കൽപറ്റ: നഗരത്തിൽ എമിലി ഹൃദ്യനഗറിൽ പട്ടാപ്പകൽ പുലിയിറങ്ങിയെന്ന പ്രചാരണം നാട്ടുകാരിൽ ആശങ്കയുയർത്തി. ജില്ല പൊലീസ് മേധാവിയുടെ ഓഫിസിന് സമീപം എമിലി ഭാഗത്ത് പുലിയിറങ്ങിയെന്നായിരുന്നു വാർത്ത പ്രചരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് 1.30 ഓടെയാണ് സംഭവം.
പുലിയിറങ്ങിയെന്ന് പ്രദേശവാസികൾ പറഞ്ഞതോടെ പൊലീസ് നാട്ടുകാർക്ക് ജാഗ്രത നിർദേശം നൽകി. ഏകദേശം 50 മീറ്റർ അകലത്തിലൂടെ പുലി ഇറങ്ങിപ്പോവുന്നത് കണ്ടതായും രണ്ടുപേർ പറഞ്ഞു. വീടിന്റെ പിറകിൽ ഉച്ചഭക്ഷണത്തിനായി കൈകഴുകുമ്പോൾ വന്യമൃഗം മരത്തിൽനിന്ന് ചാടി ഓടുന്നതാണ് കണ്ടതെന്ന് ഇവർ പറഞ്ഞു.
എന്നാൽ, വനംവകുപ്പിന്റെ ദ്രുതകർമസേന ബീറ്റ് ഓഫിസർ വിനോദ് കുമാറിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തി അന്വേഷണം നടത്തി. പൂച്ചപ്പുലിയുടെ ചിത്രം ഇവരെ കാണിച്ചതോടെ ഇതുപോലുള്ള മൃഗത്തെയാണ് കണ്ടതെന്ന് വ്യക്തമാക്കുകയായിരുന്നു. ആഴ്ചകളോളമായി ഈ ഭാഗത്ത് പുലിയുടെ സാന്നിധ്യമുണ്ടെന്ന പ്രചരണവുമുണ്ടായിരുന്നു.
എന്നാൽ, ആഴ്ചകളായി ജനവാസ മേഖലയിൽ പുലി തങ്ങുകയാണെങ്കിൽ വളർത്തുമൃഗങ്ങളെ കൊന്നുതിന്നാൻ സാധ്യതയുണ്ടെന്നും ഈ പ്രദേശത്ത് അങ്ങനെയൊരു സംഭവം ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. സാഹചര്യത്തെളിവുകളും നാട്ടുകാർ നൽകുന്ന വിവരവുമനുസരിച്ചും ഇവിടെയുള്ളത് പൂച്ചപ്പുലിയാകാനാണ് സാധ്യതയെന്ന് വനം അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.