മാനന്തവാടി: റോഡ് വികസനത്തിന്റെ പേരിൽ കിടപ്പാടവും ഉപജീവനമാർഗവും നഷ്ടമായി പെരുവഴിയിലാകുമെന്ന അവസ്ഥയിൽ കുടുംബം. മാനന്തവാടി ആറാട്ടുതറ അടിവാരം സ്വദേശിനിയും വിധവയും 80കാരിയുമായ ആസ്യയാണ് കിടപ്പാടം നഷ്ടപ്പെടുമെന്ന ആശങ്കയിൽ കഴിയുന്നത്. ഒരു സെന്റ് സ്ഥലം മാത്രമാണ് ഇവർക്കുള്ളത്. മാനന്തവാടി കൊയിലേരി കൈതക്കൽ റോഡ് നവീകരണ പ്രവൃത്തിയാണ് ആസ്യയെ ഭീതിയുടെ നിഴലിലാക്കിയത്.
ഭർത്താവിന്റെ മരണശേഷം വീടിനോട് ചേർന്ന ചെറിയ കട മുറിയിൽ കച്ചവടം ചെയ്തു ഉപജീവനമാർഗം കണ്ടെത്തുന്ന ഈ വയോധികയുടെ വീടും കടമുറിയും പൊളിച്ചു മാറ്റൽ ഭീഷണിയിലാണ്. ആകെയുള്ള ഒരു സെന്റിലെ വീടും ചെറിയ പെട്ടിക്കടയുടെ പകുതിയും പോകുമെന്ന അവസ്ഥയാണ്. അങ്ങനെ വന്നാൽ തെരുവിലേക്ക് ഇറങ്ങേണ്ട അവസ്ഥയാണുള്ളത്. ആറു വർഷം മുമ്പ് ഭർത്താവ് മരിച്ച ആസ്യക്ക് ഹൃദ്രോഗിയായ മകൻ മുഹമ്മദ് മാത്രമാണ് കൂട്ടിനുള്ളത്. വീടും ഉപജീവനമാർഗവും നഷ്ടപ്പെടുമ്പോൾ പകരം സംവിധാനമൊരുക്കാൻ അധികൃതർ മുൻകൈയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.