മാനന്തവാടി: ത്രിതല പഞ്ചായത്തുകളിലും നഗരസഭകളിലും സംവരണ വാർഡുകളുടെ നറുക്കെടുപ്പ് പൂർത്തിയായതോടെ രാഷ്ട്രീയ പാർട്ടികളിൽ സ്ഥാനാർഥി ചർച്ച സജീവമായി.
മത്സരത്തിന് ഒരുങ്ങിയ പലരും സംവരണം വന്നപ്പോൾ പുറത്തായി. അതേസമയം, സ്ഥാനാർഥിയാകാൻ കരുക്കൾ നീക്കുന്നവരുടെ എണ്ണം കൂടി. അനുയോജ്യമായ സ്ഥാനാർഥികളെ കണ്ടെത്താൻ നെട്ടോട്ടവും തുടങ്ങി.
നറുെക്കടുപ്പ് സ്ഥാനാർഥി കുപ്പായങ്ങൾ തുന്നിയ ചിലരെ നിരാശരാക്കിയെങ്കിൽ ചിലർക്ക് പ്രതീക്ഷ വർധിപ്പിച്ചു. ഗ്രാമ, ബ്ലോക്ക്, ജില്ല, നഗരസഭ സംവരണ വാർഡുകളുടെ നറുക്കെടുപ്പാണ് കഴിഞ്ഞ ദിവസം പൂർത്തിയായത്.
ചില വാർഡുകളിൽ വനിത സ്ഥാനാർഥികളെ കണ്ടെത്തുകയാണ് രാഷ്ട്രീയ പാർട്ടികൾക്കു മുന്നിലെ ഒരു കടമ്പ. പാർട്ടികൾ പട്ടികവർഗ സ്ഥാനാർഥികളെ കണ്ടെത്താനും തിരക്കിട്ട നീക്കത്തിലാണ്. പട്ടികജാതി സ്ഥാനാർഥികളെയും കണ്ടെത്തണം.
എടവക ജില്ല പഞ്ചായത്ത് ഡിവിഷൻ പട്ടികജാതിക്ക് സംവരണം ചെയ്തിരിക്കുകയാണ്. ഈ സീറ്റിലേക്ക് മത്സരിക്കാൻ മുന്നണികൾക്ക് ഡിവിഷനിൽ സ്ഥാനാർഥികൾ ഇല്ലാത്ത സ്ഥിതിയുണ്ട്. അതുകൊണ്ടു തന്നെ ഇറക്കുമതി സ്ഥാനാർഥികളായിരിക്കും ഇവിടെ അങ്കം കുറിക്കുക.
തദ്ദേശ സ്ഥാപനങ്ങളുടെ അധ്യക്ഷ പദവികളിലേക്ക് കൂടി സംവരണ നറുക്കെടുപ്പ് വരാനുണ്ട്. പ്രമുഖ നേതാക്കൾ തദ്ദേശ സ്ഥാപനങ്ങളിൽ മത്സരിക്കുന്ന കാര്യം അതോടെ തീരുമാനിക്കും.
കഴിഞ്ഞ തവണ ഇടതു മുന്നണിക്കായിരുന്നു ഗ്രാമപഞ്ചായത്തുകളിൽ മുൻതൂക്കം. ബ്ലോക്ക്, ജില്ല പഞ്ചായത്തുകളിൽ യു.ഡി.എഫ്.ആധിപത്യം നിലനിർത്തിയപ്പോൾ മൂന്ന് നഗരസഭകളിൽ രണ്ടെണ്ണം ഇടതുമുന്നണി നേടി. യു.ഡി.എഫിന് ഭരണം ലഭിച്ച കൽപറ്റ നഗരസഭ ജനതാദളിെൻറ മുന്നണി മാറ്റത്തോടെ അവരെ കൈവിട്ടു. അവിടെയും ഇടതുപക്ഷം ഭരണം കൈപിടിയിൽ ഒതുക്കി.
പുതിയ രാഷ്ട്രീയ സാഹചര്യങ്ങൾ അനുകൂലമാക്കാനും കൂടുതൽ പേരുടെ പിന്തുണ നേടാനും പാർട്ടികളും മുന്നണികളും സജീവമായി രംഗത്തുണ്ട്. ഇപ്പോൾ ജനപ്രതിനിധികളായി തുടരുന്ന പലരും വീണ്ടും മത്സരത്തിനുള്ള ചരടുവലി നടത്തുന്നുണ്ട്. പുതുമുഖങ്ങളെ കെണ്ടത്താനുള്ള ശ്രമങ്ങളും പാർട്ടികളിലുണ്ട്.
സി.പി.എം സ്ഥാനാർഥികളുടെ കാര്യത്തിൽ ചർച്ച ഏതാണ്ട് പൂർത്തിയായി വരുകയാണ്. അണിയറയിൽ സ്ഥാനാർഥി പട്ടിക ഏതാണ്ട് തയാറാക്കി.
മുസ്ലിം ലീഗിലും മത്സരിക്കുന്നവരെ കുറിച്ച് ഏകദേശ ധാരണയായി. ജില്ലയിൽ മുസ്ലിം ലീഗ്, പട്ടിക ജാതി, വർഗ സ്ഥാനാർഥികളെയും രംഗത്തിറക്കും. കോൺഗ്രസിലും സ്ഥാനാർഥി ചർച്ച സജീവമാണ്. മറ്റു പാർട്ടികളും സ്വതന്ത്രന്മാരും മത്സരം ഉറപ്പിച്ച് കരുക്കൾ നീക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.