മേപ്പാടി: മഴയും കാറ്റും ശക്തമായതോടെ മൂപ്പൈനാട് കടച്ചിക്കുന്ന് വനത്തിലുള്ള വലിയ അക്കേഷ്യ മരങ്ങൾ സമീപത്തെ വീടുകൾക്കുമേൽ ഒടിഞ്ഞുവീഴുന്നത് പതിവായി. വനാതിർത്തിയിൽ താമസിക്കുന്ന ആദിവാസികളടക്കമുള്ള 50ഓളം കുടുംബങ്ങളാണ് മരങ്ങൾ പൊട്ടി വീടുകൾക്കുമേൽ വീണുള്ള ദുരന്തങ്ങളെ ഭയപ്പെട്ട് ഉറക്കമില്ലാതെ രാത്രിയും പകലും തള്ളിനീക്കുന്നത്. വനമേഖലയിൽ അപകട ഭീഷണി ഉയർത്തുന്ന എഴുപതിലധികം അക്കേഷ്യ മരങ്ങൾ മുറിക്കാൻ വനം വകുപ്പ് അധികൃതർ നമ്പറിട്ടു പോയെങ്കിലും പിന്നീട് നടപടിയുണ്ടായില്ല.
ആദിവാസികൾ അടക്കമുള്ള കുടുംബങ്ങൾ ഇവിടെ ഭീതിയോടെയാണ് കഴിയുന്നത്. വനാതിർത്തിയിലൂടെ കടന്നുപോകുന്ന റോഡിനരികിലാണ് വൈദ്യുതി ലൈൻ ഉള്ളത്. മരങ്ങൾ ഒടിഞ്ഞുവീണ് വൈദ്യുതി കാലുകളും കമ്പികളും പൊട്ടുന്നതും വീടുകൾക്ക് കേടുപാട് സംഭവിക്കുന്നതും പതിവായിട്ടുണ്ട്. മഴയും കാറ്റുമുള്ള രാത്രികളിൽ പേടിച്ച് ഉറങ്ങാൻ കഴിയാറില്ലെന്നും നാട്ടുകാർ പറയുന്നു. വനം വകുപ്പ് അധികൃതർക്ക് പലവട്ടം പരാതി നൽകിയെങ്കിലും അപകട ഭീഷണി ഉയർത്തുന്ന മരങ്ങൾ മുറിച്ചുനീക്കാൻ നടപടിയുണ്ടാകുന്നില്ലെന്നാണ് പരാതി. ജില്ല ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ എന്ന നിലയിൽ പ്രശ്നത്തിൽ ജില്ല കലക്ടർ അടിയന്തരമായി ഇടപെടണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.