മേപ്പാടി: കള്ളാടി - തൊള്ളായിരം റോഡ് നിർമിക്കുന്നതിന് ജില്ല പഞ്ചായത്ത് ഫണ്ട് ചെലവഴിക്കുമ്പോൾ പ്രദേശത്തെ പട്ടികജാതി കോളനി കുടുംബങ്ങൾക്ക് പ്രയോജനപ്പെടുന്നില്ലെന്ന് ആക്ഷേപം. തൊള്ളായിരത്തിലുള്ള റിസോർട്ടുകാർക്കാണ് റോഡ് പ്രയോജനപ്പെടുകയെന്നും നാട്ടുകാർ ആരോപിക്കുന്നു.
'കള്ളാടി-തൊള്ളായിരം റോഡ്' എന്ന് നാമകരണം ചെയ്തിട്ടുള്ള പാതയുടെ പ്രവൃത്തി കള്ളാടിയിൽനിന്ന് തുടങ്ങുന്നതിന് പകരം തൊള്ളായിരത്തിൽനിന്ന് തുടങ്ങി താഴേക്ക് വരുന്നതിെൻറ അനൗചിത്യമാണ് പ്രദേശവാസികൾ ചൂണ്ടിക്കാണിക്കുന്നത്. കള്ളാടിയിൽനിന്ന് 4.75 കി.മീറ്റർ ദൂരമാണ് വിനോദസഞ്ചാര മേഖലയായ തൊള്ളായിരത്തിലേക്കുള്ളത്. ഇതിൽ മുകളിൽ കുറെ ഭാഗം വാഹനങ്ങളുടെ വീൽബേസ് കണക്കാക്കി കല്ലുപതിച്ചിട്ടുണ്ട്. ബാക്കിവരുന്ന ഭാഗം ഒരു കി.മീറ്റർ ജില്ല പഞ്ചായത്ത് മെയിൻറനൻസ് ഫണ്ട് 15 ലക്ഷം രൂപ ഉപയോഗിച്ച് 2019- 20 വർഷത്തിൽ കോൺക്രീറ്റ് ചെയ്തു.
കള്ളാടിയിൽനിന്ന് തൊള്ളായിരത്തിലേക്കുള്ള റോഡിൽ 850 മീറ്റർ ദൂരത്തിലാണ് 14 പട്ടികജാതി കുടുംബങ്ങളും നാല് ജനറൽ വിഭാഗത്തിൽപെട്ട കുടുംബങ്ങളും അധിവസിക്കുന്ന വീനസ് കോളനിയുള്ളത്. കള്ളാടിയിൽനിന്ന് വീനസ് കോളനിവരെയുള്ള റോഡ് പൂർണമായും തകർന്ന നിലയിലാണ്. 2019ലെ പ്രളയത്തിൽ തൊള്ളായിരത്തിലേക്കുള്ള റോഡ് ഏതാണ്ട് പൂർണമായും തകർന്നിരുന്നു.
റോഡ് 4.75 കി.മീറ്റർ ജില്ല പഞ്ചായത്തിെൻറ ആസ്തി രജിസ്റ്ററിൽ ഉൾപ്പെട്ടതിനാൽ ജില്ല പഞ്ചായത്താണ് ഫണ്ട് ചെലവഴിക്കുന്നത്. 2020-21 സാമ്പത്തിക വർഷത്തെ മെയിൻറനൻസ് ഫണ്ട് 20 ലക്ഷം രൂപ കൂടി അനുവദിച്ചിട്ടുണ്ട്. അതും മുകൾ ഭാഗത്തുനിന്ന് താഴേക്ക് 1.20 കി.മീ. കോൺക്രീറ്റ് ചെയ്യുന്നതിന് വിനിയോഗിക്കുമെന്നാണ് അറിയുന്നത്. അതും വീനസ് കോളനി കുടുംബങ്ങൾക്ക് പ്രയോജനപ്പെടില്ല. കള്ളാടി-തൊള്ളായിരം റോഡ് പ്രവൃത്തി കള്ളാടിയിൽനിന്നല്ലേ തുടങ്ങേണ്ടത് എന്ന് കോളനിക്കാർ ചോദിക്കുന്നു.
പകരം തൊള്ളായിരത്തിൽ റോഡ് കോൺക്രീറ്റ് ചെയ്യുന്നതുകൊണ്ട് അവിടെയുള്ള റിസോർട്ടുകാർക്കല്ലേ പ്രയോജനമുള്ളൂവെന്നും നാട്ടുകാർ പറയുന്നു. അതിന് വ്യക്തമായ മറുപടി ജില്ല പഞ്ചായത്ത് അധികൃതർക്കുമില്ല. മുമ്പ് ചെയ്തതിെൻറ തുടർച്ചയായിട്ടേ പ്രവൃത്തി ചെയ്യാൻ കഴിയൂ എന്നാണവർ പറയുന്നത്. ഇതിനെയാണ് കോളനിക്കാർ ചോദ്യം ചെയ്യുന്നത്. അതേസമയം, ആസ്തി രജിസ്റ്ററിൽ ഉൾപ്പെട്ടിട്ടുള്ള റോഡിെൻറ പ്രവൃത്തി വരുംകാലങ്ങളിൽ ലഭിക്കുന്ന ഫണ്ട് ഉപയോഗിച്ച് തങ്ങൾ പൂർത്തീകരിക്കുമെന്ന് ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറും ഡിവിഷൻ അംഗവുമായ എസ്. ബിന്ദു അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.