കൽപറ്റ: മുണ്ടേരി കൽപറ്റ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കാഡറ്റുകൾ ഡൽഹിയിലെത്തി രാഹുൽ ഗാന്ധി എം.പിയുമായി സംവദിച്ചു. വയനാട് മുതൽ പഞ്ചാബ് വാഗാ അതിർത്തി വരെ നടത്തുന്ന സന്ദേശ പ്രചരണത്തിന്റെ ഭാഗമായാണ് കേഡറ്റുകൾ ഡൽഹിയിലെത്തിയത്.
കാഡറ്റുകളുമായി നടത്തിയ സംഭാഷണത്തിൽ യാത്രയെ കുറിച്ചും സ്റ്റുഡന്റ് പൊലീസ് കാഡറ്റുകളുടെ പ്രവർത്തനങ്ങളെക്കുറിച്ചും ചോദിച്ചറിയുകയും അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു. വിഷയവുമായി ബന്ധപ്പെട്ട് കാഡറ്റുകളുമായി വിശദമായ സംവാദവും രാഹുൽ ഗാന്ധി എം. പി നടത്തി.
ലഹരി വിരുദ്ധ സന്ദേശ യാത്രയുടെ ലഘുലേഖകളും സ്റ്റിക്കറുകളും സ്റ്റുഡന്റ് പൊലീസ് കാഡറ്റ് കമ്യൂണിറ്റി പൊലീസ് ഓഫീസർ സജി ആന്റോ രാഹുൽ ഗാന്ധിക്ക് കൈമാറി. കാഡറ്റുകൾക്കും അധ്യാപകർക്കും ശീതളപാനീയങ്ങളും ലഘു ഭക്ഷണവും ചോക്ലേറ്റും ഒരുക്കി അദ്ദേഹം നൽകിയ സ്വീകരണം ഏവർക്കും ഹൃദ്യമായ അനുഭവമായിരുന്നു.
ചിന്തകളിൽ നന്മ നിറക്കാം, സത്യസന്ധത ശീലമാക്കാം, പറയാം ഇല്ല ലഹരി എന്ന സന്ദേശവുമായാണ് മുണ്ടേരി സ്കൂളിലെ എസ്.പി.സി കാഡറ്റുകൾ ഡിസംബർ 26ന് കൽപറ്റയിൽനിന്ന് പഞ്ചാബിലെ വാഗാ അതിർത്തിയിലേക്ക് ലഹരി വിരുദ്ധ സന്ദേശ പ്രചരണ യാത്ര ആരംഭിച്ചത്. 41 കാഡറ്റുകൾ ഉൾപ്പെടെ 52 പേരാണ് സംഘത്തിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.