കല്പറ്റ: ജില്ലയിൽ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റുമാരുടെ സ്ഥലംമാറ്റ ഉത്തരവ് വിവാദത്തിൽ. മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ചില ഫീല്‍ഡ് അസിസ്റ്റന്റുമാരുടെ സ്ഥലം മാറ്റമെന്നാണ് പരാതി. ഡെപ്യൂട്ടി കലക്ടര്‍(ജനറല്‍) ജൂണ്‍ 30ന് ഇറക്കിയ ഉത്തരവാണ് വിവാദത്തിലായത്. ലാന്‍ഡ് റവന്യൂ കമീഷണർ കഴിഞ്ഞ മേയ് 24ന് പുറപ്പെടുവിച്ച മാനദണ്ഡങ്ങൾക്ക് വിരുദ്ധമായാണ് ഡെപ്യൂട്ടി കലക്ടറുടെ ഉത്തരവെന്നാണ് ആക്ഷേപം.
ജീവനക്കാരെ സ്ഥലംമാറ്റുമ്പോള്‍ നേരത്തേ ജോലി ചെയ്ത ഓഫിസുകളില്‍ നിയമിക്കാതിരിക്കുക, ഫീല്‍ഡ് അസിസ്റ്റന്റ് തസ്തികയില്‍ ഒരേ വില്ലേജ് ഓഫിസില്‍ മൂന്നു വര്‍ഷത്തിലധികമായി തുടരുന്നവരെ അടിയന്തരമായി മാറ്റി നിയമിക്കുക എന്നിവയാണ് നിര്‍ദേശത്തിൽ പ്രധാനമായും ഉണ്ടായിരുന്നത്.
എന്നാൽ, നിരവധി പേരെ നേരത്തെ ജോലി ചെയ്തിരുന്ന വില്ലേജ് ഓഫിസിലേക്ക് തന്നെ സ്ഥലം മാറ്റിയെന്നാണ് പ്രധാന ആരോപണം. മൂന്ന് വർഷമാകാത്ത വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റുമാരെയും സ്ഥലം മാറ്റിയിട്ടുണ്ട്. ജനത്തിരക്കുള്ള വില്ലേജുകളിൽ ഒരാളെ മാത്രം നിയമിക്കുകയും അല്ലാത്ത ഓഫിസുകളിൽ കൂടുതൽ പേരെ നിയമിച്ചതായും ആരോപണമുണ്ട്. വയനാട്ടിൽ മൂന്ന് താലൂക്കുകളിലായി 49 വില്ലേജ് ഓഫിസുകളാണ് ഉള്ളത്.
വൈത്തിരി വില്ലേജിൽ 18, ബത്തേരിയിൽ 15, മാനന്തവാടിയിൽ 16 എന്നിങ്ങനെയാണ് വില്ലേജ് ഓഫിസുകളുടെ എണ്ണം. അപേക്ഷ നൽകിയാലല്ലാതെ താലൂക്ക് മാറി സ്ഥലം മാറ്റം പാടില്ലെന്നാണ് നിയമം. സ്ഥലം മാറ്റത്തിൽ നിര്‍ദേശങ്ങളുടെ ലംഘനം ചൂണ്ടിക്കാട്ടി കേരള റവന്യൂ വില്ലേജ് സ്റ്റാഫ് ഓര്ഗനൈസേഷന് റവന്യൂ മന്ത്രിക്കും ജില്ലാ കലക്ടര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. ജില്ലയില്‍ ജീവനക്കാരെ മുമ്പ് ജോലി ചെയ്ത ഓഫിസിലേക്ക് വീണ്ടും സ്ഥലം മാറ്റിയതായി പരാതിയില്‍ ചൂണ്ടിക്കാട്ടി.
ഒരു ഓഫിസില്‍ തുടര്‍ച്ചയായി ഒരു വര്‍ഷത്തെ സേവനം പോലും പൂര്‍ത്തിയാക്കാത്തവരെ സ്ഥലംമാറ്റിയതായും സംഘടന നൽകിയ പരാതിയില്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.