കൽപറ്റ: ലോക്സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലും കഴിഞ്ഞ് ഫലവും വന്നു. കേന്ദ്രത്തിൽ എൻ.ഡി.എ സർക്കാറിന്റെ സത്യപ്രതിജ്ഞയും കഴിഞ്ഞു. എന്നിട്ടും ജില്ലയിൽ വിവിധയിടങ്ങളിൽ രാഷ്ട്രീയ പാർട്ടികൾ സ്ഥാപിച്ച തെരഞ്ഞെടുപ്പ് പ്രചാരണ ബോർഡുകൾ ഇനിയും അഴിച്ചു മാറ്റിയില്ല.
ഏപ്രിൽ 26നാണ് വോട്ടെടുപ്പ് നടന്നത്. ഒന്നര മാസത്തോളം കഴിഞ്ഞിട്ടും പ്രചാണ ബോർഡുകൾ എടുത്തുമാറ്റാൻ രാഷ്ട്രീയ പാർട്ടികൾക്ക് സമയം കിട്ടിയിട്ടില്ല. വയനാട് മണ്ഡലത്തിൽ മത്സരിച്ച യു.ഡി.എഫിന്റെ രാഹുൽ ഗാന്ധി, എൽ.ഡി.എഫിന്റെ ആനി രാജ, എൻ.ഡി.എയുടെ കെ. സുരേന്ദ്രൻ എന്നിവരുടെയെല്ലാം ബോർഡുകൾ വിവിധയിടങ്ങളിൽ ഇപ്പോഴും തൂങ്ങിക്കിടക്കുകയാണ്.
മാനന്തവാടി, കൽപറ്റ, സുൽത്താൻ ബത്തേരി, മീനങ്ങാടി, പുൽപള്ളി, മാനന്തവാടി തുടങ്ങി എല്ല സ്ഥലങ്ങളിലും നൂറുകണക്കിന് ബോർഡുകളാണ് ഇപ്പോഴുമുള്ളത്. റോഡരികിൽ സ്വകാര്യ സ്ഥലങ്ങളിലാണ് ബോർഡുകൾ മിക്കതും ഉള്ളത്.
ചിലയിടങ്ങളിൽ കാഴ്ച മറയ്ക്കുന്ന രൂപത്തിലുള്ളവയും ഉണ്ട്. കോഴിക്കോട്-കൊല്ലഗൽ ദേശീയപാത 766ൽ മിക്കയിടങ്ങളിലും എൽ.ഡി.എഫ്, യു.ഡി.എഫ്, ബി.ജെ.പി ബോർഡുകൾ ഉണ്ട്. കൽപറ്റ-പടിഞ്ഞാറത്താറ-മാനന്തവാടി റോഡിലും ഇതുതന്നെയാണ് സ്ഥിതി.
തെരഞ്ഞെടുപ്പ് കഴിഞ്ഞയുടൻ സി.പി.എം മുഖപത്രത്തിന്റെ ഒന്നാം പേജിൽ എൽ.ഡി.എഫിന്റെ ഇത്തരം ബോർഡുകൾ പ്രവർത്തകർ എടുത്തുമാറ്റണമെന്ന അറിയിപ്പ് വന്നിരുന്നു. എന്നിട്ടും എൽ.ഡി.എഫിന്റെ നിരവധി ബോർഡുകൾ ഇപ്പോഴും പാതയോരങ്ങളിൽ കാണാം. ചിലയിടങ്ങളിലെ ഇത്തരം വലിയ ബോർഡുകൾ ഉയരത്തിലാണ് സ്ഥാപിച്ചിരിക്കുന്നത്. മഴയോടൊപ്പം കാറ്റും വന്നാൽ ഇവ നിലംപൊത്തി അപകടങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.