മാനന്തവാടി: മോഷണക്കേസുകളിൽ ഒളിവിൽ കഴിയവേ മാനന്തവാടി പൊലീസ് എറണാകുളത്തുനിന്ന് അറസ്റ്റ് ചെയ്ത അഞ്ചാംമൈൽ കുനിയിൽ അയ്യൂബിനെ വ്യാഴാഴ്ചവരെ കോടതി കസ്റ്റഡിയിൽ വിട്ടു. അന്വേഷണ ഉദ്യോഗസ്ഥനായ മാനന്തവാടി സി.ഐ എം.എം. അബ്ദുൽകരീം നൽകിയ അപേക്ഷ പരിഗണിച്ചാണ് പ്രതിയെ കസ്റ്റഡിയിൽ വിട്ടത്.
നിരവധി മോഷണക്കേസുകളിൽ പ്രതിയായ അയ്യൂബിനെ നാലുവർഷമായി പൊലീസ് അന്വേഷിച്ചുവരുകയായിരുന്നു. ഒടുവിൽ 26നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 2014 മുതൽ 18 വരെ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷൻ പരിധിയിലെ വീടുകളിൽനിന്ന് 100 പവനും രണ്ടുലക്ഷത്തോളം രൂപയും ഇയാൾ മോഷ്ടിച്ചിരുന്നു.
പൊലീസ് പിന്തുടരുന്നുണ്ടെന്ന് മനസ്സിലാക്കിയ പ്രതി 2018 മുതൽ തമിഴ്നാട്ടിലും സംസ്ഥാനത്തെ വിവിധ ജില്ലകളിലുമായി ഒളിവിൽ കഴിയുകയായിരുന്നു. രഹസ്യ വിവരത്തെതുടർന്ന് നടത്തിയ നീക്കത്തിനൊടുവിലാണ് എറണാകുളത്ത് ഇയാൾ പിടിയിലായത്. ജില്ലയിലെ രണ്ട് മോഷണ കേസുകളിൽ പ്രതിയെ കണ്ടെത്താൻ കഴിയാതിരുന്നതിനെത്തുടർന്ന് കേസന്വേഷണം അവസാനിപ്പിച്ചതായിരുന്നു. ഈ കേസുകളിൽ പൊലീസ് പുനരന്വേഷണം നടത്തിവരവെയാണ് അയ്യൂബ് പിടിയിലായത്. കോഴിക്കോട് മെഡിക്കൽ കോളജ്, കോഴിക്കോട് ടൗൺ, ചേവായൂർ, കൊച്ചി മരട് പൊലീസ് സ്റ്റേഷനുകളിലും ഇയാൾക്കെതിരെ മോഷണ കേസുണ്ട്. നിലവിലെ കേസുകളിൽ കൂടുതൽ തെളിവെടുപ്പ് നടത്തുന്നതിനും തൊണ്ടി മുതലുകൾ കണ്ടെടുക്കുന്നതിനുമായാണ് മാനന്തവാടി കോടതിയുടെ ചുമതലയുള്ള ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പ്രതിയെ കസ്റ്റഡിയിൽ വിട്ടുനൽകിയത്. മറ്റേതെങ്കിലും സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.