മേപ്പാടി: പോഡാർ പ്ലാന്റേഷൻ റിപ്പൺ എസ്റ്റേറ്റ് തൊഴിലാളി കുടുംബങ്ങൾക്ക് വർഷങ്ങളായി വിതരണം ചെയ്യുന്നത് മലിനജലമെന്ന് പരാതി ഉയരുന്നു. തോട്ടിൽ നിന്നൊഴുകി വരുന്ന മാലിന്യങ്ങൾ കലർന്ന വെള്ളം കിണറ്റിൽ ശേഖരിച്ച് ശുദ്ധീകരണം നടത്തുകയോ അണു വിമുക്തമാക്കുകയോ ചെയ്യാതെ നേരിട്ട് ലയങ്ങളിൽ വിതരണം ചെയ്യുകയാണെന്നും തൊഴിലാളി കുടുംബങ്ങൾ ആരോപിക്കുന്നു.
റിപ്പൺ ഗവ. ഹൈസ്കൂൾ ഗ്രൗണ്ടിനോട് ചേർന്നുള്ള ചതുപ്പിലൂടെ ഒഴുകി വരുന്ന മാലിന്യം നിറഞ്ഞ വെള്ളം താഴെ ഭാഗത്തെ കിണറിലേക്ക് ഒഴുക്കുകയും കിണറിൽനിന്ന് നേരിട്ട് പമ്പ് ചെയ്ത് റിപ്പൺ പുതുക്കാട്ടുള്ള പാടികളിൽ നൽകുകയുമാണ് ചെയ്യുന്നത്. ഈ ചതുപ്പ് പ്രദേശം കന്നുകാലികളും, കാട്ടുപന്നികൾ അടക്കമുള്ള വന്യജീവികളും വിഹരിക്കുന്ന ഇടമാണ്. അവയുടെ വിസർജ്യങ്ങളൊക്കെ കലർന്ന വെള്ളമാണ് കിണറിലേക്കെത്തുന്നത്.
ഇതിനിടെ ഒരു ഘട്ടത്തിലും ശുദ്ധീകരണം നടത്താതെ വെള്ളം നേരിട്ടെത്തിക്കുന്നുവെന്നാണ് തൊഴിലാളികളുടെ പരാതി. ഫാക്ടറിയിലെ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതും ഇതേ മലിന ജലമാണെന്നും തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നു. ബ്രിട്ടീഷുകാരുടെ കാലത്ത് ആരംഭിച്ച പദ്ധതികൾ ഒരു നവീകരണവും വരുത്താതെ ഇന്നും തുടരുകയാണ്.
മലിന ജലം വിതരണം ചെയ്യുന്നതു സംബന്ധിച്ച തൊഴിലാളികളുടെ പരാതികൾക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. എസ്റ്റേറ്റിൽ ഉയർന്ന തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് പ്രത്യേക കിണറുകൾ നിർമിച്ച് ശുദ്ധജലം ലഭ്യമാക്കുമ്പോഴാണ് തൊഴിലാളികൾ മലിനജലം കുടിക്കേണ്ടി വരുന്നത്.
തൊഴിലാളികളുടെ പരാതികൾ വർഷങ്ങളായി മാനേജ്മെന്റ് അവഗണിക്കുകയാണ്. ഇതു സംബന്ധിച്ച് പരാതി നൽകിയതിനെത്തുടർന്ന് ആരോഗ്യ വകുപ്പധികാരികൾ സ്ഥലത്തു വന്നിരുന്നു. എന്നാൽ, എസ്റ്റേറ്റ് മാനേജ്മെന്റിൽ നിന്ന് പാരിതോഷികം സ്വീകരിച്ച് ഇവർ മടങ്ങുകയാണുണ്ടായതെന്നും തൊഴിലാളികൾ ആരോപിക്കുന്നു. എസ്റ്റേറ്റിലെ മുഖ്യധാര ട്രേഡ് യൂനിയൻ നേതൃത്വങ്ങളും ഇതിന് കൂട്ടുനിൽക്കുന്നുവെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.