മാനന്തവാടി: മലയോര ഹൈവേ നിർമാണത്തിന്റെ ഭാഗമായി ഗാന്ധി പാർക്കിൽ നടക്കുന്ന കെട്ടിട നിർമാണം അനധികൃതമാണോ എന്ന് പരിശോധിക്കാൻ മാനന്തവാടി നഗരസഭ യോഗം തീരുമാനിച്ചു.
റവന്യൂ ഇൻസ്പെക്ടർ എം.എം. സജിത്തിനെ ചുമതലപ്പെടുത്തി. വിഷയം ഇടതുപക്ഷത്തുനിന്നുള്ള എം. അബ്ദുൾ ആസിഫ് യോഗത്തിൽ ഉന്നയിക്കുകയും പ്രധാന അജണ്ടയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇത് അംഗീകരിക്കാൻ ഭരണപക്ഷം തയാറായില്ല. സപ്ലിമെന്ററി അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന വാദം ഉയർത്തിയതോടെ പ്രതിപക്ഷം ബഹളം ഉയർത്തി.
വഴങ്ങാതെ ഭരണപക്ഷം അജണ്ടയുമായി മുന്നോട്ടുപോയി. ഇതോടെ പ്രതിപക്ഷം യോഗം ബഹിഷ്കരിച്ചു.
സപ്ലിമെന്ററി അജണ്ട ചർച്ചക്കെടുത്തപ്പോൾ തന്നെ അനധികൃത നിർമാണം ചർച്ചയായി. തുടർന്ന് നിലവിലെ കെട്ടിട നമ്പറിൽ മുൻ പ്ലാനിൽ നിന്ന് വ്യതിചലിച്ചാണ് കെട്ടിടം പുതുക്കിപ്പണിതതെങ്കിൽ പൊളിച്ചുനീക്കാൻ നടപടി സ്വീകരിക്കാനും നിർമാണത്തെക്കുറിച്ച് പഠിക്കാനും റവന്യൂ ഇൻസ്പെക്ടർ എം.എം. സജിത്ത്കുമാറിനെ ചുമതലപ്പെടുത്തി. മലയോര ഹൈവേ നിർമാണത്തിന്റെ ഭാഗമായി കടമുറിയുടെ മുൻഭാഗം പൊളിച്ചുനീക്കിയിരുന്നു.
തുടർന്ന് ഇരുനില കെട്ടിടം നിർമിക്കുന്നുവെന്ന് ആരോപണം ഉയരുകയും നഗരസഭ നിർത്തിവെക്കാൻ നോട്ടീസ് നൽകുകയും ചെയ്തിരുന്നു.
താലൂക്ക് വികസന സമിതി കെട്ടിടം പൊളിച്ചുനീക്കാൻ നഗരസഭക്ക് നിർദേശം നൽകിയിരുന്നു. ഇതിനെതിരെ കെട്ടിട ഉടമകൾ ഹൈകോടതിയെ സമീപിച്ച് സ്റ്റേ നേടുകയും ചെയ്തിരുന്നു. നഗരസഭ നിയമപ്രകാരം മാത്രമേ കെട്ടിടം പുതുക്കി പണിയുന്നുള്ളൂവെന്നാണ് കെട്ടിട ഉടമകളുടെ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.