മേപ്പാടി: ഗവ.പോളി ടെക്നിക് കോളജ് യൂനിയൻ തെരഞ്ഞെടുപ്പ് ഡിസംബർ 15ന് നടക്കും. നോമിനേഷൻ പ്രക്രിയ നടന്നു കൊണ്ടിരിക്കുകയാണ്. കെ.എസ്.യു നേതൃത്വം നൽകുന്ന യു.ഡി.എസ്.എഫ് മുന്നണി ഭരിക്കുന്ന വയനാട്ടിലെ ഏക കോളജ് യൂനിയനാണ് മേപ്പാടി പോളിയിലേത്.
കഴിഞ്ഞ 24 വർഷത്തെ എസ്.എഫ്.ഐ ആധിപത്യം തകർത്തു കൊണ്ട് ആദ്യമായിട്ടാണ് കഴിഞ്ഞ വർഷം യു.ഡി.എസ്.എഫ് മുന്നണി യൂനിയൻ പിടിച്ചെടുത്തത്. കഴിഞ്ഞ തെരഞ്ഞെടുപ്പ് സംഘർഷങ്ങൾ നിറഞ്ഞതായിരുന്നു. ത്രികോണ മത്സരമാണ് നടന്നത്. എസ്.എഫ്.ഐ മുന്നണിക്കെതിരെ യു.ഡി.എസ്.എഫ് മുന്നണിയും ഒപ്പം എ.ബി.വി.പി മുന്നണി സ്ഥാനാർഥികളും മത്സരിച്ചു. വിജയം യു.ഡി.എസ്.എഫ് മുന്നണിക്കായിരുന്നു. രണ്ട് പതിറ്റാണ്ടിലേറെക്കാലം നീണ്ടു നിന്ന എസ്.എഫ്.ഐ ആധിപത്യം തകർത്തു കൊണ്ടാണ് യു.ഡി.എസ്.എഫ് യൂനിയൻ ഭരണം പിടിച്ചെടുത്തത്.
അന്ന് വലിയ സംഘർഷങ്ങൾക്കും പൊലീസ് ഇടപെടലിനും കോളജ് കാമ്പസ് സാക്ഷ്യം വഹിച്ചു. അതോടൊപ്പം കാമ്പസിനുള്ളിലെ ലഹരി സ്വാധീനവും അന്ന് ഏറെ ചർച്ച വിഷയമായി. പൊലീസ്, എക്സൈസ് റെയ്ഡിനും ഇത് കാരണമായി. തൽഫലമായി വിദ്യാർഥികൾക്കിടയിലെ ലഹരിയുപയോഗം സ്ഥിരീകരിക്കപ്പെട്ടു.തിരഞ്ഞെടുപ്പിൽ നഷ്ടപ്പെട്ട ആധിപത്യം വീണ്ടെടുക്കാനുള്ള മത്സരം എസ്.എഫ്.ഐ മുന്നണി നടത്തുമ്പോൾ വിജയം ആവർത്തിക്കുകയെന്നതാവും യു.ഡി.എസ്.എഫ് മുന്നണിയുടെ ലക്ഷ്യം.എ.ബി.വി.പിമുന്നണിയുടെ സാന്നിധ്യം മറ്റ് രണ്ട് മുന്നണികളുടെ വിജയത്തെ സ്വാധീനിക്കുന്ന ഘടകമാണ്.
ഏറെ വീറും വാശിയും പ്രകടമാകാറുള്ള മേപ്പാടി പോളി തിരഞ്ഞെടുപ്പ് മുൻ വർഷങ്ങളിൽ സംഘർഷഭരിതമായിരുന്നു. അക്കാരണത്താൽ കനത്ത പോലീസ് സുരക്ഷയിലായിരിക്കും ഇത്തവണത്തെ തിരഞ്ഞെടുപ്പ് നടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.