മേപ്പാടി: മാവോവാദി ബന്ധമാരോപിച്ച് യു.എ.പി.എ ചുമത്തി ആറു വർഷമായി വിചാരണ തടവുകാരനായി ജയിലിൽ കഴിയുന്ന 67കാരൻ മുക്കിൽപ്പീടിക സ്വദേശി ഇബ്രാഹിമിന് സറ്റാൻ സ്വാമിയുടെ അവസ്ഥയുണ്ടാകാൻ ഇടയാക്കാതെ സർക്കാർ മനുഷ്യത്വപരമായ ഇടപെടൽ നടത്തണമെന്ന് അഡ്വ. ടി. സിദ്ദീഖ് എം.എൽ.എ ആവശ്യപ്പെട്ടു.
ഇടക്കാല ജാമ്യം പോലും അനുവദിക്കാതെ വിയ്യൂർ ജയിലിൽ കഴിയുന്ന അദ്ദേഹത്തിെൻറ ആരോഗ്യനില വളരെ മോശമാണ്. രണ്ടു തവണ ഹൃദയാഘാതമുണ്ടായി. കടുത്ത പ്രമേഹരോഗിയുമാണ്. കുടുംബം കടുത്ത ആശങ്കയിലും ഭീതിയിലുമാണ്. മനുഷ്യാവകാശ പ്രശ്നമെന്ന നിലയിൽ സർക്കാർ അടിയന്തരമായി വിഷയത്തിൽ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുക്കിൽപ്പീടികയിലുള്ള ഇബ്രാഹിമിെൻറ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എം.എൽ.എ. ഇബ്രാഹിമിനു നിയമ സഹായമെത്തിക്കാൻ വേണ്ടത് ചെയ്യാമെന്നും കുടുംബാംഗങ്ങൾക്ക് ഉറപ്പ് നൽകി.
യു.ഡി.എഫ് നേതാക്കാളായ പി.പി. ആലി, അഡ്വ. ടി.ജെ. ഐസക്, റസാഖ് കല്പറ്റ, ബി. സുരേഷ്ബാബു, രാജു ഹെജമാഡി, ഗോകുല്‍ദാസ് കോട്ടയില്‍, കെ.ജി. വര്‍ഗീസ്, ആര്. ഉണ്ണികൃഷ്ണന്, നാസര്‍ തുടങ്ങിയവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
മേപ്പാടി: വടകരയിലെ പച്ചക്കറിക്കടയിൽ ജോലി ചെയ്യുന്നതിനിടെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച ഇബ്രാഹിമിന് മാവോവാദി ബന്ധമുണ്ടെന്ന ആരോപണം കെട്ടുകഥയാണെന്ന് കുടുംബാംഗങ്ങൾ. എന്തെങ്കിലും തരത്തിൽ മാവോവാദി പ്രസ്ഥാനവുമായി ബന്ധമുള്ളതായി തങ്ങൾക്കറിയില്ലെന്ന് ഭാര്യ ജമീലയും മകൻ നൗഫലും പറയുന്നു.
തങ്ങളെയും കേസിൽ കുടുക്കുമെന്ന ഭീഷണിയുള്ളതിനാലാണ് ജാമ്യം ഉൾപ്പെടെയുള്ള നിയമസഹായം തേടാത്തത്. കടുത്ത പ്രമേഹരോഗിയും ഹൃദ്രോഗിയുമാണ് അദ്ദേഹം.
പ്രമേഹത്തെ തുടർന്ന് പല്ലുകൾ മുഴുവൻ കൊഴിഞ്ഞ് മോണയിൽ പഴുപ്പ് ബാധിച്ച അവസ്ഥയിലാണ്. ഇതുകാരണം ഭക്ഷണം കഴിക്കാൻ പോലും പ്രയാസപ്പെടുകയാണ്. അദ്ദേഹത്തിെൻറ കാര്യത്തിൽ കടുത്ത ആശങ്കയുണ്ടെന്നും കുടുംബാംഗങ്ങൾ പറയുന്നു.
വെള്ളമുണ്ടയിലെ പൊലീസ് ഉദ്യോഗസ്ഥെൻറ വീട്ടിൽ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തുകയും ബൈക്ക് കത്തിക്കുകയും ചെയ്ത സംഭവത്തിൽ പ്രതികൾക്കൊപ്പം ഗൂഢാലോചന നടത്തിയെന്നാണ് കേസ്. 2015 ജൂലൈ 13ന് പയ്യോളിയിൽനിന്നാണ് മാവോവാദി മുദ്ര ചാർത്തി ഇബ്രാഹിമിനെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.