കൽപറ്റ: കോവിഡ് വ്യാപനത്തെ തുടർന്ന് ജില്ലയിൽ റിസോർട്ടുകളിലെ സ്വിമ്മിങ് പൂളുകൾ ഉപയോഗിക്കരുതെന്ന് ജില്ല ഭരണകൂടം നിർദേശം നൽകിയെങ്കിലും മിക്ക റിസോർട്ടുകളിലും പൂളുകൾ പ്രവർത്തനനിരതം. ജില്ലയിലെത്തുന്ന സന്ദർശകർ ഭൂരിഭാഗവും നീന്തൽക്കുളങ്ങളുള്ള റിസോർട്ടുകളാണ് കൂടുതലായും അന്വേഷിക്കുന്നത്.
ഈ സാഹചര്യത്തിൽ നിരോധനത്തിന് പുല്ലുവില കൽപിച്ച് റിസോർട്ടുകൾ നീന്തൽക്കുളങ്ങൾ തുറന്നുകൊടുത്താണ് സന്ദർശകരെ ആകർഷിക്കുന്നത്. പൂളുകളുള്ള റിസോർട്ടുകളിൽ ഫോൺ വിളിച്ച് അന്വേഷിക്കുമ്പോൾ നിയന്ത്രണങ്ങളുണ്ടെങ്കിലും പൂൾ ഉപയോഗിക്കുന്നതിൽ കുഴപ്പമൊന്നുമില്ലെന്ന് ബോധ്യപ്പെടുത്തിയാണ് സന്ദർശകരെ ക്ഷണിക്കുന്നത്. ഉൾ പ്രദേശത്തുള്ള റിസോർട്ടുകൾ പരിശോധനക്ക് പൊലീസും ആരോഗ്യപ്രവർത്തകരുമെത്തില്ലെന്ന് വിശ്വസിപ്പിച്ചും ആളുകളെ ക്ഷണിക്കുന്നുണ്ട്. ചിലർ രാത്രികാലങ്ങളിൽ മാത്രമായി തുറന്നുകൊടുക്കുന്നുമുണ്ട്. വയനാട്ടിലെ റിസോർട്ടുകളിൽ പലതിലും നീന്തൽക്കുളങ്ങൾ അനുമതിയില്ലാതെ നിർമിച്ചവയാണെന്ന ആക്ഷേപം ശക്തമാണ്.
കോവിഡ് കാലത്ത് സ്വിമ്മിങ് പൂളുകൾ ഉപയോഗിക്കുന്നത് രോഗവ്യാപനം വർധിപ്പിക്കാൻ ഇടയാക്കുമെന്നതിനാലാണ് നിരോധനം ഏർപ്പെടുത്തിയത്. ജില്ലയിലെ അറിയപ്പെടുന്ന റിസോർട്ടുകളിൽ പലതും ഈ നിയന്ത്രണം പാലിക്കുന്നുണ്ടെങ്കിലും ഉൾപ്രദേശങ്ങളിലെ റിസോർട്ടുകളിൽ മിക്കതും പൂളുകൾ തുറന്നുനൽകാമെന്ന് സഞ്ചാരികളോട് പറഞ്ഞാണ് അവരെ ക്ഷണിക്കുന്നത്.
ഇത്തരത്തിൽ ഒരു റിസോർട്ടിൽ ഫോൺ ചെയ്ത് അന്വേഷിച്ചപ്പോൾ ലഭിച്ച മറുപടിയും 'നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും കുഴപ്പമൊന്നുമില്ല, പൂൾ ഉപയോഗിക്കാം, നിങ്ങൾ വന്നോളൂ' എന്നായിരുന്നു. പൊലീസും ആരോഗ്യവകുപ്പ് അധികൃതരുമൊന്നും ഒരുവിധ പരിശോധനയും ഇതുമായി ബന്ധപ്പെട്ട് നടത്താത്തതും നിയന്ത്രണങ്ങൾ ലംഘിക്കാൻ റിസോർട്ടുകൾക്ക് 'ധൈര്യം' പകരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.