മേപ്പാടി: കാരാപ്പുഴ കുടിവെള്ള പദ്ധതി ജല ശുദ്ധീകരണ പ്ലാന്റ് നിർമിക്കാൻ വാങ്ങിയ ഒരു ഏക്കർ സ്ഥലം കാടുമൂടി വന്യജീവികളുടെ ആവാസകേന്ദ്രമായെന്ന് ആക്ഷേപം. ഇവിടം താവളമാക്കിയ കാട്ടു പന്നികളടക്കമുള്ള വന്യജീവികളുടെ ശല്യംമൂലം പൊറുതിമുട്ടിയെന്നാണ് സമീപവാസികളുടെ പരാതി. കൃഷി ചെയ്താൽ വന്യ ജീവികളിറങ്ങി വ്യാപകമായി നശിപ്പിക്കുന്നു. വിളവ് ലഭിക്കില്ല എന്നുറപ്പുള്ളതിനാൽ കൃഷി നടത്താൻ പോലും സമീപത്തുള്ളവർ മടിക്കുന്നു.
കാരാപ്പുഴ കുടിവെള്ള പദ്ധതിക്കായി നിർമിച്ച കിണർ, പമ്പ് ഹൗസ് എന്നിവയിൽ നിന്ന് മീറ്ററുകൾ മാത്രമേ ഇവിടേക്ക് ദൂരമുള്ളു. കൽപറ്റ ബ്ലോക്ക് പഞ്ചായത്ത്, മേപ്പാടി ഗ്രാമപഞ്ചായത്ത് എന്നിവർക്കായിരുന്നു സ്ഥലം കണ്ടെത്തുന്നതിനുള്ള ചുമതല. വർഷങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് ഈ സ്ഥലം വാങ്ങിയത്. വാങ്ങിയ ഉടനെ ഒരു തവണ കാട് വെട്ടിത്തെളിച്ചു.
പിന്നീട് മൂന്ന് വർഷത്തോളമായി കാട് വെട്ടിയിട്ടില്ല. കാട്ടുപന്നി, കാട്ടാട്, മാൻ തുടങ്ങി പല തരം വന്യ ജീവികളാണ് ഇവിടം താവളമാക്കിയിരിക്കുന്നത്. അവ സമീപത്തെ കൃഷിയിടങ്ങളിൽ ഇറങ്ങി വിളകൾ നശിപ്പിക്കുകയാണ്. കാട് വെട്ടിത്തെളിച്ചാൽ ശല്യമുണ്ടാകില്ലെന്ന് സമീപത്തുള്ള കുടുംബങ്ങൾ പറയുന്നു. മേപ്പാടി ഗ്രാമപഞ്ചായത്തിന് ഇതു സംബന്ധിച്ച് പരിസരവാസികൾ പരാതി നൽകിയിട്ടും കാട് വെട്ടാൻ നടപടി ഉണ്ടാകുന്നില്ലെന്നാണ് ആക്ഷേപം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.