദ് കെ.ബഷീര്‍, അസീസ് വാളാട്, രോഹിത് ബോധി, എബിന് പീറ്റര്‍, മുത്തലിബ് പഞ്ചാര തുടങ്ങിയവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ അമല്‍ ജോയിയുടെ കൈക്കും ഹര്‍ഷല്‍ കോനാടന്റെ കൈവിരലിനും പൊട്ടലേറ്റിട്ടുണ്ട്. മറ്റുള്ളവര്‍ക്കെല്ലാം ലാത്തിയടിയേറ്റു.
ഗുരുതര പരിക്കേറ്റ അമല്‍ ജോയി ഉള്‍പ്പെടെയുള്ളവരെ മേപ്പാടി മൂപ്പന്‍സ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദുരന്തബാധിതരുടെ പുനരധിവാസം വേഗത്തിലാക്കുക, ദുരന്തബാധിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം സമയബന്ധിതമായി നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചും എല്ലാം നഷ്ടപ്പെട്ട് നില്ക്കുന്ന ദുരന്തബാധിതരോട് കേന്ദ്ര-കേരള സര്‍ക്കാറുകള്‍ കാണിക്കുന്ന കടുത്ത അവഗണനയിലും പ്രതിഷേധിച്ചായിരുന്നു യൂത്ത് കോണ്‍ഗ്രസ് ജില്ല കമ്മിറ്റി നേതൃത്വത്തില്‍ വയനാട് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. രാവിലെ 11.30ഓടെ ആരംഭിച്ച മാര്‍ച്ച് കലക്ടറേറ്റിന് മുന്നിലെ കവാടത്തിലെത്തിയപ്പോള്‍ പ്രധാന കവാടസമീപത്തെ ചെറിയ ഗേറ്റിന് സമീപം മുദ്രാവാക്യം വിളിച്ച പ്രവര്‍ത്തകര്‍ക്കുനേരെ മറുവശംനിന്ന പൊലീസ് അകാരണമായി ലാത്തി വീശിയെന്ന് പ്രവർത്തകർ പറയുന്നു.
ഇതിനിടെ ബാരിക്കേഡിന് സമീപത്തുനിന്ന പ്രവര്‍ത്തകന്റെ തലക്ക് പരിക്കേറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. രണ്ടാംഗേറ്റിന് സമീപത്തേക്ക് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് നീങ്ങുകയും കലക്ടറേറ്റിനുള്ളിലേക്ക് കടക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതോടെ പൊലീസ് ഗേറ്റ് തുറന്നെത്തി കണ്ണീര്‍വാതകം പ്രയോഗിക്കുകയും ലാത്തി വീശുകയുമായിരുന്നു.
മണ്ഡലം യൂത്ത്കോണ്‍ഗ്രസ് പ്രസിഡന്റ് ഹര്‍ഷല്‍ കോന്നാടനാണ് ആദ്യം മർദനമേറ്റത്. കൽപറ്റ ഡിവൈ.എസ്.പി യോട് സംസാരിക്കുകയായിരുന്ന ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാറിന് പിറകിൽനിന്ന് തലക്ക് അടിയേറ്റു. ഡിവൈ.എസ്.പി രക്ഷപ്പെടുത്തുകയായിരുന്നു.
നടുറോഡിൽ ജില്ല പഞ്ചായത്തംഗമായ അമലിനെയും ബ്ലോക്ക് പഞ്ചായത്തംഗമായ ജഷീറിനെയും പൊലീസ് വളഞ്ഞിട്ടു മര്‍ദിച്ചു. മര്‍ദനത്തില്‍ റോഡില്‍ വീണ ഇരുവരെയും പൊലീസ് പൊതിരെത്തല്ലി. ദുരന്തബാധിതരോടുള്ള സര്‍ക്കാറിന്റെ നിരുത്തരവാദ സമീപനത്തില്‍ പ്രതിഷേധിച്ചാണ് യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമരത്തിനിറങ്ങിയതെന്ന് ജില്ല പ്രസിഡന്റ് അമല്‍ ജോയി പറഞ്ഞു. സമരത്തെ അടിച്ചമര്‍ത്താനാണ് തീരുമാനമെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.