മേപ്പാടി: ജീവിതത്തിലെ വെളിച്ചം കെട്ടുപോവല്ലേ എന്ന പ്രാർഥനയിലാണ് കമലേട്ത്തി. വിധവയും വാർധക്യസഹജമായ രോഗങ്ങളും അലട്ടുന്ന ഈ 61കാരിയുടെ തണലിലാണ് ഓട്ടിസം ബാധിച്ച ജിഷ്ണുദാസ് എന്ന 14 വയസ്സുകാരൻ കഴിയുന്നത്. ദുരിതപൂർണമായ ജീവിതത്തിൽ പരസ്പരം കൈത്താങ്ങാവുന്ന ഇവർക്കുമുന്നിൽ അടിസ്ഥാന സൗകര്യങ്ങളോടുകൂടിയ ജീവിതം ഇപ്പോൾ ചോദ്യചിഹ്നമാണ്.
മേപ്പാടി പഞ്ചായത്തിലെ വാര്‍ഡ് 17 ആനപ്പാറയിലാണ് അസുഖബാധിതരായ വി.പി. കമലയും ജിഷ്ണുവും താമസിക്കുന്നത്. കമലയുടെ അച്ഛന്‍റെ പെങ്ങളുടെ മകളുടെ മകനാണ് ജിഷ്ണു. ഓട്ടിസം ബാധിച്ചതിനാല്‍ ജിഷ്ണുവിന് സംസാരശേഷിയില്ല, മാനസിക വളര്‍ച്ചയില്ല, കൈകാലുകള്‍ക്ക് വേണ്ടത്ര ശേഷിയില്ല, കാര്യങ്ങള്‍ മനസ്സിലാക്കാനാവുന്നില്ല. ഭക്ഷണം മുതല്‍ നിത്യകർമങ്ങള്‍ക്ക് വരെ കമലേട്ത്തിയുടെ സഹായം വേണം.
ജന്മനാ തളർച്ച ബാധിച്ച ജിഷ്ണുവിന് ഒന്നര വയസ്സായപ്പോള്‍ പിതാവ് കുടുംബത്തെ ഇട്ടേച്ചു പോയി. മൂന്നു വയസ്സായപ്പോള്‍ അമ്മ പുഷ്പ മരിച്ചു. അമ്മയും അച്ഛനും നഷ്ടപ്പെട്ടതോടെ തീർത്തും അനാഥനായ ജിഷ്ണുവിനെ, ഭര്‍ത്താവ് നഞ്ചനന്‍ മരിച്ചതോടെ മക്കളില്ലാതെ ഒറ്റപ്പെട്ട കമല ഏറ്റെടുത്ത് വളര്‍ത്തി. ഇന്ന് ജിഷ്ണുവിന്‍റെ അമ്മയും ടീച്ചറുമാണ് ഇവർ.
14 വര്‍ഷമായി രണ്ടുപേരും ആനപ്പാറയിലെ അടച്ചുറപ്പില്ലാത്ത, പണിതീരാത്ത വൈദ്യുതിയില്ലാത്ത ഒറ്റമുറി വീട്ടില്‍താമസിക്കുന്നു. പശുവിനെ വളര്‍ത്തിയാണ് ഉപജീവനം നടത്തിയിരുന്നത്. പശു ചത്തതോടെ ജീവിതം പ്രയാസത്തിലാണ്. രണ്ടുപേർക്കുമായി ഒരു കട്ടിൽ മാത്രമാണ് ഇപ്പോള്‍ വീട്ടിലുള്ളത്.
ഓട്ടിസം രോഗിയായ കുട്ടിയെ മാറ്റിക്കിടത്താന്‍ സംവിധാനവും സൗകര്യവും വീട്ടിലില്ല. തനിക്ക് വയ്യാതാകുമ്പോൾ കുട്ടിയുടെ കാര്യം എന്താകുമെന്ന ചിന്തയാണ് കമലേട്ത്തിയെ അലട്ടുന്നത്. ജിഷ്ണുവിന് കിടക്കാൻ മുറി വേണം. വീട്ടിൽ വൈദ്യുതിയടക്കം അടിസ്ഥാന സൗകര്യങ്ങൾ വേണം.
പ്രാഥമികാവശ്യങ്ങളെങ്കിലും സ്വയം ചെയ്യാൻ കഴിയുന്ന വിധത്തിൽ ജിഷ്ണുവിന് പരിശീലനം നൽകണം. ഇതൊക്കെയാണ് കമലേട്ത്തിയുടെ ചെറിയ സ്വപ്നങ്ങൾ. നന്മ വറ്റാത്തവരുടെ തണലാണ് ഇവർ പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.