മേപ്പാടി: മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിലെ ജയ്ഹിന്ദ് ചോയിമൂല കോളനിയിൽ മഴയത്ത് ചോർന്നൊലിക്കുന്ന വീട്ടിൽ ഒരു കക്കൂസ് പോലുമില്ലാതെ ആദിവാസി കുടുംബം വർഷങ്ങളായി ദുരിതമനുഭവിക്കുന്നു. 62 വയസ്സുള്ള രോഗിയായ വെള്ളി - ലീല ദമ്പതിമാരുടെ കുടുംബമാണ് അസൗകര്യങ്ങളിൽ ഉഴലുന്നത്. മകനും ഭാര്യയും രണ്ട് മക്കളും ഇവരോടൊപ്പമാണ് താമസം. 2010ൽ പട്ടികവർഗ വികസന വകുപ്പ് അനുവദിച്ച ഫണ്ട് ഒന്നേ കാൽ ലക്ഷം കൊണ്ട് നിർമിച്ച വീട് ജീർണാവസ്ഥയിലാണ്. മഴയത്ത് ചോർന്നൊലിക്കുന്നത് തടയാൻ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച വീടിനുള്ളിലാണ് ഇവർ കഴിയുന്നത്.
കക്കൂസ് ഇല്ലാത്തതിന്റെ ദുരിതവും ഇവർ അനുഭവിക്കുന്നു. മാറി മാറി കുഴികക്കൂസുകളുണ്ടാക്കി ആകെയുള്ള 18 സെന്റിൽ ഒഴിവുള്ള സ്ഥലമില്ലാത്ത അവസ്ഥയാണിപ്പോൾ. വെളിയിട വിസർജനമുക്തമെന്ന് പ്രഖ്യാപിച്ച പഞ്ചായത്തിൽ കക്കൂസ് അനുവദിച്ചുകിട്ടാൻ മുട്ടാത്ത വാതിലുകളില്ലെന്ന് ഈ കുടുംബം പറയുന്നു. ഗ്രാമ പഞ്ചായത്ത് അധികൃതരൊന്നും തങ്ങളുടെ വിഷമം ചെവിക്കൊള്ളുന്നില്ലെന്ന പരാതിയാണ് ഇവർക്കുള്ളത്. പ്രാഥമികകൃത്യങ്ങൾക്ക് സൗകര്യമുള്ള ചോർന്നൊലിക്കാത്ത വീട് എന്നതാണ് ഇവരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.