മേപ്പാടി: മൂപ്പൈനാട് പഞ്ചായത്ത് ഒന്നാം വാർഡിൽപെട്ട ലക്കിഹിൽ മെരിലാൻഡിൽ പുറംലോകമറിയാത്ത ചെറുതെങ്കിലും മനോഹരമായ വെള്ളച്ചാട്ടം ശ്രദ്ധയാകർഷിക്കുന്നു. അരപ്പറ്റ ഭാഗത്തുനിന്നൊഴുകിവരുന്ന പുഴ മെരിലാൻഡിൽ കോളേരി എസ്റ്റേറ്റിലെത്തുമ്പോഴാണ് 25 അടിയോളം ഉയരത്തിൽ പാറക്കെട്ടിൽനിന്ന് പുഴവെള്ളം താഴേക്ക് പതിക്കുന്നത്.
ജയ്ഹിന്ദിൽനിന്ന് തട്ടിപ്പാലം, മെരിലാൻഡ്, ലക്കി ഹിൽ വഴി മൂപ്പൈനാട് ആശുപത്രിക്ക് സമീപം ഊട്ടി റോഡിൽ എത്തിച്ചേരുന്ന റോഡിനരികിലാണ് മെരിലാൻഡിൽ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്. പാറക്കെട്ടിലൂടെ ചിന്നിച്ചിതറി താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടം മനോഹര ദൃശ്യാനുഭവമാണ്.
കാരാപ്പുഴ വിനോദസഞ്ചാര കേന്ദ്രത്തിലെത്തുന്ന സഞ്ചാരികൾക്ക് കാന്തൻപാറ, സൂചിപ്പാറ, ചെമ്പ്ര, എന്നിവിടങ്ങളിലേക്കെത്താൻ ഇതുവഴി എളുപ്പമാണ്. അവർക്ക് ഇടത്താവളമായി ഇവിടം ഉപയോഗപ്പെടുത്താനാകും.
വെള്ളച്ചാട്ടത്തിനരികിൽ ഒരു പുരാതന ക്ഷേത്രവും സ്ഥിതിചെയ്യുന്നുണ്ട്. കാട്ടുമരങ്ങളുടെ തണലും കുളിർമയും കാപ്പിത്തോട്ടത്തിന്റെ വശ്യതയും എല്ലാം ചേർന്നൊരു ദൃശ്യാനുഭവമാണിത്. ജില്ല ടൂറിസം പ്രമോഷൻ കൗൺസിലും ജില്ല ഭരണകൂടവും ഇതിന്റെ വിനോദസഞ്ചാര സാധ്യത പരിശോധിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. കോളേരി എസ്റ്റേറ്റിന് ഉള്ളിലാണ് പുഴയും വെള്ളച്ചാട്ടവും ഉള്ളതെന്നത് തടസ്സമാകാനിടയില്ല. പുഴ റവന്യൂ വകുപ്പിന്റെ അധികാരപരിധിയിൽ വരും. സമീപത്തുകൂടി കടന്നുപോകുന്ന എട്ടുമീറ്റർ വീതിയുള്ള റോഡ് തട്ടികപ്പാലം മുതൽ മെരിലാൻഡ് വരെ ഒരു കി.മീ. ടാറിങ് കൂടി നടത്തേണ്ടതുണ്ട്. അധികൃതരുടെ പരിഗണനയിൽ ഇത് വന്നാൽ പ്രദേശത്തിന്റെ വികസനത്തിന് ഉപകരിക്കുമെന്ന് നാട്ടുകാർ കരുതുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.