കൽപറ്റ: കോവിഡ് പശ്ചാത്തലത്തില്‍ യാത്രക്കാര്‍ക്ക് സുരക്ഷിത യാത്ര ഉറപ്പുവരുത്തുന്നതിനായി കെ.എസ്.ആര്.ടി.സിയുടെ ബോണ്ട് (ബസ് ഓൺ ഡിമാൻഡ്) സര്‍വിസിന് ജില്ലയില്‍ തുടക്കം. ബത്തേരി ബസ് സ്റ്റാന്‍ഡില്‍നിന്ന് ആരംഭിച്ച ആദ്യ ബോണ്ട് സര്‍വിസിന് സിവില്‍ സ്റ്റേഷന് പരിസരത്ത് കലക്ടര്‍ ഡോ. അദീല അബ്ദുല്ലയുടെ നേതൃത്വത്തില്‍ സ്വീകരണം നല്കി. സര്‍വിസിെൻറ ഉദ്ഘാടനവും കലക്ടര്‍ നിര്‍വഹിച്ചു.
കോവിഡ് കാലത്ത് സ്ഥിരയാത്രക്കാര്‍ക്ക് കൂടുതല്‍ സുരക്ഷ നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് കെ.എസ്.ആര്.ടി.സി ബോണ്ട് സര്‍വിസ് ആരംഭിച്ചത്. നിശ്ചിത ദിവസത്തേക്ക് മുന്‍കൂട്ടി പണമടച്ച് ലഭിക്കുന്ന ബോണ്ട് ട്രാവല്‍ കാര്‍ഡ് ഉപയോഗിച്ചാണ് യാത്രസൗകര്യം. 5, 10, 15, 20, 25 ദിവസങ്ങളിലേക്കുള്ള പണം മുന്‍കൂട്ടി അടച്ച് കാര്‍ഡുകള്‍ എടുക്കാം. 10 ദിവസങ്ങളിലേക്കുള്ള പണമടച്ച് കാര്‍ഡ് വാങ്ങുന്നവര്‍ക്ക് തുടര്‍ന്നുള്ള 20 പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ യാത്ര ചെയ്താല്‍ മതി.
സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും ബോണ്ട് സംവിധാനം ലഭ്യമാകും. ഇവര്‍ക്ക് ജോലി ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് മുന്നില്‍നിന്ന് തന്നെ ബസ് കയറാനും ഇറങ്ങാനുമുള്ള സൗകര്യമൊരുക്കും.
യാത്രക്കാര്‍ക്ക് ബസില്‍ സൗജന്യ വൈഫൈ ലഭിക്കും. കെ.എസ്.ആര്.ടി.സി ഡിപ്പോയില്‍ യാത്രക്കാരുടെ ഇരുചക്ര വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് സൗകര്യവും ലഭിക്കും. മറ്റു യാത്രക്കാരെ ബസില്‍ അനുവദിക്കാത്തതിനാല്‍ കൂടുതല്‍ സ്റ്റോപ്പുകള്‍ ഉണ്ടാവില്ല.
നിലവില്‍ ബത്തേരിയില്‍നിന്ന് കൽപറ്റയിലേക്കാണ് ബോണ്ട് സര്‍വിസ്. ബത്തേരി - പുല്പള്ളി, മാനന്തവാടി -കല്പറ്റ, പുല്പള്ളി -കേണിച്ചിറ, അമ്പലവയല്‍-മീനങ്ങാടി-സിവില്‍ സ്റ്റേഷന് തുടങ്ങിയ റൂട്ടുകളിലേക്കും സര്‍വിസുകള്‍ ഉടന്‍ ആരംഭിക്കുമെന്ന് കെ.എസ്.ആര്.ടി.സി ബോണ്ട് സര്‍വിസ് കോഓഡിനേറ്റര്‍ സി.കെ. ബാബു അറിയിച്ചു. ബോണ്ട് സര്‍വിസ് യാത്ര ഉപയോഗിക്കുന്നവര്‍ക്ക് 10 ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ട്.
കെ.എസ്.ആര്.ടി.സി ബോര്‍ഡ് മെംബര്‍ സി.എം. ശിവരാമന്, നോര്‍ത്ത് സോണ്‍ സോണല്‍ ഓഫിസര്‍ സി.വി. രവീന്ദ്രന്, കല്പറ്റ എ.ടി.ഒ പി.കെ. പ്രശോഭ്, ബത്തേരി എ.ടി.ഒ കെ. ജയകുമാര്‍, ആര്.ടി.ഒ എസ്. മനോജ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.