പുൽപള്ളി: ജപ്തി ഭീഷണിയെ തുടർന്ന് ഇരുളത്തെ അഭിഭാഷകനായ ടോമി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് പുൽപള്ളി സൗത്ത് ഇന്ത്യൻ ബാങ്കിന് മുന്നിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധസമരം സംഘടിപ്പിച്ചു. രാവിലെ എഫ്.ആർ.എഫ് പ്രവർത്തകർ ബാങ്ക് തുറക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് രംഗത്തെത്തി.
ഉപരോധസമരവുമായി ഉച്ചവരെ ഇവർ ബാങ്കിന് മുന്നിൽ ഇരുന്നു. അഭിഭാഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിനെതിരെ കുറ്റക്കാർക്കെതിരെ കേസെടുക്കണമെന്ന ആവശ്യവുമായാണ് പ്രതിഷേധം സംഘടിപ്പിച്ചത്. സമരം അഡ്വ. കെ.എം. മനോജ് ഉദ്ഘാടനം ചെയ്തു. ജില്ല ചെയർമാൻ പി.എം. ജോർജ്, എ.സി. തോമസ്, എ.എൻ. മുകുന്ദൻ, പി.ജെ. ജോർജ്, എൻ.ജെ. ചാക്കോ, ടി. ഇബ്രാഹിം, അജയ് വർക്കി, ജോസ് നെല്ലേടം തുടങ്ങിയവർ സംസാരിച്ചു. തിങ്കളാഴ്ചയും ബാങ്കിനുമുന്നിൽ ഉപരോധം സംഘടിപ്പിക്കുമെന്ന് നേതാക്കൾ അറിയിച്ചിട്ടുണ്ട്.
അഭിഭാഷകൻ എം.വി. ടോമിയുടെ മൃതദേഹം വെള്ളിയാഴ്ച സംസ്കരിച്ചതിനു ശേഷം സർവകക്ഷി ആക്ഷൻ കൗൺസിൽ നേതൃത്വത്തിൽ സൗത്ത് ഇന്ത്യൻ ബാങ്കിന്‍റെ പുൽപള്ളി ശാഖയിലേക്ക് ബഹുജന മാർച്ചും ധർണയും നടത്തി. ടോമിയുടെ മരണത്തിന് ബാങ്ക് മാനേജറുടെ പേരിൽ ആത്മഹത്യ പ്രേരണകുറ്റത്തിന് കേസെടുക്കുക, നിരാലംബമായ കുടുംബത്തിന്‍റെ സംരക്ഷണം ബാങ്കും സർക്കാറും ഏറ്റെടുക്കുക, ജപ്തി നടപടികളിൽ മനുഷ്യത്വരഹിതമായ നടപടികൾ സ്വീകരിച്ച കേണിച്ചിറ പൊലീസ് അധികൃതരുടെ പേരിൽ നടപടികൾ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ.
ധർണ കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.കെ. അബ്രഹാം ഉദ്ഘാടനം ചെയ്തു. ആക്ഷൻ കമ്മിറ്റി ചെയർമാനും പൂതാടി പഞ്ചായത്ത് വൈസ് പ്രസിഡന്‍റുമായ എം.എസ്. പ്രഭാകരൻ അധ്യക്ഷത വഹിച്ചു. കർഷകസംഘം ജില്ല സെക്രട്ടറി പി.കെ. സുരേഷ്, പുൽപള്ളി ഏരിയ പ്രസിഡന്‍റ് എ.വി. ജയൻ, ബി.ജെ.പി ജില്ല പ്രസിഡന്‍റ് കെ.പി. മധു, കെ.പി.സി.സി അംഗം കെ.എൽ. പൗലോസ് മുസ്ലിം ലീഗ് ജില്ല കമ്മിറ്റി അംഗം അയൂബ്, സി.പി.ഐ ജില്ല കമ്മിറ്റി അംഗം അഡ്വ. ഗീവർഗീസ്, ജനതാദൾ സംസ്ഥാന കമ്മിറ്റി അംഗം എ.പി. വർക്കി, കേരള കോൺഗ്രസ് എം ജില്ല വൈസ് പ്രസിഡന്‍റ് എൻ.യു. വിൽസൻ എന്നിവർ സംസാരിച്ചു. കർഷകസംഘം ജില്ല പ്രസിഡന്‍റ് ടി.ബി. സുരേഷ് സ്വാഗതവും ആക്ഷൻ കമ്മറ്റി കൺവീനർ പി.എം. ഷാജഹാൻ നന്ദിയും പറഞ്ഞു.
പുൽപള്ളി: ഇരുളത്തെ അഭിഭാഷകൻ എം.വി. ടോമിയുടെ വീട് ജപ്തി ചെയ്യാൻ വന്ന ബാങ്ക് അധികൃതരെ സഹായിക്കാൻ വീട്ടിൽ അതിക്രമം നടത്തിയ കേണിച്ചിറ പൊലീസ് ഇൻസ്പെക്ടറുടെയും ഉദ്യോഗസ്ഥരുടെയും നടപടിയിൽ പ്രതിഷേധിച്ച് ഇരുളത്ത് രൂപവത്കരിച്ച സർവകക്ഷി ആക്ഷൻ കൗൺസിൽ നേതൃത്വത്തിൽ ശനിയാഴ്ച രാവിലെ 10ന് കേണിച്ചിറ പൊലീസ് സ്റ്റേഷനിലേക്ക് ബഹുജന മാർച്ച് നടത്തും.
പുൽപള്ളി: എഫ്.ആർ.എഫ്, സർവകക്ഷി ആക്ഷൻ കൗൺസിൽ, വിവിധ സംഘടനകൾ എന്നിവയുടെ പ്രതിഷേധത്തെതുടർന്ന് വെള്ളിയാഴ്ച സൗത്ത് ഇന്ത്യൻ ബാങ്ക് പുൽപള്ളി ശാഖ തുറന്നുപ്രവർത്തിച്ചില്ല.
കൽപറ്റ: ഉപഭോക്താവ് എം.വി. ടോമിയുടെ അപ്രതീക്ഷിത മരണം ദൗര്‍ഭാഗ്യകരമാണെന്നും പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ ആറു വര്‍ഷമായി ബാങ്ക് ശ്രമിച്ചുവരുകയായിരുന്നുവെന്നും സൗത്ത് ഇന്ത്യന്‍ ബാങ്ക് അധികൃതർ വാർത്തകുറിപ്പിൽ അറിയിച്ചു. ടോമിയുടെ പേരില്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് പുല്‍പള്ളി ശാഖയില്‍ 10 ലക്ഷം രൂപയുടെ ഭവന വായ്പയും രണ്ടു ലക്ഷം രൂപയുടെ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് (കെ.സി.സി) വായ്പയും നിലവിലുണ്ട്.
തിരിച്ചടവ് തെറ്റിയതിനാല്‍ ഈ വായ്പ അക്കൗണ്ട് 2015 ഡിസംബർ 31ന് നിഷ്‌ക്രിയ അക്കൗണ്ടായി തരംതിരിച്ചു. തുടര്‍ന്ന് തുക വീണ്ടെടുക്കാന്‍ നിയമപ്രകാരമുള്ള സര്‍ഫാസി നടപടികള്‍ തുടങ്ങി. ആറു വര്‍ഷങ്ങള്‍ക്കിടെ രമ്യമായി സെറ്റില്‍ ചെയ്യാന്‍ ശ്രമിക്കുകയും തിരിച്ചടവിന് കൂടുതല്‍ സമയം അനുവദിക്കുകയും ചെയ്തു. ജപ്തി നടപടികളുമായി ബാങ്ക് കഴിഞ്ഞ ദിവസം മുന്നോട്ടുപോയത് കോടതി ഉത്തരവ് പ്രകാരം പൂര്‍ണമായും നിയമപരമായാണ്.
ഉപഭോക്താവും പ്രദേശത്തെ പ്രധാന വ്യക്തികളുമായി ബാങ്ക് അധികൃതര്‍ നടത്തിയ ചര്‍ച്ചയില്‍ 16 ലക്ഷം രൂപ തിരിച്ചടക്കാന്‍ ഉപഭോക്താവ് സന്നദ്ധത അറിയിച്ചു. തുക 10 ദിവസത്തിനകം അടക്കാമെന്ന് ഉറപ്പു നല്‍കി. ആദ്യ ഘഡു എന്ന നിലയില്‍ ഇതേദിവസം നാലു ലക്ഷം രൂപ ഉപഭോക്താവ് അടച്ചു. നിശ്ചിത ദിവസത്തിനകം തുക തിരിച്ചടക്കാമെന്ന രേഖാമൂലമുള്ള ഉറപ്പ് ഉപഭോക്താവും മധ്യസ്ഥരും ഒപ്പുവെച്ച് സൗത്ത് ഇന്ത്യന്‍ ബാങ്കിന് നല്‍കി. ഈ ഉറപ്പിന്മേല്‍ ജപ്തി നടപടി നിര്‍ത്തിവെച്ചു. ഉപഭോക്താവിനു മേല്‍ ബാങ്ക് ഒരുതരത്തിലുള്ള സമ്മർദവും ചെലുത്തിയിട്ടില്ലെന്നും രമ്യമായി വിഷയം തീര്‍പ്പാക്കാന്‍ പരമാവധി ശ്രമിക്കുകയാണ് ചെയ്തിട്ടുള്ളതെന്നും വാർത്തകുറിപ്പിൽ ബാങ്കധികൃതർ വ്യക്തമാക്കി.
പുൽപള്ളി: സൗത്ത് ഇന്ത്യൻ ബാങ്കിന്‍റെ ജപ്തി ഭീഷണി മൂലം അഭിഭാഷകൻ ജീവനൊടുക്കിയ സംഭവത്തിൽ ബാങ്ക് ഉദ്യോഗസ്ഥർക്കെതിരെയും കേണിച്ചിറ പൊലീസ് സബ് ഇൻസ്പെക്ടർക്കെതിരെയും നടപടി സ്വീകരിക്കണമെന്ന് ജനതാദൾ എസ് പുൽപള്ളി മേഖല കമ്മിറ്റി ആവശ്യപ്പെട്ടു. കുടുംബത്തിന്‍റെ കടബാധ്യത പൂർണമായും സർക്കാർ ഏറ്റെടുക്കണം. ടി.എസ്. അരുൺ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ബെന്നി കുറുമ്പാലക്കാട്ട്, വൈസ് പ്രസിഡന്‍റ് എ.ജെ. കുര്യൻ, ഇന്ദിര സുകുമാരൻ, ബാബു മീനംകൊല്ലി, എ.കെ. കുമാർ തുടങ്ങിയവർ സംസാരിച്ചു.
കല്‍പറ്റ: അഡ്വ. ടോമിയുടെ മരണം വയനാടിനെ ഞെട്ടിച്ച സംഭവമാണെന്നും ജില്ലയില്‍ കടക്കെണി മൂലമുള്ള ആത്മഹത്യകള്‍ പെരുകുന്നത് ആശങ്കയുണ്ടാക്കുന്നതാണെന്നും ഡി.സി.സി പ്രസിഡന്‍റ് എന്‍.ഡി. അപ്പച്ചന്‍. കടബാധ്യതമൂലമുള്ള ആത്മഹത്യകളുടെ ഉത്തരവാദിത്തത്തില്‍നിന്നും സര്‍ക്കാറിനും ഒഴിഞ്ഞുമാറാനാവില്ല.
കര്‍ഷകരടക്കമുള്ളവരുടെ ആത്മഹത്യകള്‍ പെരുകുമ്പോഴും ധനകാര്യ സ്ഥാപനങ്ങളില്‍നിന്നും വീടുവെക്കാനും മറ്റും വാങ്ങിയ വായ്പ യഥാസമയം തിരിച്ചടക്കാന്‍ കഴിയാത്തവരെ ശത്രുതാമനോഭാവത്തോടെയാണ് കേന്ദ്ര-കേരള സര്‍ക്കാറുകള്‍ നോക്കിക്കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. പണമില്ലാതെ സർക്കാർ പ്രതിസന്ധിയിലുള്ളപ്പോഴും വാര്‍ഷികം പ്രമാണിച്ച് കോടികള്‍ മുടക്കി ജില്ലകളില്‍ മെഗാമേള നടത്തുന്നതും ജനങ്ങളോടുള്ള വെല്ലുവിളിയാണ്. രണ്ടു മാസത്തിനിടെ കടക്കെണി മൂലം ആറുപേരാണ് ജില്ലയില്‍ ജീവനൊടുക്കിയത്.
സര്‍ക്കാർ അനാസ്ഥകള്‍ക്കെതിരെ കോണ്‍ഗ്രസിന്‍റെ സമരപോരാട്ടങ്ങള്‍ ജൂണ്‍ ആദ്യവാരത്തോടെ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുൽപള്ളി: ജപ്തി ഭീഷണി മുഴക്കി ബാങ്കധികൃതരും കേണിച്ചിറ പൊലീസ് സബ് ഇൻസ്പെക്ടറും വീട്ടിൽ ചെന്ന് അതിക്രമം കാണിച്ചതിന്‍റെ പേരിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത അഡ്വ. ടോമിയുടെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം സൗത്ത് ഇന്ത്യൻ ബാങ്ക് അധികൃതർ നൽകണമെന്നും കുറ്റക്കാർക്കെതിരെ തക്കതായ ശിക്ഷാനടപടികൾ സ്വീകരിക്കണമെന്നും സി.പി.എം ജില്ല സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
അഞ്ചു സെൻറ് ഭൂമിയും വീടും മാത്രമുള്ള കുടുംബത്തെ വഴിയാധാരമാക്കാനുള്ള നീക്കമാണ് നടത്തിയത്. വായ്പ ബാങ്ക് ഏറ്റെടുക്കുകയും നഷ്ടപരിഹാരവും നൽകണം. അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭങ്ങൾക്ക് പാർട്ടി നേതൃത്വം നൽകും. ഭാര്യയുടെ മുന്നിൽവെച്ച്, വായ്പ അടക്കാൻ കഴിയില്ലെങ്കിൽ തൂങ്ങിച്ചാകാൻ പരസ്യമായി പറഞ്ഞ സബ് ഇൻസ്പെക്ടറെ സസ്പെന്‍ഡ് ചെയ്ത് അന്വേഷണം നടത്തണമെന്നും വാർത്തകുറിപ്പിൽ സി.പി.എം ആവശ്യപ്പെട്ടു.
കൽപറ്റ: പൂതാടി പഞ്ചായത്തിലെ ഇരുളം സ്വദേശിയായ അഡ്വ. ടോമി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് ബാങ്ക് മാനേജർ, കേണിച്ചിറ പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ എന്നിവരുടെ നടപടികൾ അന്വേഷിക്കാൻ സർക്കാർ തയാറാവണമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് സംഷാദ് മരക്കാർ ആവശ്യപ്പെട്ടു.
വായ്പ എടുത്ത തുകയിലേക്ക് മൂന്നു ലക്ഷം രൂപ തിരിച്ചടക്കാൻ ബാങ്കിനെ സമീപിച്ച ടോമിയുടെ ഭാര്യയുടെ പക്കൽനിന്നും തുക സ്വീകരിക്കാൻ തയാറാവാത്ത ബാങ്ക് മാനേജർ നാലു ലക്ഷം ഉണ്ടെങ്കിൽ മാത്രമേ തുക സ്വീകരിക്കൂ എന്ന് വാശിപിടിക്കുകയും പിന്നീട് ഒരു ലക്ഷം രൂപകൂടി എത്തിച്ചതിന് ശേഷമാണ് തുക സ്വീകരിക്കാൻ തയാറാവുകയും ചെയ്തത്. വായ്പ പുനഃക്രമീകരണം നടത്തി സാവകാശം നൽകിയിരുന്നെങ്കിൽ ടോമിയുടെ ആത്മഹത്യ സംഭവിക്കില്ലായിരുന്നു.
ജനപ്രതിനിധികളോടും നാട്ടുകാരോടും ആക്രോശിക്കുകയും മോശമായി പെരുമാറുക്കയും ചെയ്ത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയും അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണം. ടോമിയുടെ കുടുംബത്തിന്‍റെ മുഴുവൻ ബാധ്യതയും സർക്കാർ ഏറ്റെടുക്കണമെന്നും ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ആവശ്യപ്പെട്ടു.
സുൽത്താൻ ബത്തേരി: അഡ്വ. ടോമിയുടെ ആത്മഹത്യക്ക് കാരണക്കാരായ സൗത്ത് ഇന്ത്യൻ ബാങ്ക് അധികാരികൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അഖിലേന്ത്യ കിസാൻ സഭ സുൽത്താൻ ബത്തേരി സൗത്ത് ഇന്ത്യൻ ബാങ്കിലേക്ക് മാർച്ച് നടത്തി.
ഇരുളത്തെ പൊതുസമൂഹം ഇടപെട്ട് ബാങ്കിലെ കുടിശ്ശിക പരിഹരിക്കാൻ തയാറായിട്ടുപോലും അത് ചെവിക്കൊള്ളാതെ ടോമിക്കെതിരെ നീങ്ങിയ ബാങ്ക് അധികാരികളുടെ നടപടി ധിക്കാരപരമാണെന്ന് സമരക്കാർ പറഞ്ഞു. കിസാൻസഭ ജില്ല പ്രസിഡന്‍റ് പി.എം. ജോയ് ഉദ്ഘാടനം ചെയ്തു. എ.എം. ജോയ്, എൻ. ഫാരിസ്, കെ.പി. അസൈനാർ, എം.എം. ജോർജ്, പി.ജി. സോമനാഥൻ, കെ.ജി. തങ്കപ്പൻ, ലെനിൻ സ്റ്റീഫൻ, പി.ഇ. മോഹനൻ, ബീരാൻ കുഞ്ഞ്, ഇ.സി. അനീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.