മാനന്തവാടി: കൊലയാളി കാട്ടാന ബേലൂർ മഖ്നയെ കണ്ടെത്താൻ കഴിയാതെ ദൗത്യസംഘം. ബുധനാഴ്ച രാത്രി ഒമ്പതു മണിയോടെ കാട്ടിക്കുളം-കുട്ട അന്തർസംസ്ഥാന പാത ക്രോസ് ചെയ്ത് ഇരുമ്പുപാലം, ചേമ്പുകൊല്ലി ഭാഗത്തുനിന്ന് മാനിവയൽ ഭാഗത്തേക്ക് നീങ്ങി ആലത്തൂർ റിസർവിൽ ആന നിലയുറപ്പിച്ചിരുന്നു.
ജനവാസ മേഖലയിലേക്ക് ആന ഇറങ്ങാതിരിക്കാൻ 13 നൈറ്റ് പട്രോളിങ് ടീമിനെ കാവലിനും ഏർപ്പെടുത്തി. വ്യാഴാഴ്ച രാവിലെ ആറുമണിയോടെ ആരംഭിച്ച ദൗത്യസംഘത്തിന്റെ പ്രവർത്തനം വൈകീട്ടും ഫലം കണ്ടില്ല.
ജനം ജാഗ്രത പാലിക്കുന്നതിനായി ബുധനാഴ്ച രാത്രിയിലും വ്യാഴാഴ്ച രാവിലെയും വനംവകുപ്പ് നിർദേശങ്ങൾ അനൗൺസ്മെന്റ് ചെയ്തു. ആന നിലയുറപ്പിച്ച പ്രദേശത്തിനു ചുറ്റുമുള്ള വാർഡുകളിൽ നിരോധനാജ്ഞയും ഏർപ്പെടുത്തി. ദൗത്യസംഘം ആനയെ പിന്തുടർന്നെങ്കിലും നേരിട്ട് കാണാൻ സാധിച്ചിട്ടില്ല. ഉച്ചക്കുശേഷം കർണാടകയിൽനിന്ന് എത്തിയ 25 അംഗ സംഘത്തോടൊപ്പം സംയുക്തമായി തിരച്ചിൽ നടത്തിയെങ്കിലും ആനയെ കാണാനായില്ല.
ജനവാസ മേഖലകളിലേക്ക് ആനയിറങ്ങുന്നത് തടയുന്നതിന് വ്യാഴാഴ്ച രാത്രിയും 13 നൈറ്റ് പട്രോളിങ് ടീമുകളെ വിന്യസിച്ചു. ഇതിനുപുറമെ പൊലീസ് പട്രോളിങ്ങും ഉണ്ടായിരുന്നു. ആനയുടെ ചലനം നിരീക്ഷിക്കുന്നതിന് സാറ്റലൈറ്റ് സിഗ്നൽ ഉപയോഗിച്ചുള്ള മോണിറ്ററിങ് സംവിധാനം തുടരുന്നുണ്ട്. നോർത്ത് വയനാട് ഡി.എഫ്.ഒ മാർട്ടിൻ ലോവൽ, സൗത്ത് വയനാട് ഡി.എഫ്.ഒ എ. ഷജ്ന കരീം, വയനാട് വൈൽഡ് ലൈഫ് വാർഡൻ പി. ദിനേഷ്, ഫ്ലയിങ് സ്ക്വാഡ് ഡി.എഫ്.ഒ ഇംത്യാസ്, സോഷ്യൽ ഫോറസ്ട്രി എ.സി.എഫ് ഹരിലാൽ എന്നിവരാണ് ദൗത്യ സംഘത്തിന് നേതൃത്വം നൽകുന്നത്.
മാനന്തവാടി: തിരുനെല്ലി പഞ്ചായത്തിലെ ആറു മുതൽ 11 വരെയുള്ള വാർഡുകളായ കുതിരക്കോട്, പനവല്ലി, ആലത്തൂർ, ബേഗൂർ എന്നിവിടങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ചേലൂർ, ബാവലി വാർഡുകളിൽ നിരോധനാജ്ഞ നിലവിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.