മേപ്പാടി: ഉരുൾ ദുരന്തത്തിൽ നാടും മനുഷ്യരും നടുങ്ങി നിൽക്കുമ്പോൾ കരളുറപ്പ് കൈവിടാതെ ഡോക്ടർമാരുടെ സംഘവും സജീവമായിരുന്നു. ദുരന്തവാർത്തയറിഞ്ഞ് സർക്കാർ ഡോക്ടർമാർക്ക് പുറമെ നൂറു കണക്കിന് സ്വകാര്യ ഡോക്ടർമാരും ചുരം കയറി. വിവിധ സന്നദ്ധ സംഘടനകളുടെ കീഴിലുള്ള ഡോക്ടർമാരുടെ 20 ഓളം ടീമുകൾ നിതാന്ത ജാഗ്രതിയിൽ ആശുപത്രികളിലും ക്യാമ്പുകളിലും സജീവമായിരുന്നു.
പുലർച്ച ഉരുൾപൊട്ടലിന്റെ അപായ സൂചനകൾ ലഭിച്ച നിമിഷം തന്നെ വൈത്തിരി താലൂക്ക് ആശുപത്രിയിൽ 50 കിടക്കകളുള്ള സ്പെഷൽ ബ്ലോക്ക് തയാറാക്കിയിരുന്നു. മേപ്പാടിയിലെ വിംസ് മെഡിക്കൽ കോളജിലും മേപ്പാടി സി.എച്ച്.സിയിലുമെല്ലാം അടിയന്തര സജ്ജീകരണങ്ങൾ ഏർപ്പെടുത്തി.
ആരോഗ്യ പ്രവർത്തകരും സ്വയം സന്നദ്ധരായ ആംബുലൻസ് ഡ്രൈവർമാരും സന്നദ്ധ പ്രവർത്തകരും ഇവർക്കൊപ്പം ചേർന്നു. ഉരുൾ ദുരന്തത്തിൽപെട്ട് പാതി ജീവനോടെയെത്തിയവരെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള പ്രയത്നത്തിനായിരുന്നു പ്രാഥമിക പരിഗണന. കണ്ടെടുത്ത മൃതദേഹങ്ങളും ശരീരഭാഗങ്ങളും ശാസ്ത്രീയമായി സൂക്ഷിക്കാനുള്ള നടപടികളും അതോടൊപ്പം ആരംഭിച്ചു. മൃതദേഹങ്ങൾ ഒന്നിച്ച് സൂക്ഷിക്കാൻ മുന്നൂറ് സ്ക്വയർ ഫീറ്റ് വലിപ്പമുള്ള മുറി സജ്ജീകരിച്ചു, അതിലേക്ക് ആവശ്യമായ ശീതീകരണ സംവിധാനം യുദ്ധകാലാടിസ്ഥാനത്തിൽ തയാറാക്കി. മൃതദേഹങ്ങൾ വരുന്നതിനനുസരിച്ച് രാവും പകലുമെല്ലാം പോസ്റ്റ്മോർട്ടം നടന്നു. മേപ്പാടി ആശുപത്രി വളപ്പിലെ ഐസൊലേഷൻ വാർഡ് കെട്ടിടമാണ് പോസ്റ്റുമോർട്ടം ഹാളായി മാറിയത്. ഇവിടെ രണ്ട് ഷിഫ്റ്റുകളിലായി ഡോക്ടർമാർ നടപടികൾക്ക് നേതൃത്വം വഹിച്ചു. സഹായത്തിനായി സ്വകാര്യ ഡോക്ടർമാരും നിരവധി. ശരീരഭാഗങ്ങൾ വേർപെട്ട നിലയിലുള്ള നിരവധി മൃതദേഹങ്ങളാണ് ഓരോ ദിവസവും എത്തിയതെന്നും പല കാഴ്ചകളും വേദനാജനകമായിരുന്നുവെന്നും പോസ്റ്റ്മോർട്ടം നടപടികളുടെ നോഡൽ ഓഫിസർ ഡോ. ദാഹിർ മുഹമ്മദ് പറയുന്നു.
ഇതുവരേയായി 178 മൃതദേഹങ്ങളാണ് സംസ്കരിച്ചത്. ഇതിൽ 30 എണ്ണം ശരീര ഭാഗങ്ങളായിരുന്നു. പത്തോളം മെഡിക്കൽ കോളജിൽ നിന്നുള്ള ഡോക്ടർമാരുടെ സാന്നിധ്യം ആദ്യഘട്ടങ്ങളിലെല്ലാം ഉണ്ടായി. സന്നദ്ധ സംഘടനകളുടെ നിരവധി ടീമുകളും ദുരന്ത മേഖലയിൽ സജീവമായിരുന്നു.
പീപ്പിൾസ് ഫൗണ്ടേഷനുമായി ചേർന്ന് എത്തിക്കൽ മെഡിക്കൽ ഫോറം ദുരന്ത ദിവസം തന്നെ മേപ്പാടിയിൽ പ്രവർത്തനം ആരംഭിച്ചിരുന്നു. സർക്കാർ സംവിധാനങ്ങളുമായി സഹകരിച്ച് സ്പെഷാലിറ്റി, സൂപ്പർ സ്പെഷാലിറ്റി സേവനങ്ങളും അതിനാവശ്യമായ സ്പെഷാലിറ്റി ഡോക്ടർമാരെ നൽകാനും എത്തിക്കൽ മെഡിക്കൽ ഫോറത്തിന് കഴിയുന്നുണ്ട്. ഇവരുമായി സഹകരിച്ച് പ്രവർത്തിക്കുന്ന മെഡിക്കൽ ഫ്രറ്റേൺസ് ടീം അടിസ്ഥാന ആവശ്യങ്ങളിലേക്കാണ് ഡോക്ടർമാരുടെ സേവനം ഉപയോഗപ്പെടുത്തുന്നത്. ആവശ്യമായ കൗൺസലിങ്ങും ഇവർ നൽകിവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.