മാനന്തവാടി: ജില്ലയിലെ ഹൈസ്കൂൾ മലയാളം അധ്യാപക തസ്തികയിലേക്ക് പി.എസ്.സി റാങ്ക് പട്ടികയിൽനിന്ന് നിയമനം നടക്കുന്നില്ലെന്ന് ഉദ്യോഗാർഥികളുടെ പരാതി. ഒഴിവുകൾ നിലവിലുണ്ടെങ്കിലും കൃത്യമായി റിപ്പോർട്ട് ചെയ്യാതിരിക്കുന്നതാണ് ഉദ്യോഗാർഥികൾക്ക് തിരിച്ചടിയാകുന്നത്. 2021 ജൂണിൽ നടന്ന പരീക്ഷയുടെ റാങ്ക് പട്ടിക 2023 ആഗസ്റ്റിലാണ് നിലവിൽ വന്നത്. മുഖ്യപട്ടികയിലും ഉപപട്ടികയിലുമായി 104 പേരെയാണ് ഉൾപ്പെടുത്തിയത്.
റാങ്ക് പട്ടികയിൽനിന്ന് നിലവിൽ ആകെ അഞ്ചു പേരെ മാത്രമേ നിയമിച്ചിട്ടുള്ളൂ. അതിൽ മൂന്നെണ്ണം എൻ.സി.എ നിയമനവും ആയിരുന്നു.
ഒഴിവുകളെ സംബന്ധിച്ച് ജില്ലയിലെ വിദ്യാഭ്യാസ ഓഫിസിൽനിന്ന് ലഭിക്കുന്ന മറുപടിയിൽ പൊരുത്തക്കേടുകളുണ്ടെന്ന് ഉദ്യോഗാർഥികൾ പറയുന്നു. മുമ്പ് നൽകിയ വിവരാവകാശം വഴി ഹൈസ്കൂൾ മലയാളം തസ്തികയിൽ ജില്ലയിൽ 22 ഒഴിവുകളുണ്ടെന്ന് ഉദ്യോഗാർഥികൾക്ക് മറുപടി ലഭിച്ചിരുന്നു. എന്നാൽ, 2023ൽ നൽകിയ വിവരാവകാശത്തിലെ മറുപടിയിൽ ഒഴിവുകൾ ഒമ്പതായി ചുരുങ്ങി.
തുടരന്വേഷണത്തിലൊക്കെയും ഒഴിവുകളുടെ എണ്ണത്തിന്റെ കാര്യത്തിൽ കൃത്യമായ കണക്ക് നൽകാൻ അധികൃതർ തയാറാവുന്നില്ലെന്നും ഉദ്യോഗാർഥികൾ പറയുന്നു.
അതേസമയം, 2020ൽ അവസാനിച്ച കഴിഞ്ഞ ഹൈസ്കൂൾ മലയാളം റാങ്ക്പട്ടിക സംബന്ധിച്ച കേസും നിലവിലെ ഉദ്യോഗാർഥികൾക്ക് തിരിച്ചടിയാവുകയാണ്. ജില്ല വിദ്യാഭ്യാസ ഓഫിസിൽനിന്ന് പ്രൊവിഷനൽ ഒഴിവുണ്ടെന്ന് തെറ്റായ റിപ്പോർട്ട് നൽകിയതിനെ തുടർന്നാണ് കേസിന് പോയവർക്ക് അനുകൂല വിധി സമ്പാദിക്കാനായതെന്ന് ഉദ്യോഗാർഥികൾ ആരോപിക്കുന്നു. പ്രായപരിധി കഴിഞ്ഞതിനാൽ ഇനിയൊരു പി.എസ്.സി പരീക്ഷ എഴുതാൻ കഴിയാത്തവരാണ് റാങ്ക് പട്ടികയിലുൾപ്പെട്ട മിക്ക ഉദ്യോഗാർഥികളും.
മുമ്പുള്ള റാങ്ക് പട്ടികകളിൽ നിന്നെല്ലാം ജില്ലയിൽ കൂടുതൽ നിയമനങ്ങൾ നടന്നിട്ടുണ്ടെങ്കിലും ബന്ധപ്പെട്ട അധികൃതർ കാണിക്കുന്ന അനാസ്ഥ തങ്ങളുടെ അധ്യാപക മോഹങ്ങൾക്ക് കരിനിഴൽ വീഴ്ത്തുകയാണെന്ന് ഉദ്യോഗാർഥികൾ പറയുന്നു.
മറ്റെല്ലാ ജില്ലകളിലും റെക്കോഡ് നിയമനങ്ങൾ നടന്ന് കാലാവധിക്കു മുമ്പ് തന്നെ റാങ്ക് പട്ടിക അവസാനിക്കുമ്പോൾ ആദ്യ റാങ്കുകൾ നേടിയവർക്കുപോലും വയനാട്ടിൽ നിയമനം ലഭിക്കുമോ എന്ന ആശങ്കയിൽ കഴിയുകയാണ് ഉദ്യോഗാർഥികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.