മേപ്പാടി: വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുന്നതിൽ വിവേചനമെന്ന് ആക്ഷേപം. മേപ്പാടി എളമ്പിലേരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച ഏലത്തോട്ടം തൊഴിലാളി മാണിത്തൊടിക കുഞ്ഞവറാൻ മുസ്ലിയാരുടെ കുടുംബത്തിന് പ്രഖ്യാപിച്ച 10 ലക്ഷം രൂപ ധനസഹായത്തുകയിൽ അഞ്ചുലക്ഷം മാത്രമാണ് ഇതിനകം അധികൃതർ നൽകിയത്.
കുഞ്ഞവറാൻ മുസ്ലിയാർ മരണപ്പെട്ടിട്ട് നാലു മാസമായിട്ടും ബാക്കി അഞ്ചുലക്ഷം നൽകിയിട്ടില്ല. 2023 നവംബർ നാലിന് പുലർച്ചയാണ് ഏലത്തോട്ടത്തിൽ ജോലിക്ക് പോകുന്ന വഴി കുഞ്ഞവറാൻ മുസ്ലിയാർ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഏതാനും ദിവസങ്ങൾക്കുശേഷം അടിയന്തര ധനസഹായമെന്ന നിലയിൽ കുടുംബത്തിന് അഞ്ചു ലക്ഷം രൂപയുടെ ചെക്ക് അധികൃതർ കൈമാറി. ആവശ്യമായ രേഖകൾ സമർപ്പിച്ചശേഷം അഞ്ചു ലക്ഷംകൂടി നൽകാമെന്നുമായിരുന്നു വാഗ്ദാനം.
എന്നാൽ, മാസങ്ങൾ കഴിഞ്ഞിട്ടും ബാക്കി തുക നൽകാൻ നടപടിയുണ്ടായിട്ടില്ലെന്നാണ് ആക്ഷേപം. മാനന്തവാടി താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ നടന്ന സമാന സംഭവങ്ങളിൽ കുടുംബങ്ങൾക്ക് പ്രഖ്യാപിച്ച നഷ്ടപരിഹാരം നൽകിയിട്ടും കുഞ്ഞവറാൻ മുസ്ലിയാരുടെ കുടുംബത്തോട് വിവേചനം കാണിക്കുന്നുവെന്നാണ് ആക്ഷേപമുയരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.