മാനന്തവാടി: എൻ.ഡി.പി.എസ്. സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് ഉദ്യോഗസ്ഥർ കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ അതിർത്തികളിൽ നടത്തിയ പരിശോധനയിൽ നാലു കേസുകളിലായി ആറു പേർ അറസ്റ്റിൽ.
കോഴിക്കോട് വടകര ആയഞ്ചേരി സ്വദേശികളായ താഴെകുടുങ്ങാലിൽ വീട്ടിൽ ടി.കെ. മുഹമ്മദ് സഫീർ (25), രാമത്ത് വീട്ടിൽ ഫർഷാദ് ഖാലിദ് (27), വൈത്തിരി കോട്ടപ്പടി സ്വദേശികളായ കുന്നയിൽ കാടൻവീട്ടിൽ അംജദ് അലി (21), പൂതക്കൊല്ലി പുല്ലാനിക്കൽ വീട്ടിൽ അൻസിൽ (21), നീലഗിരി ഗൂഡല്ലൂർ കാസിംവയൽ മുസ്തഫ (51), പന്തല്ലൂർ ടി.കെ. പേട്ട വി.വി. എൻ നഗറിലെ യൂസഫ് (58) എന്നിവരാണ് അറസ്റ്റിലായത്.
ബാവലി എക്സൈസ് ചെക്ക്പോസ്റ്റിനു സമീപം നടത്തിയ പരിശോധനയിൽ മാരക മയക്കുമരുന്നായ 5.55 ഗ്രാം എം.ഡി.എം.എയുമായാണ് മുഹമ്മദ് സഫീറും ഫർഷാദ് ഖാലിദും പിടിയിലായത്. ഇവർ സഞ്ചരിച്ച ഇരുചക്രവാഹനവും ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. ഇരുവരെയും മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് (രണ്ട്) റിമാൻഡ് ചെയ്തു.
മാനന്തവാടി എക്സൈസ് റെയ്ഞ്ച് ടീമും കെമു (കേരള എക്സൈസ് ഇന്റർവേഷൻ യൂനിറ്റ്) ടീമും ചേർന്ന് ബാവലി- പാൽവെളിച്ചം റോഡിലെ ചേകാടിയിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവുമായി അംജദ് അലിയും അൻസിലും പിടിയിലായത്. ഇവർ സഞ്ചരിച്ച സ്കൂട്ടറും മുന്നൂറ് ഗ്രാം കഞ്ചാവും ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു.
ബാവലിയിൽ നടത്തിയ പരിശോധനയിലാണ് അമ്പത് ഗ്രാം വീതം കഞ്ചാവുമായി മുസ്തഫയും യൂസഫും പിടിയിലായത്. വയനാട് എക്സൈസ് ഡെപ്യൂട്ടി കമിഷണർ കെ.എസ്. ഷാജിയുടെ നിർദേശ പ്രകാരമാണ് എക്സൈസ് മാനന്തവാടി റെയ്ഞ്ച് ഇൻസ്പെക്ടർ വി.കെ. മണികണ്ഠന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.