കൽപറ്റ: ജനവാസ കേന്ദ്രങ്ങളിൽ കാട്ടുപോത്തിറങ്ങുന്നത് പതിവായതോടെ ആശങ്കയിൽ ജനങ്ങൾ. ആഴ്ചകളായി ജില്ലയുടെ വിവിധ ഭാഗങ്ങളിലാണ് ജനവാസ മേഖലയിൽ കാട്ടുപോതതുകളെ കാണുന്നത്. ബുധനാഴ്ച രാവിലെ ഏഴുമണിയോടെയാണ് മുട്ടിൽ പരിയാരം ചിലഞ്ഞിച്ചാൽ പ്രദേശത്ത് പ്രദേശവാസികൾ കാട്ടുപോത്തിനെ കണ്ടത്. റോഡിലൂടെ നടന്നു വരുന്ന കാട്ടുപോത്തിനെ കണ്ടതോടെ നാട്ടുകാർ വനം വകുപ്പിനെ വിവരം അറിയിച്ചു.
അപ്പോഴേക്കും കാട്ടുപോത്ത് സമീപത്തെ തോട്ടത്തിലേക്ക് കടന്നു. പിന്നീട് വനംവകുപ്പിന്റെ നിരീക്ഷണത്തിലായ കാട്ടുപോത്ത് കരണി, കല്ലുവയൽ, കല്ലംചിറ പ്രദേശങ്ങളിലേക്ക് കടന്നു. വൈകുന്നേരത്തോടെ താഴമുണ്ട വഴി മാനിയാവിൽ എത്തി. ചെതലയം ഫോറസ്റ്റ് റേഞ്ചിലെത്തിയതോടെ വനത്തിനുള്ളിലേക്ക് തുരത്താനുള്ള നടപടി വനംവകുപ്പ് സ്വീകരിച്ചു.
ചൊവാഴ്ച രാവിലെ വാഴവറ്റ, പാക്കം, ചീപ്രം പ്രദേശങ്ങളിൽ കാട്ടുപോത്തിറങ്ങിയിരുന്നു. വാഴവറ്റ ടൗണിൽ എത്തിയെങ്കിലും പിന്നീട് സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലേക്ക് കയറിപോകുകയായിരുന്നു. ചൊവാഴ്ച കാരാപ്പുഴ പദ്ധതി പ്രദേശത്ത് നാട്ടുകാർ കാട്ടുപോത്തിനെ കണ്ടിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നിരീക്ഷണം നടത്തുന്നുണ്ടെങ്കിലും തുരത്താൻ കഴിഞ്ഞിട്ടില്ല.
കാടില്ലാത്ത പ്രദേശങ്ങളിൽ കാട്ടുപോത്തുൾപ്പെടെ എത്തുന്നത് ജനങ്ങളെ ആശങ്കയിലാക്കുന്നുണ്ട്. മാസങ്ങൾക്ക് മുമ്പ് കാരാപ്പുഴ ഭാഗത്ത് കാട്ടുപോത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു.
വെള്ളിയാഴ്ച രാത്രി ചുള്ളിയോടിനടുത്തെ മംഗലംകാപ്പ്, വലിയവട്ടം, അരിമാനി എന്നിവിടങ്ങളിൽ രണ്ട് കാട്ടുപോത്തുകൾ എത്തിയത്. സുൽത്താൻ ബത്തേരി മൈതാനിക്കുന്നിലും ശനിയാഴ്ച രാത്രി ഒരു കാട്ടുപോത്ത് എത്തിയിരുന്നു. പഴൂർ വനത്തിലേക്ക് ഒരു കാട്ടുപോത്തിനെ ശനിയാഴ്ച കയറ്റിവിട്ടതായി വനം അധികൃതർ പറഞ്ഞു. കാട്ടുപോത്തുകൾ ആക്രമണ സ്വഭാവം കാണിക്കാത്തതിനാൽ അനിഷ്ടസംഭവങ്ങൾ ഒന്നും ഉണ്ടായില്ല.
പുൽപള്ളി: കർണാടക അതിർത്തിയോട് ചേർന്ന് കിടക്കുന്ന വണ്ടിക്കടവിൽ കാട്ടാനശല്യം രൂക്ഷമാകുന്നു. ചക്കയും മാങ്ങയും വിളഞ്ഞ് പാകമാകാൻ തുടങ്ങിയതോടെയാണ് സമീപ വനത്തിൽ നിന്നും ഇറങ്ങി കാട്ടാനകൾ കൃഷിയിടങ്ങളിൽ വൻ നാശം വരുത്തുന്നത്. വനാതിർത്തിയിൽ പ്രതിരോധ സംവിധാനങ്ങൾ കാര്യക്ഷമമല്ല. കന്നാരം പുഴ കടന്നെത്തുന്ന കാട്ടാനകൾ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി മാറി.
കഴിഞ്ഞ ദിവസം പ്രദേശത്ത് ഇറങ്ങിയ കാട്ടാന നിരവധി കൃഷിയിടങ്ങളിലെ വാഴകൃഷി നശിപ്പിച്ചു. കർണാടക വനത്തിൽ നിന്നിറങ്ങുന്ന ആനകൾ ഉണ്ടാക്കുന്ന നാശത്തിന് അർഹമായ നഷ്ടപരിഹാരവും നൽകുന്നില്ല. വനാതിർത്തി മേഖലയായ വണ്ടിക്കടവ് ജനവാസമേഖലയാണ്.
റോഡിന് ഇരുവശവും നൂറുകണക്കിന് വീടുകളുണ്ട്. ഈ സ്ഥലത്താണ് സന്ധ്യമയങ്ങുന്നതോടെ ആനകൾ എത്തുന്നത്. മഴക്കാലമാകുന്നതോടെ ആന ശല്യം വീണ്ടും രൂക്ഷമാകുന്നു. വനാതിർത്തിയിൽ ഫെൻസിങ് ജോലികൾ പൂർത്തിയായിട്ടില്ല. കൊളവള്ളി മുതൽ വണ്ടിക്കടവ് വരെയുളള തൂക്കുവേലി നിർമാണം ഇനിയും ആരംഭിച്ചിട്ടില്ല. ഇതും കാട്ടാനശല്യം വർധിക്കാൻ കാരണമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.