കൽപറ്റ: മൂന്നാം തവണയും കോവിഡ് ആർ.ടി.പി.സി.ആർ, ആന്റിജൻ നിരക്ക് കുറച്ച സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ജില്ലയിലെ സ്വകാര്യ ലാബുകൾ പരിശോധന നടപടി നിർത്തിവെച്ചതോടെ വിദേശ-കർണാടക യാത്രക്കാർ പ്രതിസന്ധിയിലായി. അതേസമയം, ജില്ലയിൽ ആർ.ടി.പി.സി.ആർ പരിശോധനക്ക് അനുമതിയുള്ള സ്വകാര്യ ലാബായ ഡി.എം വിംസിൽ സർക്കാർ പുതുക്കി നിശ്ചയിച്ച നിരക്കിൽതന്നെ വ്യാഴാഴ്ച പരിശോധന നടത്തി.
എന്നാൽ, സ്രവം ശേഖരിച്ച് കോഴിക്കോട് ജില്ലയിലെ അംഗീകൃത ലാബുകളിലേക്ക് അയച്ച് ഫലം ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്ന ജില്ലയിലെ മുപ്പതോളം ലബോറട്ടറികളാണ് നിരക്ക് കുറച്ചതോടെ പരിശോധന നടപടികൾ നിർത്തിവെച്ചത്. ആരോഗ്യവകുപ്പിൽനിന്നുള്ള അനുമതിയോടെയാണ് ഈ സ്വകാര്യ ലാബുകൾ സാമ്പ്ൾ ശേഖരിച്ച് ഫലം ലഭ്യമാക്കിയിരുന്നത്.
ജില്ലയിലെ തൊണ്ണൂറോളം ലാബുടമകൾ അംഗമായ മെഡിക്കൽ ലബോറട്ടറി ഓണേഴ്സ് അസോസിയേഷൻ (എം.എൽ.ഒ.എ) ആണ് ഇതര ജില്ലകളിലേതുപോലെ വയനാട്ടിലും പരിശോധന നിർത്തിവെക്കാൻ തീരുമാനിച്ചത്. ഗുണമേന്മ ഉറപ്പാക്കി, മാനദണ്ഡങ്ങൾ പാലിച്ച് പുതിയ ഉത്തരവ് പ്രകാരം നിശ്ചയിച്ചിട്ടുള്ള നിരക്കിൽ പരിശോധനകൾ നടത്താൻ കഴിയില്ലെന്നാണ് അസോസിയേഷൻ ഭാരവാഹികൾ വ്യക്തമാക്കുന്നത്. പരിശോധന നിർത്തിവെക്കുന്നതിലൂടെ ജനങ്ങൾക്കുണ്ടാവുന്ന നഷ്ടങ്ങൾക്കും പ്രയാസങ്ങൾക്കും പൂർണ ഉത്തരവാദിത്തം സർക്കാറിന് മാത്രമായിരിക്കുമെന്ന് അസോസിയേഷൻ ഭാരവാഹികളായ പി.എസ്. വിജയൻ, സി. പ്രതാപ് വാസു, അനീഷ് ആന്റണി എന്നിവർ വ്യക്തമാക്കി.
നിശ്ചിത സമയത്തിനുള്ളിലെ കോവിഡ് ആർ.ടി.പി.സി.ആർ നെഗറ്റിവ് ഫലം ആവശ്യമായ ജില്ലയിൽനിന്നുള്ള വിദേശയാത്രക്കാരും കർണാടകയിലേക്ക് പോവുന്നവരും പരിശോധനക്ക് ആശ്രയിക്കുന്നത് ഇത്തരം ലാബുകളെയാണ്. സർക്കാർ ലാബുകളെ ആശ്രയിച്ചാൽ ഫലം ലഭിക്കുന്നതിന് കാലതാമസമുണ്ടാവുമെന്നതും സ്വകാര്യ സ്ഥാപനങ്ങളെ സമീപിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നു. ലാബിൽനിന്ന് നേരിട്ടും ജീവനക്കാർ വീടുകളിൽ എത്തിയും സ്വാബ് ശേഖരിച്ച് കോഴിക്കോട്ടെ ലബോറട്ടറികളിലേക്ക് അയച്ചാണ് പരിശോധന നടപടികൾ പൂർത്തിയാക്കുന്നത്.
നിലവിലെ 300 രൂപ നിരക്കിൽ കോഴിക്കോട്ടേക്ക് സ്രവം അയച്ചാൽ ലബോറട്ടറികൾക്ക് നഷ്ടമായിരിക്കുമെന്ന് എം.എൽ.ഒ.എ ജില്ല സെക്രട്ടറി സി. പ്രതാപ് വാസു 'മാധ്യമ'ത്തോട് പറഞ്ഞു. ആർ.ടി.പി.സി.ആറിന് 500 രൂപയായിരുന്നത് 300 ആയും ആന്റിജൻ നിരക്ക് 300ൽനിന്ന് 100 രൂപയുമായാണ് സർക്കാർ ബുധനാഴ്ച പുതുക്കി നിശ്ചയിച്ചത്.
കൽപറ്റ: സംസ്ഥാനത്ത് കോവിഡ് പരിശോധനകള്‍ക്കും പി.പി.ഇ കിറ്റ്, എന്‍ 95 മുഖാവരണം തുടങ്ങിയ സുരക്ഷ സാമഗ്രികള്‍ക്കും നിരക്ക് കുറച്ച സാഹചര്യത്തില്‍ അമിത വില ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡി.എം.ഒ ഡോ. കെ. സക്കീന അറിയിച്ചു. സംസ്ഥാന ആരോഗ്യ കുടുംബ ക്ഷേമ വകുപ്പിെൻറ ഫെബ്രുവരി എട്ടാം തീയതിയിലെ ഗവ. ഉത്തരവ് പ്രകാരമുളള നിരക്കുകള്‍ മാത്രമെ ജില്ലയിലും ഈടാക്കാന്‍ പാടുള്ളൂ.
ആര്.ടി.പി.സി.ആര് 300 രൂപ (500), ആന്റിജന്‍-100 (300), എക്സ്പെര്‍ട് നാറ്റ് 2350 (2500), ട്രൂനാറ്റ് 1225 (1500), ആര്.ടി ലാബ് 1025 രൂപ (1150). എല്ലാ ചാര്‍ജുകളും ഉള്‍പ്പെടെയുള്ള നിരക്കാണിത്.
പി.പി.ഇ കിറ്റ് ഒരു യൂനിറ്റിന് എക്സ്.എല്‍ വലുപ്പത്തിന് 154 രൂപയും ഡബിള്‍ എക്സ്.എല്‍ വലുപ്പത്തിന് 156 രൂപയുമാണ് ഏറ്റവും കുറഞ്ഞ തുക. എക്സ്.എല്‍, ഡബിള്‍ എക്സ്.എല്‍ വലുപ്പത്തിന് ഉയര്‍ന്ന തുക 175 രൂപയാണ്.
എന്‍ 95 മുഖാവരണം ഒരെണ്ണത്തിന് കുറഞ്ഞ തുക 5.50 രൂപയും ഉയര്‍ന്ന തുക 15 രൂപയുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.