മാനന്തവാടി: നഗരസഭ പരിധിയിൽ ഹരിതകര്‍മ സേന ശേഖരിച്ച മാലിന്യം കെട്ടിക്കിടക്കുന്നു. മിനി എം.സി.എഫുകളിലും റോഡരികുകളിലും മാലിന്യം നിറച്ച ചാക്കുകള്‍ കെട്ടിക്കിടക്കുകയാണ്. ഇത് നീക്കം ചെയ്യാന്‍ നടപടിയില്ലാത്തത് പൊതുജനത്തിന് ദുരിതമായി. വീടുകളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും ഹരിതകര്‍മസേനാംഗങ്ങള്‍ ശേഖരിക്കുന്ന ജൈവ, അജൈവ മാലിന്യം സൂക്ഷിക്കുന്നതിനാണ് ലക്ഷക്കണക്കിനു രൂപ ചെലവഴിച്ച് 33 മിനി എം.സി.എഫുകള്‍ നഗര പരിധിയിൽ സ്ഥാപിച്ചത്. മാലിന്യം നിറച്ച ചാക്കുകള്‍ കൂട്ടിയിട്ടിരിക്കുന്നത് സമീപവാസികള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്. മാസങ്ങള്‍ മുമ്പ് ഇവിടെ മാലിന്യക്കൂമ്പാരങ്ങൾക്ക് തീപിടിച്ചിരുന്നു. പകലായതിനാല്‍ വന്‍ അപകടം ഒഴിവായി.
വള്ളിയൂര്‍ക്കാവ് ഉത്സവപ്പറമ്പില്‍നിന്നു ശേഖരിച്ച മാലിന്യം ചാക്കുകളില്‍ റോഡരികിലാണ് സൂക്ഷിച്ചിരിക്കുന്നത്. മാലിന്യം നീക്കം ചെയ്യാത്തതിനെതിരെ നഗരസഭയുടെ വിവിധ ഭാഗങ്ങളില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. മാലിന്യനീക്കത്തിനുള്ള കരാര്‍ മാര്‍ച്ച് 31ന് അവസാനിച്ചിട്ടും പുതിയ ക്രമീകരണം ഏര്‍പ്പെടുത്താത്തതാണ് മാലിന്യ നീക്കത്തിന് തടസ്സമാവുന്നത്. പുതിയ ഏജന്‍സിയെ നിയമിക്കുന്നതിനുള്ള ടെന്‍ഡര്‍ നടപടികളിലെ കാലതാമസമാണ് മാലിന്യനീക്കം വൈകുന്നതിനു കാരണമെന്നാണ് നഗരസഭ അധികൃതരുടെ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.