കൽപറ്റ: ഉന്നതോദ്യോഗസ്ഥർ തമ്മിലുള്ള ചേരിപ്പോര് രൂക്ഷമാവുകയും മുണ്ടക്കൈ ഉരുൾപൊട്ടൽ പുനരധിവാസ പ്രവർത്തനങ്ങൾ താളം തെറ്റുകയും ചെയ്തതിന് പിറകെ ജില്ല റവന്യൂ വകുപ്പിൽ വീണ്ടും വിവാദം.
ജില്ലയിലെ രണ്ടു തഹസിൽദാർമാർ നിർദിഷ്ട പരിശീലന യോഗ്യത നേടിയിട്ടില്ലെന്നാണ് ആരോപണം. തഹസിൽദാർ തസ്തികയിൽ നിയമിക്കപ്പെടുന്നവർ എക്സിക്യൂട്ടിവ് മജിസ്ട്രേറ്റ് കൂടിയാണ്. അതുകൊണ്ടുതന്നെ ജില്ലയിലെ ഏറ്റവും സീനിയറായ ഗസറ്റഡ് ഉദ്യോഗസ്ഥരാണ് താലൂക്ക് തഹസിൽദാർമാരായി നിയമിക്കപ്പെടുന്ന കീഴ് വഴക്കമുള്ളത്. ഈ തസ്തികയിലേക്ക് നിയമിക്കപ്പെടുമ്പോൾ പ്രബേഷൻ കാലാവധിയായ ഒരു വർഷത്തിനുള്ളിൽ മൂന്നു മാസത്തെ മജിസ്റ്റീരിയൽ ട്രെയിനിങ് നേടണമെന്നാണ് ചട്ടം.
എന്നാൽ മാത്രമെ ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള പൊലീസ്-കോടതി നടപടിക്രമങ്ങൾക്ക് യോഗ്യത നേടുകയുള്ളൂ. 2023 ജൂൺ മാസത്തിൽ തഹസിൽദാറായി നിയമിക്കപ്പെട്ട ഉദ്യോഗസ്ഥൻ പ്രബേഷൻ പീരിയഡ് കഴിഞ്ഞിട്ടും മജിസ്റ്റീരിയൽ ട്രെയിനിങ് നേടിയിട്ടില്ല. വിരമിക്കാൻ മാസങ്ങൾ മാത്രമുള്ള മറ്റൊരു തഹസിൽദാറും മജിസ്റ്റീരിയൽ ട്രെയിനിങ് ലഭിക്കാതെയാണ് ചുമതലയിലിരിക്കുന്നത്. മജിസ്റ്റീരിയൽ പരിശീലന യോഗ്യത നേടിയ സീനിയറായ ജീവനക്കാർ ജില്ലയിലുണ്ടായിട്ടും പ്രധാന പോസ്റ്റുകളിൽ ജൂനിയറായ ഉദ്യോഗസ്ഥരെയാണ് നിയമിക്കുന്നത്.
അതേ സമയം, ഉരുൾപൊട്ടൽ സമയത്ത് ഉന്നത ഐ.എ.എസ് ഉദ്യോഗസ്ഥരും റവന്യൂ ഉദ്യോഗസ്ഥരും താമസം, ഭക്ഷണ ഇനത്തിൽ ആഡംബര ചെലവുകൾ നടത്തിയത് വിവാദാമായതിനെ തുടർന്ന് ഡി.എം സെക്ഷനിൽ നൽകിയ ഭക്ഷണച്ചെലവിന്റെ വൗച്ചറും ബില്ലും പിൻവലിച്ചിട്ടുണ്ട്.
അതിനിടെ, ഗവൺമെൻറ് സെക്രട്ടറിമാരും ലാൻഡ് റവന്യൂ കമീഷണറും കലക്ടർക്ക് അയക്കുന്ന ഏറ്റവും സുപ്രധാനമായ അർധ ഔദ്യോഗിക കത്തുകളിൽ പലതിലും മറുപടി നൽകാതിരുന്ന വിഷയവും ചർച്ചയായി. അച്ചടക്ക നടപടിക്ക് വിധേയരായ ജീവനക്കാരുടെ ഫയലുകൾ കൈകാര്യം ചെയ്യുന്ന എസ് വൺ സെക്ഷനിൽനിന്ന് 2020 മുതൽ നിരവധി ഫയലുകളിൽ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് ആരോപണം. ഈ സെക്ഷനിൽ നേരത്തേയുണ്ടായിരുന്ന ജീവനക്കാരൻ ഔദ്യോഗിക പേഴ്സനൽ രജിസ്റ്റർ പ്രകാരം നടപടി സ്വീകരിക്കാത്തത് അച്ചടക്ക ലംഘനമാണെന്ന് ജീവനക്കാർ പറയുന്നു. നടപടി തീർപ്പാകാതെ വിരമിച്ച വില്ലേജ് ഓഫിസർ ഉൾപ്പടെയുള്ള ജീവനക്കാർ ഇപ്പോൾ നിയമ നടപടികൾക്ക് ഒരുങ്ങുന്നതായാണ് വിവരം.
സെക്ഷനിൽ പകരം നിയോഗിക്കപ്പെട്ട ജീവനക്കാരിയും ജൂനിയറായ ക്ലർക്കാണ്. 2020 മുതൽ കലക്ടറേറ്റിലെ വിവിധ ഡെപ്യൂട്ടി കലക്ടർമാർ കൈകാര്യം ചെയ്യുന്ന വിഷയങ്ങളിൽ അനധികൃതമായി ഇടപെട്ട് ആരോപണ വിധേയനായ ഫിനാൻസ് ഓഫിസർ സ്ഥലംമാറി മറ്റൊരു വകുപ്പിൽ പോയതിനുശേഷവും കലക്ടറേറ്റിലെ ദൈനം ദിന കാര്യങ്ങളിൽ അവിഹിതമായി ഇടപെടുന്നതായും 2020 ൽ കോടതി തടവ് ശിക്ഷയും പിഴയും വിധിച്ച ഉദ്യോഗസ്ഥനെ സർവിസിൽനിന്നും പിരിച്ചു വിടാതെ സംരക്ഷിക്കാൻ ശ്രമം നടത്തിയതും ഇപ്പോഴാണ് പുറത്തറിയുന്നത്.
ഇതുസംബന്ധിച്ച് മാധ്യമം വാർത്ത നൽകിയിരുന്നു ഫിനാൻസ് വകുപ്പിലെ ഉദ്യോഗസ്ഥൻ എൻക്വയറി ഓഫിസറായിരിക്കെ വ്യക്തിവൈരാഗ്യംവെച്ച് വികലാംഗനായ സീനിയർ ക്ലർക്കിനെ വിരമിക്കാൻ മാസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ തരംതാഴ്ത്തിയതും ഇപ്പോൾ വിവാദമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.