കല്പറ്റ: കൈനാട്ടിയിലെ ഗതാഗതക്കുരുക്കിന് പരിഹാരമാവുമെന്ന പ്രതീക്ഷയിൽ ഓട്ടോമാറ്റിക് ട്രാഫിക് സിഗ്നല്‍ പ്രവർത്തനം ഇന്ന് ആരംഭിക്കുന്നു. പൊതുമരാമത്ത് വകുപ്പിന്റെ റോഡ് സേഫ്റ്റി ഫണ്ടിൽനിന്ന് 14 ലക്ഷം ചെലവഴിച്ചാണ് സിഗ്നല്‍ സ്ഥാപിച്ചത്. കെല്‍ട്രോണിനായിരുന്നു നിർമാണ ചുമതല.
ശനിയാഴ്ച വൈകീട്ട് മൂന്നിന് അഡ്വ. ടി.സിദ്ദീഖ് എം.എല്‍.എ ഓട്ടോമാറ്റിക് ട്രാഫിക് സിഗനല്‍ ലൈറ്റുകളുടെ ഉദ്ഘാടനം നിർവഹിക്കും. മുനിസിപ്പല്‍ ചെയര്മാന് കേയംതൊടി മുജീബ് അധ്യക്ഷത വഹിക്കും.
കല്പറ്റ ജനറല്‍ ആശുപത്രിയിലേക്കും ജില്ല ആസ്ഥാനമായ കല്പറ്റ, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി ഭാഗങ്ങളിലേക്കുമായി നൂറുകണക്കിന് വാഹനങ്ങളും യാത്രക്കാരുമാണ് ദിനേന കൈനാട്ടി ജങ്ഷനിലെത്തുന്നത്. ഇത് പലപ്പോഴും ഗതാഗതക്കുരുക്കിന് കാരണമാവാറുണ്ട്. സുല്‍ത്താന്‍ ബത്തേരി ഭാഗത്തേക്കുള്ള ബസ് വെയ്റ്റിങ് ഷെഡ് നേരത്തേ നഗരസഭ മാറ്റി സ്ഥാപിച്ചിരുന്നു. ഇതോടെ കൈനാട്ടി ജങ്ഷനിലെ ആള്‍ക്കൂട്ടവും ഗതാഗത തടസ്സവും കുറക്കാനായി.
കല്പറ്റ, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി മൂന്ന് ഭാഗത്തേക്കും ഓട്ടോമാറ്റിക് സിഗനല്‍ ലൈറ്റുകള്‍ ഇന്നുമുതൽ തെളിയും.
ബള്‍ബടക്കമുള്ള സംവിധാനങ്ങളും ഇലക്ട്രിഫിക്കേഷന് ജോലികളും പൂര്‍ത്തിയാക്കി ഓട്ടോമാറ്റിക് സംവിധാനത്തിന്റെ സമയക്രമീകരണം നടപ്പാക്കിയാണ് ട്രാഫിക് സിഗനല്‍ യാഥാർഥ്യമാവുന്നത്.
കല്പറ്റയിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി ട്രാഫിക് ജങ്ഷന്, പിണങ്ങോട് ജങ്ഷന് എന്നിവിടങ്ങളില്‍ നഗരസഭ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഓട്ടോമാറ്റിക് സിഗനല്‍ ലൈറ്റുകള്‍ ഘട്ടംഘട്ടമായി സ്ഥാപിക്കുമെന്നും മുനിസിപ്പല്‍ ചെയര്മാന് കേയംതൊടി മുജീബ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.