മേപ്പാടി: 28 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച മേപ്പാടി പഞ്ചായത്ത് ടൗൺഹാൾ മൂന്നു വർഷത്തിന് ശേഷവും തുറന്നുകൊടുക്കാൻ നടപടിയില്ല. കെട്ടിടം കാടു മൂടി നശിക്കുന്ന അവസ്ഥയിലാണ് ഇപ്പോൾ. സാധാരണ ജനങ്ങളുടെ ആവശ്യങ്ങൾക്ക് പൊതുവായൊരു ഹാൾ ഇല്ല എന്നത് മേപ്പാടിയുടെ വലിയ പരിമിതിയാണ്. മേപ്പാടിയിൽ ഗവ. പോളിടെക്നിക് കോളജ് സ്ഥാപിതമായതു മുതൽ ഈ ടൗൺ ഹാളിലും പഞ്ചായത്ത് ഷോപ്പിങ് സെന്റർ കെട്ടിടത്തിലുമാണ് ക്ലാസ് നടത്തിയിരുന്നത്. താഞ്ഞിലോട് സ്വന്തമായി കെട്ടിടമായതോടെ മൂന്നു വർഷം മുമ്പാണ് കോളജ് അവിടേക്ക് മാറ്റിയത്.
കോളജ് ഒഴിവായ ശേഷം മുൻ പഞ്ചായത്ത് ഭരണ സമിതി 28 ലക്ഷം രൂപ ചെലവഴിച്ച് ടൗൺ ഹാൾ നവീകരണ പ്രവൃത്തി നടത്തി. എന്നാൽ, തറ ടൈൽ പതിക്കുന്നതടക്കമുള്ള പ്രവൃത്തികൾ ചെയ്യാതെ ഇ.എം.എസ് സ്മാരക ടൗൺ ഹാൾ എന്ന് പുനർ നാമകരണം ചെയ്ത് ഔദ്യോഗിക ഉദ്ഘാടനം നടത്തുകയാണുണ്ടായത്. അന്നത് വലിയ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഇടയാക്കിയിരുന്നു. ഇപ്പോഴത്തെ പഞ്ചായത്ത് ഭരണ സമിതി അംഗങ്ങളുടെ സത്യപ്രതിജ്ഞ ചടങ്ങ് മാത്രമാണ് ഹാളിൽ നടന്ന ഏക പരിപാടി. പിന്നീട് ഇതുവരെ ഹാളിൽ മറ്റൊരു ചടങ്ങും നടന്നിട്ടില്ല.
പുതിയ ഭരണസമിതി വന്ന ശേഷം ഹാൾ ജനങ്ങൾക്ക് തുറന്നുകൊടുക്കാൻ ഒരു നടപടിയും സ്വീകരിച്ചതുമില്ല. പാർക്കിങ്, ശുചിമുറി സൗകര്യങ്ങളും വെള്ളവുമില്ല എന്ന കാരണം ചൂണ്ടിക്കാട്ടി ഹാൾ തുറന്നു കൊടുക്കുന്നില്ല എന്ന ആക്ഷേപം ശക്തമാണ്. അടിസ്ഥാന സൗകര്യങ്ങളൊരുക്കാൻ ഫണ്ടില്ല എന്നത് മറ്റൊരു കാരണമായും പറയുന്നു.
ലക്ഷങ്ങൾ ചെലവഴിച്ച് നവീകരിച്ച ടൗൺഹാൾ കാടുമൂടി നശിച്ചുകൊണ്ടിരിക്കുകയാണ്. സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി കെട്ടിടം തുറന്നുകൊടുക്കുന്നതിൽനിന്ന് അധികൃതർ ഒഴിഞ്ഞുമാറുന്നുവെന്ന ആക്ഷേപം ജനങ്ങൾക്കിടയിലുണ്ട്. ടൗൺഹാൾ എത്രയും വേഗം പൊതുജനങ്ങളുടെ ആവശ്യങ്ങൾക്കായി തുറന്നുകൊടുക്കാൻ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യമുയരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.