മാനന്തവാടി: മഴക്കാലം പടിവാതിൽക്കൽ നിൽക്കേ കുന്നിടിക്കലും വയൽ നികത്തലും വ്യാപകം. എന്നാൽ, നടപടിയെടുക്കേണ്ട റവന്യൂ, പൊലീസ്, ജിയോളജി വകുപ്പകൾ കണ്ടഭാവം നടിക്കുന്നില്ല. മാനന്തവാടി നഗരത്തോടു ചേർന്ന് നാലിടങ്ങളിലാണ് മണ്ണ് ഖനനവും നിക്ഷേപവും നടക്കുന്നത്.
വള്ളിയൂർക്കാവ് റോഡിൽ കള്ളുഷാപ്പിന് സമീപവും ആറാട്ടുതറ അടിവാരത്തുമാണ് കുന്നിടിക്കൽ നടക്കുന്നത്. മൂന്ന് എക്സ്കവേറ്റർ ഉപയോഗിച്ച് ഒരേ സമയമാണ് മണ്ണെടുക്കുന്നത്. ചെറ്റപ്പാലം വള്ളിയൂർക്കാവ് ബൈപാസ് റോഡിലും മിനി സിവിൽ സ്റ്റേഷന് മുന്നിലുമാണ് വയലിൽ മണ്ണിട്ടുന്നത്. ബൈപാസ് റോഡിലെ വയൽ നെൽകൃഷി ചെയ്യുന്നതും താഴെയങ്ങാടി വയൽ ചതുപ്പ് നിലവുമാണ്.
റോയൽറ്റി അടച്ചാണ് കുന്നിടിക്കുന്നതെന്നാണ് ഉടമകളുടെ വാദം. എന്നാൽ, വള്ളിയൂർക്കാവ് റോഡിൽ മണ്ണെടുക്കുന്ന സ്ഥലങ്ങളിൽ മഴ പെയ്താൽ മണ്ണ് കൂട്ടത്തോടെ റോഡിലേക്ക് ഒലിച്ചിറങ്ങും. റവന്യൂ, പൊലീസ് അധികാരികൾ ദിവസവും ഈ വഴികളിലൂടെ പല തവണ കടന്നുപോകുന്നുണ്ട്.
എന്നിട്ടും അനുവദിച്ച അളവിലാണോ മണ്ണ് ഖനനം നടത്തുന്നതെന്നോ അനുമതിയോടെയാണോ മണ്ണെടുക്കുന്നതെന്നോ പരിശോധിക്കാൻ തയാറായിട്ടില്ല. ലൈഫ് ഭവനപദ്ധതി പ്രകാരം മണ്ണെടുക്കുന്ന പാവപ്പെട്ടവരെ പിടികൂടാനും പിഴയടപ്പിക്കാനും ജാഗ്രത കാണിക്കുന്ന ഉദ്യോഗസ്ഥരും മറ്റും പ്രകൃതിക്ക് നാശം വരുത്തുന്ന പ്രവൃത്തി കണ്ടില്ലെന്ന് നടിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.