മാനന്തവാടി: വയനാടിന്റെ ചരിത്ര സ്മാരകങ്ങൾ സംരക്ഷിക്കണമെന്ന ആവശ്യം ശക്തമായി. മാനന്തവാടി ചൂട്ടക്കടവിൽ ടിപ്പു സുൽത്താന്റേതെന്ന് അറിയപ്പെടുന്ന വെടിമരുന്നറ നാശത്തിന്റെ വക്കിലാണ്.
ബ്രിട്ടീഷുകാർക്കെതിരെയുള്ള പടയോട്ട കാലത്ത് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ടിപ്പു വെടിമരുന്നറയും ആയുധപ്പുരകളും നിർമിച്ചിരുന്നു. ഇങ്ങനെയാണ് സുൽത്താൻസ് ബാറ്ററി എന്ന പേരുണ്ടായതെന്നും ഇത് കാലക്രമേണ സുൽത്താൻ ബത്തേരിയായി മാറിയെന്നുമാണ് പറയപ്പെടുന്നത്.
ചൂട്ടക്കടവിൽ വാട്ടർ അതോറിറ്റി ഓഫിസിന് സമീപത്താണ് മരുന്നറയുള്ളത്. ഇതിന് ചുറ്റും കല്ലുകൊണ്ട് സംരക്ഷണമൊരുക്കിയിരുന്നുവെങ്കിലും ഇതെല്ലാം തകർന്നുവീണ് ഈ ചരിത്ര സ്മാരകം നാശത്തിന്റെ വക്കിലാണ്.
പഴശ്ശി ദിനാചരണം നടത്തുമ്പോൾ മാത്രമാണ് ഇവിടെ കാട് വെട്ടി ശുചീകരിക്കാറുള്ളത്. വയനാടിന്റെ മാത്രമല്ല, ഇന്ത്യയുടെ തന്നെ ചരിത്രത്തിൽ ഇടംപിടിച്ചിട്ടുള്ള ടിപ്പു സുൽത്താന്റെ ഓർമകൾ ഉണർത്തുന്ന ഈ ചരിത്ര ശേഷിപ്പ് സംരക്ഷിക്കാൻ പുരാവസ്തു വകുപ്പ് നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം ഉയരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.