കൽപറ്റ: നിയമസഭ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ ജില്ലതല ഉദ്യോഗസ്ഥരുടെ യോഗം കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേർന്നു. ജില്ല തെരഞ്ഞെടുപ്പ് ഓഫിസറായ ജില്ല കലക്ടര്‍ ഡോ. അദീല അബ്ദുല്ല അധ്യക്ഷത വഹിച്ചു. പോളിങ് ബൂത്തുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിന് തദ്ദേശ സ്ഥാപനങ്ങളും ബന്ധപ്പെട്ട വകുപ്പുകളും ഇപ്പോള്‍ തന്നെ ശ്രദ്ധ പതിപ്പിക്കണമെന്ന് കലക്ടര്‍ നിര്‍ദേശം നല്കി. ശുചിമുറി, വൈദ്യുതി, വെള്ളം, റാംപ് തുടങ്ങിയ സൗകര്യങ്ങള്‍ ഉറപ്പാക്കണം. അംഗൻവാടികളില്‍ ഉള്‍പ്പെടെ സ്ഥിരമായ റാംപ് ഉണ്ടാക്കുന്നതിന് പ്ലാന്‍ തയാറാക്കണം.
തെരഞ്ഞെടുപ്പിന് വേണ്ടി താൽക്കാലികമായി റാംപ് ഒരുക്കുന്നതിനു പകരം സ്ഥിരസംവിധാനത്തെ കുറിച്ചാണ് ആലോചിക്കേണ്ടതെന്നും കലക്ടര്‍ പറഞ്ഞു. ജില്ലയില്‍ ആകെ 576 പോളിങ് സ്റ്റേഷനുകളാണുള്ളത്. ഇതുകൂടാതെ 1000 വോട്ടര്‍മാരില്‍ അധികമുള്ള പോളിങ് സ്റ്റേഷനുകളില്‍ ഓരോ ഓക്സിലറി ബൂത്ത് കൂടി അനുവദിക്കും. ആകെ 372 ഓക്സിലറി ബൂത്തുകളാണ് ജില്ലയില്‍ സജ്ജീകരിക്കുക.
കോവിഡിെൻറ പശ്ചാത്തലത്തിലാണിത്. പോളിങ് ബൂത്തുകളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് മുഴുവന്‍ ഉദ്യോഗസ്ഥരുടെയും സാന്നിധ്യം ആവശ്യമായി വരുമെന്നും നിസ്സാര കാരണങ്ങളുടെ പേരില്‍ ഡ്യൂട്ടിയില്‍നിന്ന് ഒഴിവാകാന്‍ അനുവദിക്കില്ലെന്നും ഇക്കാര്യത്തില്‍ ജില്ലാതല ഉദ്യോഗസ്ഥരും ജാഗ്രത പുലര്‍ത്തണമെന്നും കലക്ടര്‍ നിര്‍ദേശം നല്കി.
ക്രമസമാധാനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ജില്ല പൊലീസ് മേധാവി ഡോ. അരവിന്ദ് സുകുമാറും കോവിഡ് പ്രോട്ടോകോള്‍ പരിപാലിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ.ആര്. രേണുകയും യോഗത്തില്‍ വിശദീകരിച്ചു. എ.ഡി.എം ടി. ജനില്‍കുമാര്‍, ഇലക്ഷന് ഡെപ്യൂട്ടി കലക്ടര്‍ കെ. രവികുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.