കൽപറ്റ: കൽപറ്റ-പടിഞ്ഞാറത്തറ റോഡിൽ പുഴമുടിയിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് മൂന്നു പേരുടെ ജീവൻ പൊലിഞ്ഞതിന്റെ ഞെട്ടലിൽ കണ്ണീരണിഞ്ഞ് നാട്. കൽപറ്റ-പടിഞ്ഞാറത്തറ റോഡ് നവീകരിച്ചശേഷം അപകടങ്ങൾ തുടർക്കഥയാകുമ്പോഴും ആവശ്യമായ സുരക്ഷാ സംവിധാനങ്ങളോ മുന്നറിയിപ്പ് ബോർഡുകളോ സ്ഥാപിക്കാൻ അധികൃതർ തയാറായിട്ടില്ല.
ഞായറാഴ്ച വൈകീട്ട് ആറോടെ പുഴമുടി ജങ്ഷന് സമീപം കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടു പെൺകുട്ടികൾ ഉൾപ്പെടെ മൂന്നുപേരുടെ ജീവനാണ് പൊലിഞ്ഞത്. ഗുരുതരമായി പരിക്കേറ്റ ഒരാളെ മേപ്പാടി ഡോ. മൂപ്പൻസ് മെഡിക്കൽ കോളജിലേക്കും മറ്റു രണ്ടു പേരെ കൽപറ്റ ഫാത്തിമ ആശുപത്രിയിലും ചികിത്സയിലാണ്.
കണ്ണൂർ ഇരിട്ടി, കാസർകോട് വെള്ളരിക്കുണ്ട് എന്നിവിടങ്ങളിൽനിന്നുള്ള വിദ്യാർഥികൾ ഉൾപ്പെടെയുള്ള ആറംഗ സംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്. അപകടം നടന്നയുടൻ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. റോഡിലൂടെ പോവുകയായിരുന്ന സ്വകാര്യ വാഹനങ്ങളിൽ കൽപറ്റയിലെ ഫാത്തിമ ആശുപത്രിയിലാണ് പരിക്കേറ്റവരെ ആദ്യമെത്തിയത്.
ഞായറാഴ്ച വൈകീട്ട് ആറോടെയാണ് നാടിനെ നടുക്കിയ അപകടം. പടിഞ്ഞാറത്തറ ഭാഗത്തുനിന്ന് കൽപറ്റ ഭാഗത്തേക്ക് വരുകയായിരുന്ന ടാറ്റ ടിയാഗോ കാറാണ് അപകടത്തിൽപെട്ടത്. പുഴമുടി ജങ്ഷന് സമീപത്തെ വളവിന് സമീപം റോഡരികിലെ വൈദ്യുതി തൂണിലിടിച്ചശേഷം പത്തടിയോളം താഴ്ചയിലേക്ക് കാർ മറിയുകയായിരുന്നു.
പ്ലാവിലും സമീപത്തെ കിണറിലും ഇടിച്ച കാർ തലകീഴായി മറിഞ്ഞു. ഇടിയുടെ ആഘാതത്തിൽ ചെറിയ പ്ലാവ് മരം മുറിഞ്ഞുവീണു. അപകടത്തിൽ കാർ പൂർണമായും തകർന്നു. പരിക്കേറ്റവരെ കൽപറ്റ ഫാത്തിമ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.