കൽപറ്റ: ജില്ലയിൽ ഈ വർഷം കടുവയുടെ ആക്രമണത്തിൽ ജീവൻ വെടിഞ്ഞത് രണ്ട് കർഷകരുടെ. മാനന്തവാടി പുതുശ്ശേരിയിൽ കടുവയുടെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ പള്ളിപ്പുറത്ത് തോമസ് (50) കഴിഞ്ഞ ജനുവരിയിലാണ് മരിച്ചത്. വീടിന് സമീപത്ത് വെച്ചാണ് കടുവ ഇയാളെ ആക്രമിച്ചത്. തോമസിന്റെ വലതു കാലിന് ഗുരുതര പരിക്കേറ്റിരുന്നു.
കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുന്നതിനിടെ ഹൃദയാഘാതം സംഭവിച്ച് തോമസ് മരണപ്പെടുകയായിരുന്നു. അന്ന് സംഭവസ്ഥലത്ത് നാട്ടുകാർ പ്രതിഷേധിക്കുകയും തുടർന്ന് കടുവയെ പിടികൂടാൻ കൂടുവെക്കുകയും തോമസിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാനും തീരുമാനിച്ചിരുന്നു. പിന്നീട് കടുവയെ പിടികൂടുകയും നഷ്ടപരിഹാരം നൽകുകയും ചെയ്തു. കർഷകർക്ക് സ്വന്തം കൃഷിയിടത്തിൽ പോലും ജോലി ചെയ്യാൻ കഴിയാത്ത സാഹചര്യമാണ് ജില്ലയിലുള്ളത്.
സുൽത്താൻ ബത്തേരി: പൂതാടി പഞ്ചായത്തിലെ വാകേരി, മൂടക്കൊല്ലി പ്രദേശങ്ങൾ കടുവകളുടെ പ്രധാന താവളമായിരിക്കുകയാണ്. കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ നിരവധി തവണയാണ് ഇവിടെ കടുവ എത്തിയത്. എന്നാൽ മനുഷ്യനെ കൊന്ന് ഭക്ഷിക്കുന്നത് ഇതാദ്യം. ചെതലയം കാടിനോട് ചേർന്ന് കിടക്കുന്ന പ്രദേശമാണ് വാകേരി, മൂടക്കൊല്ലി, മടൂർ, സിസി എന്നിവയൊക്കെ.
ഇവിടങ്ങളിൽ കടുവകളുടെ സാന്നിധ്യം വർധിച്ചിരിക്കുകയാണ്. മുമ്പ് വാകേരി ഏദൻവാലി എസ്റ്റേറ്റിൽ പല തവണ കടുവ എത്തി. തൊഴിലാളികൾ തലനാരിഴക്ക് രക്ഷപ്പെട്ട സംഭവം ഉണ്ടായിട്ടുണ്ട്. കടുവ എത്തുമ്പോഴൊക്കെ വനംവകുപ്പ് എത്തി കാമറ സ്ഥാപ്പിച്ച് നിരീക്ഷണം ശക്തമാക്കും. ഏതാനും ദിവസത്തെ വസത്തിന് കടുവ തിരിച്ച് പോകുകയുമാണ് പതിവ്. ഇടവേളക്ക് ശേഷം കടുവ എത്തുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.