കൽപറ്റ: ദശാബ്ദങ്ങളുടെ കാത്തിരിപ്പിനൊടുവിൽ വയനാട്ടുകാരുടെ ആ സ്വപ്നവും സഫലമായി. ജില്ലയുടെ കായിക കുതിപ്പിന് അടിത്തറയായി തിങ്കളാഴ്ച വൈകീട്ട് കല്‍പറ്റ മരവയലിലെ എം.കെ. ജിനചന്ദ്രന്‍ സ്മാരക ജില്ല സ്റ്റേഡിയം ഉത്സവാന്തരീക്ഷത്തിൽ നാടിന് സമർപ്പിച്ചു.
ട്രാക്കിലും ഫീൽഡിലുമായി ദേശീയ-അന്തർദേശീയ തലങ്ങളിൽ ഒരുപിടി താരങ്ങളെ സമ്മാനിച്ച വയനാടിന്‍റെ സ്വന്തം സ്റ്റേഡിയത്തിന്‍റെ ഉദ്ഘാടനം നൂറുകണക്കിന് പേരെ സാക്ഷിയാക്കി കായിക മന്ത്രി വി. അബ്ദുറഹ്‌മാന്‍ നിർവഹിച്ചു. കായിക മൈതാനങ്ങള്‍ നാടിന് മുതല്‍ക്കൂട്ടാവണമെന്നും താഴിട്ട് പൂട്ടാതെ പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുക്കണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി പറഞ്ഞു.
ജനകീയ സഹകരണത്തോടെ സ്റ്റേഡിയം പരിപാലിക്കുന്നതിന് സംവിധാനങ്ങള്‍ ഉണ്ടാകണം. ഇതിനായുളള ചെലവുകള്‍ പ്രാദേശികമായി കണ്ടെത്തണം. ചെറിയ തുക വരിസംഖ്യയായി സ്വീകരിക്കാവുന്നതാണെന്നും മന്ത്രി പറഞ്ഞു. ജില്ലയില്‍ 130 കോടിയാണ് നിലവില്‍ കായിക മേഖലയുടെ അടിസ്ഥാന വികസനത്തിനായി ചെലവഴിക്കുന്നത്.
37 കോടി ചെലവില്‍ അമ്പിലേരിയില്‍ ഇന്‍ഡോര്‍ സ്റ്റേഡിയം പൂര്‍ത്തിയാവുന്നു. മലബാറില്‍ തന്നെ ഏറ്റവും വലിയ സ്റ്റേഡിയമാണിത്. ഡിസംബറില്‍ നാടിന് തുറന്നുകൊടുക്കാനുള്ള ഒരുക്കമാണ് നടത്തുന്നത്. സംസ്ഥാനത്ത് അഞ്ചു ലക്ഷം കുട്ടികള്‍ക്ക് ഐ.എം വിജയന്റെ നേതൃത്വത്തില്‍ സന്തോഷ് ട്രോഫി താരങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് ഫുട്‌ബാള്‍ പരിശീലനം നല്‍കുന്നതിനുള്ള പദ്ധതി തുടങ്ങിയിട്ടുണ്ട്.
കല്‍പറ്റയിലെ ജില്ല സ്റ്റേഡിയത്തിലും ഇതിന്റെ ഭാഗമായുളള പരിശീലനം നല്‍കുന്നത് പരിഗണിക്കും. ജില്ല സ്റ്റേഡിയത്തിലേക്കുള്ള റോഡ് നവീകരിക്കുന്നതിന് മൂന്നു കോടി വകയിരുത്തിയിട്ടുണ്ട്. ടെൻഡര്‍ നടപടികള്‍ പുരോഗമിക്കുന്നു.
സ്‌കൂള്‍ പാഠ്യപദ്ധതികളില്‍ കായിക മേഖലക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുമെന്ന് മന്ത്രി പറഞ്ഞു. പഞ്ചായത്തുകളില്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലുകള്‍ രൂപവത്കരിക്കും. കളിസ്ഥലങ്ങള്‍ ഇല്ലാത്ത പഞ്ചായത്തുകളില്‍ ഇതിനുളള സൗകര്യം ഒരുക്കും. ശരിയായ ആരോഗ്യത്തിന് കായികക്ഷമത വളര്‍ത്താനും നാടുകള്‍ തോറും മൈതാനങ്ങള്‍ വേണമെന്നും മന്ത്രി അബ്ദുറഹ്മാൻ പറഞ്ഞു.
സിന്തറ്റിക് ട്രാക്ക് ഉൾപ്പെടെയുള്ള ജില്ല സ്റ്റേഡിയത്തിന്‍റെ ഉദ്ഘാടനത്തിന് നൂറുകണക്കിന് പേരാണെത്തിയത്. ഉദ്ഘാടനം നാടിന്‍റെ ആഘോഷമാക്കി മാറി. ഉദ്ഘാടനത്തിനുശേഷം കായികപ്രേമികളുടെ ഹർഷാരവങ്ങൾക്കിടെ ആവേശമായി കേരള പൊലീസ്, യുനൈറ്റഡ് എഫ്.സി ടീമുകളുടെ പ്രദര്‍ശന ഫുട്ബാൾ മത്സരവും നടന്നു.
ടി. സിദ്ദീഖ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. രാഹുൽ ഗാന്ധി എം.പിയുടെ സന്ദേശം വായിച്ചു. ഒ.ആര്‍. കേളു എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, മുനിസിപ്പൽ ചെയർമാൻ കെ.എം. തൊടി മുജീബ്, മുൻ എം.എൽ.എ സി.കെ. ശശീന്ദ്രൻ, പ്രശസ്ത ഫുട്ബാൾ താരം ഐ.എം. വിജയൻ, ഫുട്‌ബാള്‍ താരങ്ങളായ സി.കെ. വിനീത്, സുശാന്ത് മാത്യു എന്നിവർ മുഖ്യാതിഥികളായിരുന്നു.
കായിക യുവജന ഡയറക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ല സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് എം. മധു സ്വാഗതം പറഞ്ഞു.
കൽപറ്റ: മൂന്ന് പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിൽ ജില്ലയുടെ കായികസ്വപ്നങ്ങള്‍ക്ക് പ്രതീക്ഷയായാണ് മരവയലില്‍ എം.കെ. ജിനചന്ദ്രന്‍ സ്മാരക ജില്ല സ്റ്റേഡിയത്തിൽ തിങ്കളാഴ്ച വൈകീട്ട് ദീപശിഖ തെളിച്ചത്. ഇനി പുതിയ വേഗങ്ങള്‍ക്കും മുന്നേറ്റങ്ങള്‍ക്കും ഇവിടെ ട്രാക്കുണരും.
മാനന്തവാടി പഴശ്ശിപാര്‍ക്കില്‍ നിന്നും ഒ.ആര്‍ കേളു എം.എല്‍.എ കായിക താരങ്ങള്‍ക്ക് കൈമാറിയ ദീപശിഖ വൈകീട്ട് 4.30 ഓടെ മരവയലിലെ സ്റ്റേഡിയത്തില്‍ എത്തി. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഭാരവാഹികളുടെ നേതൃത്വത്തില്‍ ദീപശിഖ ഏറ്റുവാങ്ങി.
ജില്ലയില്‍ നിന്നുള്ള ഒളിമ്പ്യന്‍മാരായ മഞ്ജിമ കുര്യാക്കോസ്, ടി. ഗോപി, ദേശീയ താരങ്ങളായ ഇബ്രാഹിം ചീനിക്ക, ടി. താലിബ് എന്നിവര്‍ ദീപശിഖയുമായി സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്ക് വലംവെച്ചു. പ്രത്യേകം ഒരുക്കിയ ദീപസ്തംഭത്തിലേക്ക് മന്ത്രി വി. അബ്ദുറഹ്‌മാന്‍ ദീപം പകര്‍ന്നതോടെ ഉദ്ഘാടന ചടങ്ങുകള്‍ക്ക് തുടക്കമായി.
ഫുട്‌ബാള്‍ താരം ഐ.എം. വിജയന്‍ പതാക ഉയര്‍ത്തി. എം.കെ. ജിനചന്ദ്രന്റെ ഫോട്ടോ മന്ത്രി അനാച്ഛാദനം ചെയ്തു. ആയോധന കലകളുടെ പ്രദര്‍ശനവും സംഗീത വിരുന്നും പൊലിമയേകി.
അന്തർദേശീയ മത്സരങ്ങൾ ഉൾപ്പെടെ നടത്തുന്നതിന് പര്യാപ്തമായ എട്ട് ട്രാക്കുകളുള്ള ലോകനിലവാരത്തിലുള്ള 400 മീറ്റർ സിന്തറ്റിക്ക് ട്രാക്ക്, സ്വാഭാവിക പ്രതലത്തോടു കൂടിയ ഫുട്ബാൾ ഗ്രൗണ്ട്, 26,900 ചതുരശ്ര അടി വിസ്തീർണമുളള വി.ഐ.പി ലോഞ്ച്, കളിക്കാർക്കും മാധ്യമ പ്രവർത്തകർക്കുമുള്ള ഓഫിസ് മുറികൾ, 9,400 ചതുരശ്ര അടി വിസ്തീർണമുള്ള ഹോസ്റ്റൽ കെട്ടിടം, പൊതു ശൗചാലയം, ജല വിതരണ സംവിധാനം, മഴവെള്ള സംഭരണി, 9,500 ചതുരശ്ര അടി വിസ്തീർണത്തിൽ രണ്ട് നിലകളിൽ അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്ക് എന്നിവയാണ് സ്റ്റേഡിയത്തിലുള്ളത്. 18.67 കോടി രൂപ ചെലവിലാണ് സ്റ്റേഡിയത്തിന്റെ നിർമാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചത്.
1987ലാണ് അന്നത്തെ ജില്ല സ്പോർട്സ് കൗൺസിലിന്‍റെ വൈസ് പ്രസിഡന്‍റും ജില്ലയിലെ പൗര പ്രമുഖനുമായ എം.ജെ. വിജയപത്മൻ, ചന്ദ്രപ്രഭ ചാരിറ്റബ്ൾ ട്രസ്റ്റിന്‍റെ വകയായി ഗ്രൗണ്ടിനാവശ്യമായ എട്ട് ഏക്കർ ഭൂമി സൗജന്യമായി നൽകിയത്.
2016ലെ സർക്കാറിന്‍റെ കാലത്ത് അന്നത്തെ സ്ഥലം എം.എൽ.എ സി.കെ. ശശീന്ദ്രന്‍റെയും ജില്ല സ്പോർട്സ് കൗൺസിലിന്‍റെയും ശ്രമഫലമായിട്ടാണ് സ്റ്റേഡിയം നിർമാണത്തിനാവശ്യമായ ഫണ്ട് അനുവദിച്ചു കിട്ടിയത്. 18.67 കോടിയാണ് കിഫ്ബി മുഖേന നിർമാണത്തിനായി ചെലവിട്ടത്. കിറ്റ്ക്കോ മുഖേനയായിരുന്നു നിർമാണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.