കൽപറ്റ: രണ്ടാം വട്ടവും വയനാട് മണ്ഡലത്തിൽ യു.ഡി.എഫ് പ്രതിനിധിയായി ജനവിധി തേടുന്ന രാഹുൽ ഗാന്ധി അടുത്ത ആഴ്ച വയനാട്ടിലെത്തിയേക്കും. എൽ.ഡി.എഫ് സ്ഥാനാർഥി ആനി രാജ ദിവസങ്ങൾക്ക് മുമ്പേ മണ്ഡലത്തിൽ പ്രചാരണം ആരംഭിച്ചപ്പോൾ രാഹുൽ എത്താത്തത് യു.ഡി.എഫ് ക്യാമ്പിൽ മ്ലാനത സൃഷ്ടിച്ചിരുന്നു. ജോഡോ ന്യായ് യാത്ര കഴിഞ്ഞു വയനാട്ടിൽ എത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നെങ്കിലും അത് കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടിട്ടും രാഹുലിന്റെ അസാന്നിധ്യം പ്രചാരണത്തെ ബാധിക്കുമോ എന്ന ആശങ്കയിലാണ് നേതൃത്വം. എന്നാൽ ഡൽഹിയിലെ നിലവിൽ രൂക്ഷമായ സ്ഥിതിഗതികൾ വയനാട് മണ്ഡലത്തിൽ മത്സരിക്കാനുള്ള രാഹുലിന്റെ തീരുമാനത്തിൽ മാറ്റം വരാനുള്ള സാധ്യതയും ചില കോണുകളിൽനിന്ന് ഉയരുന്നുണ്ട്.
അതേസമയം ന്യായ് യാത്രക്ക് ശേഷം വർക്കിങ് കമ്മിറ്റിയുമായി ബന്ധപ്പെട്ട തിരക്കിലായിരുന്നുവെന്നും ശേഷം അരവിന്ദ് കെജ് രിവാളിന്റെ അറസ്റ്റ് ഉൾപ്പെടെയുള്ള വിഷയങ്ങളുണ്ടായതോടെയാണ് വയനാട്ടിലേക്കുള്ള വരവിന്റെ കാര്യത്തിൽ അനിശ്ചിതത്വമുണ്ടായതെന്നാണ് കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കുന്നത്. നിലവിലെ സാഹചര്യത്തിൽ രാഹുൽ വയനാട്ടിൽ തന്നെ മത്സരിക്കുകയാണെങ്കിൽ നാമനിർദേശ പത്രിക സമർപ്പണത്തിന്റെ സമയം കണക്കാക്കി ഏപ്രിൽ ആദ്യം എത്തുമെന്നാണ് പറയുന്നത്. അതേസമയം, തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന്റെ മുന്നോടിയായി കൽപറ്റ കനറാ ബാങ്കിൽ രാഹുൽ ഗാന്ധിയുടെ പേരിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.