മേപ്പാടി: ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാൻഡിലെ പ്രവൃത്തി പൂർത്തിയാകാത്ത പുതിയ കംഫർട്ട് സ്റ്റേഷൻ കെട്ടിടം രാത്രിയായാൽ മദ്യപരുടെ താവളം. നിലവിലുള്ള ജീർണിച്ച കംഫർട്ട് സ്റ്റേഷൻ കെട്ടിടത്തിന് പകരമായാണ് പുതിയ കെട്ടിടം നിർമിച്ചത്.
മദ്യം, കഞ്ചാവ്, നിരോധിത പുകയില ഉൽപന്നങ്ങൾ എന്നിവ ഉപയോഗിക്കാനുള്ള സുരക്ഷിത ഇടമായി കെട്ടിടം മാറിയിട്ട് ഒരു വർഷത്തിലേറെയായി. ബീയർ കുപ്പികൾ, മദ്യക്കുപ്പികൾ, ഡിസ്പോസിബിൾ ഗ്ലാസുകൾ, നിരോധിത പുകയില ഉൽപന്നങ്ങളുടെ ഒഴിഞ്ഞ പാക്കറ്റുകൾ എന്നിവ കൊണ്ട് കെട്ടിടത്തിന്റെ ഉൾഭാഗം നിറഞ്ഞിരിക്കുകയാണ്. രാത്രി ഈ ഭാഗം ഇരുട്ടിലാകുന്നത് സാമൂഹിക വിരുദ്ധർക്ക് കൂടുതൽ സൗകര്യമാകുന്നു. ശുചിത്വ മിഷൻ ഫണ്ട് ഉപയോഗിച്ച് 20 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടത്തിന്റെ ഇതുവരെയുള്ള പണി പൂർത്തീകരിച്ചത്.
ഫണ്ട് തികയാതെ വന്നതാണ് പ്രവൃത്തി പാതി വഴിയിൽ നിലയ്ക്കാൻ കാരണമായി പറയുന്നത്. ടൈൽ പണികൾ, വയറിങ്, വാതിലുകൾ, പെയിന്റിങ് മുതലായ പണികൾ ഇനിയും ബാക്കിയാണ്. വൈദ്യുതി, വെള്ളം കണക്ഷനുകൾ എന്നിവ പുതുതായി എടുക്കുകയും വേണം. ശുചിത്വമിഷന്റെ 10 ലക്ഷം രൂപ കൂടി വീണ്ടും അനുവദിച്ചിട്ടുണ്ടെന്ന് പഞ്ചായത്തധികൃതർ പറഞ്ഞു. ടെൻഡർ ക്ഷണിച്ചെങ്കിലും പ്രവൃത്തി ഏറ്റെടുക്കാൻ ആരും മുന്നോട്ടു വരുന്നില്ലെന്നാണ് അവർ പറയുന്നത്.
പണി പൂർത്തിയാകാതെ കെട്ടിടം ഒഴിഞ്ഞ് കിടക്കാൻ തുടങ്ങിയിട്ട് ഒരു വർഷത്തിലധികമായി. വാതിലുകൾ ഇല്ലാതെ കെട്ടിടം തുറന്ന നിലയിൽ കിടക്കുന്നതാണ് ലഹരി ഉപയോഗിക്കുന്നവർക്ക് അനുഗ്രഹമാവുന്നത്. ബാക്കിയുള്ള നിർമാണ പ്രവൃത്തികൾ ഉടൻ പൂർത്തീകരിച്ച് കംഫർട്ട് സ്റ്റേഷൻ പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
കംഫർട്ട് സ്റ്റേഷൻ കെട്ടിടത്തിനുള്ളിൽ മദ്യക്കുപ്പികളും
നിരോധിത പാൻമസാല
പാക്കറ്റുകളും
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.