മേപ്പാടി: 2019 ആഗസ്റ്റ് എട്ടിന് വൈകീട്ടായിരുന്നു നാടിനെ നടുക്കിയ പുത്തുമല ഉരുൾപൊട്ടൽ ദുരന്തം.17 പേരുടെ ജീവൻ അപഹരിച്ച പ്രകൃതി താണ്ഡവത്തിൽ 70 ഓളം വീടുകൾ തകർന്നു. അനേകം ഹെക്ടർ ഭൂമിയും തകർന്നു. മരിച്ച 17 പേരിൽ അഞ്ചുപേരെ ഇനിയും കണ്ടെത്തിയിട്ടില്ല.
പച്ചക്കാട്നിന്ന് തുടങ്ങിയ ഉരുൾപൊട്ടലിൽ കിലോ മീറ്ററുകൾ ദൂരം വരെ നാശനഷ്ടങ്ങളുണ്ടായി. ദുരന്തത്തിന് ശേഷം ആ പ്രദേശങ്ങളിൽ ജനവാസം സുരക്ഷിതമല്ലെന്ന ദുരന്ത നിവാരണ അതോറിറ്റിയുടെ ഉത്തരവ് വന്നു.
അതോടെ വീടുകൾ പൂർണമായി നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിനുള്ള ബാധ്യത സർക്കാറും സമൂഹവും ഏറ്റെടുത്തു എന്നു തന്നെ പറയാം. ദുരന്തമുണ്ടായതു മുതൽ സർക്കാർ സംവിധാനങ്ങൾ, വിവിധ സന്നദ്ധ സംഘടനകൾ എല്ലാം ഏതാണ്ട് പൂർണ മനസ്സോടെ രംഗത്തിറങ്ങി.
വീടും കിടപ്പാടവും പൂർണമായി നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിനായിരുന്നു പ്രാധാന്യം. ‘ഹർഷം’ പദ്ധതി പ്രകാരം പൂത്തകൊല്ലിയിൽ 52 വീടുകളാണ് നിർമിച്ച് ദുരന്തബാധിതർക്ക് കൈമാറിയത്. മാതൃഭൂമി ട്രസ്റ്റ് വാങ്ങി നൽകിയ ഭൂമിയിലാണ് വീടുകൾ നിർമിച്ചത്. സർക്കാർ നൽകിയ നാലു ലക്ഷം രൂപക്ക് പുറമെ ബാക്കി തുക സ്വന്തം നിലക്ക് സംഘടിപ്പിച്ചു കൊണ്ട് വിവിധ സന്നദ്ധ സംഘടനകളാണ് വീടുകളുടെ നിർമാണം ഏറ്റെടുത്ത് പൂർത്തീകരിച്ചത്. കുടിവെള്ള പദ്ധതി, റോഡ് എല്ലാം ഇതിനകം അവിടെ ലഭ്യമാക്കി. വീടും ഭൂമിയും അടക്കം നഷ്ടപ്പെട്ടവർക്ക് സർക്കാർ 10 ലക്ഷം രൂപ നൽകി. അതുപയോഗിച്ച് കുറച്ചു പേർ സ്വന്തം നിലക്കും സ്ഥലവും വീടും സംഘടിപ്പിച്ചു.
കാപ്പം കൊല്ലി, പുത്തൂർവയൽ, ചൂരൽമല, കുന്നമംഗലം വയൽ എന്നിവിടങ്ങളിലൊക്കെ സന്നദ്ധ സംഘടനകളുടെ സഹായത്തോടെയും വീടുകളുടെ നിർമാണം നടന്നിട്ടുണ്ട്. നഷ്ടമായതെല്ലാം തിരിച്ചു കിട്ടിയില്ലെങ്കിലും എല്ലാം നഷ്ടപ്പെട്ടെന്നു കരുതി തരിച്ചു നിന്ന ദുരന്തത്തിന്റെ ഇരകളായ മനുഷ്യരെ അതിജീവനത്തിന്റെ പാതയിലൂടെ കൈപിടിച്ചു നടത്താനുള്ള ശ്രമങ്ങൾ ഏതാണ്ട് വിജയിച്ചു എന്നാണ് കരുതേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.