മേപ്പാടി (വയനാട്): ചുണ്ടേൽ പക്കാളിപ്പള്ളം പ്രദേശത്തുനിന്ന് മുറിച്ചു കടത്തുകയായിരുന്ന 300 കിലോയോളം ചന്ദനമരം മേപ്പാടി റേഞ്ച് വനം വകുപ്പധികൃതർ പിടികൂടി. പ്രതികളിൽ മൂന്നുപേരെ അറസ്റ്റ് ചെയ്തു. ചന്ദനം കടത്താനുപയോഗിച്ച കെ.എൽ 52 ഡി 2044 നമ്പർ മാരുതി സ്വിഫ്റ്റ് കാറും പണിയായുധങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മലപ്പുറം വെള്ളാമ്പ്രം സ്വദേശികളായ മുഹമ്മദ് അക്ബർ (30), അബൂബക്കർ, ചുണ്ടേൽ ആനപ്പാറ സ്വദേശി ഹർഷാദ് (28) എന്നിവരാണ് പിടിയിലായത്. ചുണ്ടേൽ സ്വദേശിയായ ഒരാൾകൂടി പിടിയിലാകാനുണ്ടെന്ന് അധികൃതർ പറഞ്ഞു. രാത്രി പട്രോളിങ് നടത്തിയ വനം വകുപ്പധികൃതർക്ക് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ തിരച്ചിലിനിടെ ആനപ്പാറയിൽനിന്നാണ് പ്രതികളെ പിടികൂടിയത്. ഊടുവഴികളിലൂടെ രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളുടെ കാർ പിന്തുടർന്ന് സാഹസികമായാണ് ശനിയാഴ്ച പുലർച്ച മൂന്നോടെ പിടികൂടിയത്.
ഒരു ചന്ദനമരം മുഴുവനായും മുറിച്ച് കഷണങ്ങളാക്കി കാറിെൻറ ഡിക്കിയിൽ ഒളിപ്പിച്ച് കടത്താനുള്ള നീക്കത്തിനിടയിലാണ് പ്രതികൾ പിടിയിലായത്. മേപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫിസർ ഹരിലാൽ, ഡെപ്യൂട്ടി റേഞ്ച് ഓഫിസർ സനൽകുമാർ, സെക്ഷൻ ഫോറസ്റ്റ് ഓഫിസർ സുരേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള വനപാലക സംഘമാണ് പ്രതികളെ വലയിലാക്കിയത്. പ്രതികൾക്ക് പിന്നിൽ വൻ ചന്ദനക്കടത്ത് സംഘമുണ്ടെന്ന നിഗമനത്തിലാണ് ഉദ്യോഗസ്ഥർ. മറയൂർ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ചന്ദനമരങ്ങളുള്ള പ്രദേശമാണ് വയനാട് എന്നതിനാലാണ് സംഘങ്ങൾ ജില്ലയിൽ കേന്ദ്രീകരിക്കുന്നത്. മേപ്പാടി റേഞ്ചിന് കീഴിൽ മുമ്പും പലപ്പോഴായി ചന്ദനക്കടത്ത് സംഘങ്ങളെ പിടികൂടിയിട്ടുണ്ട്. ജില്ലക്ക് പുറത്തുള്ള പ്രമുഖ സംഘങ്ങളാണ് ഇവർക്കു പിന്നിൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.